കാസർകോട് : കന്നഡ അറിയാത്ത മലയാളം അദ്ധ്യാപകരെ കേരള കർണാടക അതിർത്തി പ്രദേശത്തെ കന്നഡ മീഡിയം സ്‌കൂളുകളിലേക്ക് നിയമിച്ചത് വീണ്ടും വിവാദമാകുന്നു. മൂന്ന് വർഷം മുമ്പ് സർക്കാർ സമാന രീതിയിൽ അദ്ധ്യാപകരെ നിയമിച്ചത് വിവാദമായിരുന്നു . ഇതേ തുടർന്ന് ശക്തമായ പ്രധിഷേധമാണ് ഉണ്ടായത് . മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇതേ നയം സർക്കാർ സ്വീകരിച്ചിരിച്ചത്തോടെ എന്ത് ചെയ്യണം എന്നറിയാത്ത ആശയ കുഴപ്പത്തിലായിരിക്കുകയാണ് വിദ്യർത്ഥികൾ .

മൂന്ന് വർഷം മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി തിരഞ്ഞെടുത്ത 23 അദ്ധ്യാപകരിൽ എട്ട് മലയാളം അദ്ധ്യാപകരെ കന്നഡ മീഡിയം സ്‌കൂളുകളിൽ നിയമിച്ചിരുന്നു. കന്നഡ മീഡിയത്തിൽ പഠിപ്പിക്കുമെന്ന് പ്രതീക്ഷിച്ച അദ്ധ്യാപകർക്ക് മലയാളം അല്ലാതെ മാറ്റൊന്നും അറിയില്ലായിരുന്നു. വിദ്യാർത്ഥികൾക്ക് മലയാളം അറിയാത്തതിനാൽ ഇത് വിവാദമാകുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

കാസർകോട് ജില്ലയിലെ മംഗലപ്പടി, കുഞ്ചത്തൂർ, പൈവളികെ, ബദിയഡ്ക എന്നീ പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ് മലയാളം അദ്ധ്യാപകരെ നിയമിച്ചിരുന്നുത് . തുടർന്ന് അതിർത്തി പ്രദേശത്തെ കന്നഡ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു . ഇതേ തുടർന്ന് സർക്കാർ മലയാളം അദ്ധ്യാപകരിൽ ചിലരെ സ്ഥലം മാറ്റുകയും കുറച്ചുപേരെ കന്നഡ പഠിക്കുന്നതിനായി മൈസൂരിലെ പ്രാദേശിക ഭാഷാ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തതോടെയാണ് വിവാദം കെട്ടടങ്ങിയത് .

എന്നാൽ കോട്ടയത്ത് നിന്ന് സീതാംഗോളിക്ക് സമീപമുള്ള അംഗഡിമൊഗരു കന്നഡ മീഡിയം സ്‌കൂളിലേക്ക് മലയാളം മാത്രം അറിയാവുന്ന സയൻസ് അദ്ധ്യാപകനെ നിയമിച്ചിരിക്കുകയാണ്. പരീക്ഷകൾ അടുത്തുവരുന്ന സമയത്ത് മലയാളം മാത്രം അറിയുന്ന അദ്ധ്യാപകനെ വീണ്ടും നിയമിച്ചത് പുതിയ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്.

ഭരണഘടനാപരമായി ഭാഷാ ന്യൂനപക്ഷ പദവിയുള്ള കാസർകോട് ജില്ലയിൽ കന്നഡ അറിയാവുന്ന അദ്ധ്യാപകരെ നിയമിക്കണമെന്ന് 2016ൽ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കന്നഡ മീഡിയം സ്‌കൂളുകളിൽ മലയാളം മാത്രം അറിയാവുന്ന അദ്ധ്യാപകരെ നിയമിക്കുന്നതിനെതിരെ കഴിഞ്ഞ തവണ നൽകിയ കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കന്നഡ സ്‌കൂളുകളിൽ മലയാളം അദ്ധ്യാപകരെ നിയമിക്കരുതെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ ഹർജികൾ സമർപ്പിച്ചത് . ഹരജികളിൽ വാദം കേൾക്കുന്നതിന് മുമ്പാണ് പുതിയ വിവാദ നിയമനങ്ങൾ ഉണ്ടായിരിക്കുന്നത് . കന്നഡ സ്‌കൂളുകളിൽ മലയാളം അദ്ധ്യാപകരെ നിയമിക്കുന്നത് തുടർന്നാൽ കന്നട സംഘടനകൾ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരുമെന്ന് കന്നഡ സാഹിത്യ പരിഷത്ത് കേരള അതിർത്തി ഏരിയാ ഘടകം പ്രസിഡന്റ് എസ് വി ഭട്ട് മുന്നറിയിപ്പ് നൽകി.

കാസർകോട്ടെ 192 സ്‌കൂളുകളിൽ 74 സ്‌കൂളുകളിലും കന്നടയാണ് പഠിപ്പിക്കുന്നത്. 40,000-ത്തിലധികം വിദ്യാർത്ഥികൾ ഇപ്പോൾ കന്നഡ മീഡിയം വഴി വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് കണക്കുകൾ പറയുന്നത്.