തിരുവനന്തപുരം: കേരളത്തിൽ ലൗജിഹാദും നാർക്കോട്ടിക് ജിഹാദും സജീവമാണെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കള്ളറങ്ങാട്ടിന്റെ പ്രസ്താവനയ്‌ക്കെതിരേ വിമർശനവുമായി സിപിഐ. കേരള സമൂഹത്തെ വിഭജിക്കാൻ മതമേലധ്യക്ഷന്മാർ ശ്രമിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ വിമർശിച്ച കാനം ഡി രാജയുടെ നിലപാടിനെയും തള്ളി. ഡി രാജയുടെ പ്രതികരണം ദേശീയ എക്‌സിക്യുട്ടീവിന്റെ തീരുമാനമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശും കേരളവും വ്യത്യസ്തമാണ്. അത് രാജയ്ക്ക് അറിയാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

താൻ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തത്. പാർട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാൻ പാടില്ല. അത് ജനറൽ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സിപിഐ. കേരളത്തിലെ പൊലീസ് യുപിയിലെ പൊലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിലിൽ ഉൾപ്പടെ ഉയർന്ന വിമർശനം ബിനോയ് വിശ്വം രാജയേ അറിയിക്കും . പൊലീസുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങളിൽ നടപടി ഉണ്ടാകുന്നുണ്ടെന്ന് കാനം ന്യായീകരിച്ചു.

കേരള കോൺഗ്രസിന്റെ വരവ് എൽഡിഎഫിൽ വിചാരിച്ച നേട്ടമുണ്ടാക്കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തെരഞ്ഞെടുപ്പ് ഫലത്തോടെ കോൺഗ്രസും ബിജെപിയും ഇല്ലാതായെന്ന അഭിപ്രായം സിപിഐക്കില്ല. രണ്ട് പാർട്ടികളിലും ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്. യുഡിഎഫ് ദുർബലപ്പെട്ടുവെന്നത് ശരിയാണ്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പരിശോധനകൾ നടക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് അവലോകനത്തിലാണ് കേരളാ കോൺഗ്രസിലെ വരവ് അതിനനുസരിച്ചുള്ള മെച്ചം ഉണ്ടാക്കിയില്ലെന്ന് വിമർശനമുള്ളത്. വോട്ട് ശതമാനം കൂടിയത് പുതിയ കക്ഷികൾ വന്നുകൊണ്ട് ആകണമെന്നില്ല. അവരുടെ വരവ് കൊണ്ട് യുഡിഎഫ് ദുർബലമായെന്ന മെച്ചമേ ഉള്ളൂവെന്ന് കാനം സൂചിപ്പിച്ചു. കരുനാഗപ്പള്ളിക്ക് പുറമേ മൂവാറ്റുപുഴയിലെയും തോൽവികൾ പരിശോധിക്കാൻ സിപിഐ തീരുമാനിച്ചു.

മുട്ടിൽ മരംമുറി ഉത്തരവ് വന്നത് സിപിഐയുടെ രാഷ്ട്രീയ തീരുമാനം കൊണ്ടാണ്. ഉത്തരവ് നടപ്പിലാക്കിയതിലാണ് പ്രശ്‌നങ്ങൾ. അത് പരിശോധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിലബസ് വിവാദത്തിൽ സർവകലാശാലയെ കുറ്റപ്പെടുത്താതെയുള്ള പ്രതികരണമായിരുന്നു കാനത്തിന്റേത്. ഒരു പുസ്തകം വായിച്ചുകൂടെന്ന് പറയാൻ പറ്റുമോയെന്ന് ചോദിച്ച അദ്ദേഹം സിലബസിൽ ഉൾപ്പെടുത്തണോ എന്നാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.

ജനയുഗം ഗുരുനിന്ദ കാണിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കെകെ ശിവരാമനെ താക്കീത് ചെയ്യാൻ തീരുമാനിച്ചു. ജനയുഗത്തെ വിമർശിച്ച കെ കെ ശിവരാമന്റെ പ്രസ്താവന ആസ്ഥാനത്തും അനാവശ്യവുമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി. വീഴ്ച സമ്മതിച്ച് ശിവരാമൻ കൗൺസിൽ ഖേദം പ്രകടിപ്പിച്ചു.