തിരുവനന്തപുരം: കല്ലമ്പലത്തുകൊല്ലപ്പെട്ട പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ അജികുമാറും സുഹൃത്തുക്കളുമായി ഓരുമാസം മുൻപ് സംഘർഷം നടന്നതായി സൂചന. അജികുമാറിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം ഇതാണോയെന്നും പൊലീസ് പരിശോധിച്ചുവരുകയാണ്. കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടോയെന്നുള്ള കാര്യവും അന്വേഷിക്കുന്നുണ്ട്. ഒഴിവ് സമയങ്ങളിൽ മദ്യപാനത്തിനായി ഒത്തുകൂടാറുള്ള ഇവർക്കിടയിലെ മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.

3 മരണങ്ങളാണ് അടുത്തടുത്ത ദിവസങ്ങളിലായി കല്ലമ്പലത്ത് നടന്നത്. സംഭവങ്ങളുമായി ബന്ധപ്പട്ട് ഇരുപതോളം പേരെ ഇതിനോടകം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജികുമാറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബിനുരാജ് ആണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സൂചന നൽകി. ബിനുരാജ് കഴിഞ്ഞദിവസം ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കേസിൽ ദുരൂഹത വർധിച്ചത്. അജികുമാറിന്റെ കൊലപാതകത്തിൽ അന്വേഷണം തന്റെ നേരെ നീളുന്നു എന്നു മനസ്സിലാക്കിയതാണ് ബിനുരാജിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.മദ്യപാനത്തിനിടെ വാക്കുതർക്കം ഉണ്ടാകുകയും ബിനുരാജ് അജികുമാറിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ കഴിഞ്ഞ ദിവസം മദ്യപാനസംഘത്തിലുണ്ടായിരുന്ന സജീവ് അജിത്ത് എന്നയാളെ വാഹനമിടിച്ച് കൊലപ്പെടുത്തി.തുടർന്ന് സജീവ് കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയാണുണ്ടായത്.സജീവാണ് അജികുമാറിന്റെ കൊലപാതകത്തിനു പിന്നിൽ ബിനുരാജാണെന്നുള്ള വെളിപ്പെടുത്തൽ പൊലീസിന് നൽകിയതെന്നാണ് സൂചന.

അജികുമാറിനെ കുത്താനുപയോഗിച്ച കത്തി ബിനുരാജ് നടത്തിയിരുന്ന ജിമ്മിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.അജി്കുമാർ കൊലക്കേസിൽ രക്തക്കറ ഉൾപ്പടെയുള്ള തെളിവുകൾ ബിനുരാജിന്റെ വാഹനത്തിൽ നിന്ന് കണ്ടത്തിയിരുന്നു. വീടിന് പിന്നിലെ പൈപ്പിൽ കത്തി കഴുകിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ബിനുരാജിന്റെ വസ്ത്രങ്ങളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. നേരത്തെതന്നെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.