തിരുവനന്തപുരം: ആദ്യാവസാനം ആവേശം നിറച്ച് നിവിൻ പോളിയുടെ പുതിയ ചിത്രം 'കനകം കാമിനി കലഹം'. തനിക്ക് ഏറ്റവും ഭംഗിയായി ചേരുന്ന വേഷം കോമഡി തന്നെയാണെന്ന് നിവിൻ പോളി ഒരിക്കൽ കൂടി തെളിയിക്കുകയാണ്. പൊട്ടിചിരിയുടെ മാലപടക്കം തീർത്താണ് നിവിൻ പോളി ചിത്രം കനകം കാമിനി കലഹം' എത്തിയത്. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ സിനിമ ടീസറിൽ പ്രതീക്ഷിച്ചതു പോലെ ഫൺ പാക്കേജായി മാറി. ആദ്യവസാനം ചിരിച്ചു കൊണ്ട് കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പവിത്രനെയും സീരിയൽ നടിയായിരുന്ന അയാളുടെ ഭാര്യ ഹരിപ്രിയയെയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. മൂന്നാറിലെ ഹിൽടോപ് എന്ന ഹോട്ടലിൽ ഇവർ റൂമെടുക്കുന്നതും ഏറെ നിഗൂഢതകൾ നിറഞ്ഞ ആ ഹോട്ടലിൽ വച്ചുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ. റിസോർട്ടിൽ എത്തുന്ന ഇരു ദമ്പതികളുടെ ജീവിതത്തിലൂടെ സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് പിന്നീട് കഥയുടെ സഞ്ചാരം. പുതുമ നിറഞ്ഞ തമാശ കാഴ്‌ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകനൊപ്പമാണ് സഞ്ചരിക്കുന്നത്.

നിവിൻ പോളിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ജൂനിയർ ആർട്ടിസ്റ്റ് പവിത്രനായി എത്തുന്നത്. ഭാര്യയെ സ്‌നേഹിക്കുന്ന എന്നാൽ റൊമാന്റിക് അല്ലാത്ത പവിത്രനെ മികച്ചതാക്കാൻ നിവിൻ പോളിക്ക് കഴിഞ്ഞു. ഹരിപ്രിയ എന്ന കഥാപാത്രമായി എത്തുന്ന ഗ്രെയ്‌സ് ആന്റണി വൈകാരിക രംഗങ്ങളിലും കോമഡി രംഗങ്ങളിലും മികവു പുലർത്തുന്നു.

ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകത കൂടീ ഈ സിനിമക്കുണ്ട് എന്നതാണ് പ്രത്യേകത. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ച്ചേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, സുധീഷ്, ജഫാർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, സുധീർ പറവൂർ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നുണ്ട്. നവംബർ 12ന് അർദ്ധരാത്രി 12 മണിക്കാണ് സിനിമ റിലീസായത്.

തിയറ്ററുകളിൽ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിൻ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർത്തു വയ്ക്കാനാകുന്ന മറ്റൊരു സിനിമയായി ചിത്രം മാറുമെന്നും പ്രേക്ഷകർ അവകാശപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോർട്ടിൽ എത്തുന്ന ദമ്പതികളും അവിടെ അവർക്ക് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം. ഏകദേശം 40 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. യാക്സെൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടി. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കൾട്ട് റെവല്യൂഷൻ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.

വിനയ് ഫോർട്ട്, ജോയ് മാത്യു, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങളും ചിത്രത്തിലെ അവരവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി, ടെലിവിഷൻ ഷോകളിലൂടെ പരിചിതനായ സുധീർ പറവൂർ, രാജേഷ് മാധവൻ, ശിവദാസൻ കണ്ണൂർ, വിൻസി അലോഷ്യസ് തുടങ്ങിയവാണ് മറ്റു താരങ്ങൾ.