ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് പരാജയം. കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച കമൽ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500 വോട്ടുകൾക്ക് പരാജയപ്പെട്ടത്.

മക്കൾ നീതി മയ്യത്തിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിച്ച് ഡിഎംകെ മികച്ച വിജയം നേടി . 234ൽ 158 സീറ്റുകളിൽ ഡിഎംകെ സഖ്യം വിജയിച്ചു.

പത്ത് വർഷങ്ങൾക്ക് ശേഷമാണ് തമിഴകത്ത് ഡിഎംകെ. അധികാരത്തിൽ തിരിച്ചെത്തുന്നത്. 1996ന് ശേഷം കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി. അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമായ കൊങ്കുനാട്ടിലും വടക്കൻ തമിഴ്‌നാട്ടിലും ഡിഎംകെ നേടിയത് വൻ മുന്നേറ്റമാണ്. പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുന്ന വിജയമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ആദ്യഫലസൂചനകൾ പുറത്തുവന്നത് മുതൽ ഡിഎംകെ നിലനിർത്തിയത് വ്യക്തമായ മുൻതൂക്കമാണ്.

അണ്ണാഡിഎംകെ ബിജെപി സഖ്യം 75 സീറ്റുകളിൽ ഒതുങ്ങി. ഖുശ്‌ബു അടക്കം ബിജെപിയുടെ താരസ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. പളനിസ്വാമി, ഒ പനീർസെൽവം അടക്കമുള്ള അണ്ണാഡിഎംകെ നേതാക്കളുടെ വോട്ടിങ് ശതമാനത്തിൽ വൻ ഇടിവുണ്ടായി.

കോവിൽപ്പാട്ടിയിൽ മത്സരിച്ച ദിനകരൻ പരാജയപ്പെട്ടു. എന്നാൽ ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം വോട്ടുപിളർപ്പിന് വഴിവച്ചത് അണ്ണാഡിഎംകെയ്ക്ക് തിരിച്ചടിയായി. ഖുശ്‌ബു അടക്കമുള്ള താരങ്ങൾ പരാജയപ്പെട്ടെങ്കിലും അഞ്ച് സീറ്റുമായി അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത് ബിജെപി ആശ്വാസമായി.