തിരുവനന്തപുരം: സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി ബന്ധപ്പെട്ട സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത വിയോജിപ്പ്. ഇതേ തുടർന്ന് മുതിർന്ന നേതാവ് കെഇ ഇസ്മയിൽ കാനത്തിനെതിരെ കത്തു നൽകി. ദേശീയ ജനറൽ സെക്രട്ടറിയെ ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണ് സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമർശനം. കാനത്തിന്റെ പ്രസ്താവനയിലെ അതൃപ്തി ചില നേതാക്കൾ നേരിട്ട് കേന്ദ്ര നേതാക്കളെ അറിയിച്ചു. കാനത്തിന്റെ പ്രസ്താവന ദേശീയ നേതൃത്വം ചർച്ച ചെയ്യും.

അതേ സമയം തന്റെ പ്രസ്താവനയിൽ ആരും തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു. പാർട്ടിയിലെ വികാരം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നാണു താൻ പറഞ്ഞത്. ഇതിനു ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയെന്നും പറഞ്ഞു. ബാക്കി വിശദീകരിച്ചതു ചരിത്രമാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് എതിരായ ആനി രാജയുടെ പ്രസ്താവനയാണ് സംഭവങ്ങളുടെ തുടക്കം. ഈ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്‌സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ ഡി രാജ ന്യായീകരിച്ചതിൽ സംസ്ഥാന എക്‌സിക്യുട്ടീവിൽ വിമർശനം ഉയർന്നു. സംസ്ഥാന പൊലീസിൽ ആർഎസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമർശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകൾ വിമർശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

യുപിയും കേരളവും ഒന്നാണെന്ന സ്വരത്തിൽ ജനറൽ സെക്രട്ടറി രാജ നടത്തിയ പരാമർശം തെറ്റാണെന്ന് കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. കേരളം വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന് അറിയാത്തതല്ല. ജനറൽ സെക്രട്ടറിയും സെക്രട്ടറിയുമെല്ലാം പാർട്ടി പാർട്ടി മാനദണ്ഡങ്ങൾ പാലിക്കണം. ജനറൽ സെക്രട്ടറി ആയിരുന്ന ഡാങ്കെയെ വിമർശിച്ച പാർട്ടിയാണിതെന്നും കാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.