മുംബൈ: തന്റെ ഓഫീസ് പൊളിച്ച ശിവസേനാ സർക്കാറിനോട് കലിപ്പടങ്ങാതെ ബോളിവുഡ്് താരം കങ്കണ റണൗട്ട്. ശിവസേനക്കെതിരെ വീണ്ടും ആരോപണങ്ങളുമായാണഅ നടി രംഗത്തെത്തിയത്. ശിവസേനയ്ക്കെതിരെ പുതിയ ആരോപണങ്ങളുമായി കങ്കണ റണൗത്തിന്റെ ട്വീറ്റ്. ശിവസേന അധികാരം നേടാനായി പാർട്ടി പ്രത്യയശാസ്ത്രം പണയപ്പെടുത്തുകയാണെന്നും ശിവസേന ദുഷിച്ച് 'സോണിയാസേന' ആയി മാറിയെന്നും കങ്കണ റണൗത്ത് ട്വീറ്റിലൂടെ കുറ്റപ്പെടുത്തി. അധികാരത്തിനായി എൻസിപിയുമായും കോൺഗ്രസുമായും ചേർന്ന് മഹാ വികാസ് അഖാഡി സഖ്യമുണ്ടാക്കിയത് നാണംകെട്ട നീക്കമാണെന്ന് പരിഹസിച്ചുകൊണ്ടാണ് കങ്കണ ശിവസേനയ്ക്കെതിരെ ആഞ്ഞടിച്ചത്.

കങ്കണയുടെ ഓഫീസിലെ അനധികൃത നിർമ്മിതികൾ ബ്രിഹന്മുംബൈ മുൻസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കിയ സംഭവവുമായി ബന്ധപ്പെട്ട് കങ്കണ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. എന്റെ വീട് തകർന്നുവീഴുന്നതുപോലെ നിങ്ങളുടെ അഹങ്കാരം തകർന്നുവീഴുമെന്നായിരുന്നു താക്കറെയ്ക്ക് നേരെ കങ്കണയുടെ ഭീഷണി.

കങ്കണ കോടതിയെ സമീപിച്ചതിനെത്തുടർന്ന് നഗരസഭ കെട്ടിടം തകർക്കുന്ന പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. ഹർജി പരിഗണിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. 'അനധികൃത നിർമ്മാണങ്ങൾക്ക് എതിരെ നഗരസഭ ഇത്രയും വേഗത്തിൽ പ്രവർത്തിക്കുമെങ്കിൽ, ഈ നഗരം തികച്ചും വ്യത്യസ്തമായ ഒരു സ്ഥലമായി മാറുമെന്ന്' കങ്കണയുടെ ഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു. മുംബൈ ഇപ്പോൾ 'പാക് അധീന കശ്മീരാ'ണെന്ന കങ്കണ റണൗത്തിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ആയിരുന്നു കോർപറേഷന്റെ നടപടി.