തിരുവനന്തപുരം: ഉയരെയ്ക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.നിറ ചിരിയോടെ നിൽക്കുന്ന ഐശ്വര്യയുടെയും ടൊവിനൊയുടെയും അവ്യക്തമായ ചിത്രവും സുരാജിന്റെ നിഗൂഢത നിറച്ച ചിത്രവുമാണ് പോസ്റ്ററിൽ. ഇതിനോടകം നിരവധി പേരാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. സുരാജിന്റെ ചിത്രത്തിനാണ് ആരാധകരുടെ പ്രശംസ കൂടുതൽ. ആസ് യൂ വാച്ച് എന്ന ടാഗ് ലൈനോടു കൂടിയാണ് പോസ്റ്റർ.

ബോബി സഞ്ജയ് യുടേതാണ് തിരക്കഥ.മനു അശോകന്റെ ആദ്യ ചിത്രമായ ഉയരെക്കും ബോബി-സഞ്ജയ് ടീമായിരുന്നു തിരക്കഥ.മായാനദിക്ക് ശേഷം ഐശ്വര്യ ലക്ഷ്മി- ടൊവിനോ തോമസ് ജോഡി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി കാണെക്കാണെയ്ക്കുണ്ട്. ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി ആർ ഷംസുദ്ധീനാണ് ചിത്രം നിർമ്മിക്കുന്നത്. ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്നു.വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് അഭിലാഷ് ചന്ദ്രനും പി. ആർ.ഒ: മഞ്ജു ഗോപിനാഥും നിർവഹിക്കുന്നു.