വാഷിങ്ടൺ: അമേരിക്കയുടെ വൈസ് പ്രസിഡന്റാകാനുള്ള യോ​ഗ്യത ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരീസിന് ഇല്ലെന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വീണ്ടും തീരുമാനിച്ച ശേഷം റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. വെള്ളിയാഴ്ച ന്യൂഹാംഷയറിൽ നടന്ന റിപ്പബ്ലിക്കൻ പ്രചാരണ റാലിയിലാണ് ട്രംപ്, കമല ഹാരീസിനെതിരെ വിമർശനം അഴിച്ച് വിട്ടത്. തന്റെ മകളും ഉപദേശകയുമായ ഇവാങ്ക ട്രംപ് മികച്ച വൈസ്പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഇടതുപക്ഷ അനുകൂലിയാണ് തന്റെ എതിർ സ്ഥാനാർത്ഥി ജോ ബിഡെൻ പ്രവർത്തിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് വിമർശിച്ചു.

യു.എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാൻ താനും ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ് കമല ഹാരിസ് ആ പദവിക്ക് യോഗ്യയല്ലെന്നും മകളും സീനിയർ വൈറ്റ്ഹൗസ് ഉപദേശകയുമായ ഇവാങ്ക ട്രംപായിരിക്കും ആ പദവിക്ക് അനുയോജ്യയെന്നും കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രസ്താവനയെ കൈയടികളോടെയാണ് ട്രംപിനെ അനുകൂലിക്കുന്നവർ സ്വാഗതം ചെയ്തത്. ചിലർ ഇവാങ്ക ട്രംപിന്റെ പേര് ഉച്ചത്തിൽ വിളിച്ചു പറയുകയും ചെയ്തു. 'ഞങ്ങൾക്ക് ഇവാങ്ക ട്രംപിനെ വേണമെന്ന് അവരെല്ലാവരും പറയുന്നു. ഞാൻ അവരെ കുററപ്പെടുത്തില്ല.' അണികളോടുള്ള ട്രംപിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.

'കമല ഹാരിസ് തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായി ആരംഭിച്ചു. ജനപ്രിയരിൽ ഒരാളായിരുന്നു അവൾ. എന്നാൽ കുറച്ചു മാസങ്ങൾക്കുള്ളിൽ അവളുടെ ജനപ്രീതി താഴേക്ക് പോയി. പിന്നീട് അവൾ പിന്മാറി. ഞാൻ പോകണം എന്നു തീരുമാനിച്ചതിനാലാണ് പിന്മാറുന്നതെന്ന് പറഞ്ഞു. വോട്ടുകളൊന്നും ലഭിക്കില്ലെന്നുള്ളതുകൊണ്ടാണ് അവൾ പിന്മാറിയത്.' പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ കമല ഹാരിസ് തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പിന്മാറുകയും ജോ ബൈഡന് പിന്തുണ പ്രഖ്യാപിക്കുകയുമായിരുന്നു. 2024-ൽ ഡെമോക്രാറ്റികിന്റെ സ്വാഭാവിക പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമല ഉയർന്നുവരാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കും. മുൻ വൈസ് പ്രസിഡന്റ് ജോ ബിഡനാണ് ഇക്കുറി ട്രംപിന്റെ എതിരാളി.

കലിഫോർണിയയിലെ ഓക്ക്‌ലന്റിൽ 1964 ഒക്ടോബർ 20 ന് ആയിരുന്നു കമല ഹാരിസ് ജനിച്ചത്. ജമൈക്കക്കാരനായ ഡോണാൾഡ് ഹാരിസിന്റെയും ചെന്നൈ സ്വദേശിയായിരുന്ന ഇന്ത്യൻ – അമേരിക്കൻ ശ്യാമള ഗോപാലന്റെയും പുത്രിയാണ് കമല ഹാരിസ്. അറ്റോർണിയായ ഡഗ്ളസ് എമ്മോഫ് ആണ് ഭർത്താവ്.

1990–2004 വരെ കലിഫോർണിയയിലെ അലമീഡാ കൗണ്ടി ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണി, 2003 മുതൽ ഡിസ്ട്രിക്റ്റ് അറ്റോർണി, 2010 മുതൽ കലിഫോർണിയ സ്റ്റേറ്റ്, 2016 ൽ കലിഫോർണിയായിൽ നിന്നും യുഎസ് സെനറ്റർ ആയും ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കൻ രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ വാഷിംങ്ടണിൽ ഏറെ പരിചയമില്ലെങ്കിലും 4 വർഷം കൊണ്ട് ആർക്കും ഉണ്ടാക്കാൻ കഴിയാത്ത രീതിയിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ ഹാരിസിന് വാഷിങ്ടണിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്. കറുത്ത വർഗ്ഗക്കാരുടെയും ഏഷ്യാക്കാരുടെയും സ്ത്രീകളുടെയുമൊക്കെ വോട്ടുകൾ സ്വാധീനിക്കാൻ കമല ഹാരിസിനു കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.