പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൽപാത്തി രഥോത്സവം നടത്താൻ ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. അടുത്തമാസം പതിനാല് മുതൽ പതിനാറ് വരെയാണ് കല്പാത്തി രഥോത്സവം.

രഥോത്സവം നടത്താനുള്ള മാസ്റ്റർ പ്ലാൻ സമർപ്പിക്കാൻ പാലക്കാട് ജില്ലാ ഭരണകൂടം കൽപാത്തി രഥോത്സവ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. കൽപാത്തി രഥോത്സവം നടത്താൻ അനുമതി തേടി മലബാർ ദേവസ്വം ബോർഡും രഥോത്സവ കമ്മറ്റി ഭാരവാഹികളും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ദേവസ്വം ബോർഡിനെ സമീപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തോട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രഥോത്സവം നടത്താനുള്ള തീരുമാനമെടുക്കാൻ വകുപ്പ് നിർദ്ദേശിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് കുറച്ച് രഥോത്സവം നടത്താൻ ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ജില്ലാ ഭരണകൂടം രഥോത്സവ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ കൊല്ലം ആചാരം മാത്രമായാണ് രഥോത്സവം നടത്തിയത്. ഇത്തവണ എട്ടാം തീയതി കൊടിയേറി 14,15,16 തീയ്യതികളിലാണ് രഥോത്സവം നടക്കേണ്ടത്. രഥോത്സവ കമ്മിറ്റിയുടെ ആക്ഷൻ പ്ലാൻ പരിശോധിച്ച് ജില്ലാ ഭരണകൂടം അന്തിമാനുമതി നൽകും.