ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായ സംഭവം സൈബർ ഇടത്തിൽ കടുത്ത വിമർശനത്തിനാണ് ഇടയാക്കിയത്. മോദിയുടേത് മുതലക്കണ്ണീരാണെന്നുള്ള തരത്തിൽ വളരെയധികം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ അടക്കം എത്തിയത്. രാഹുൽ ഗാന്ധി അടക്കം ഈ വിമർശനം ഉന്നയിക്കുകയുണ്ടായി.

ഇപ്പോൾ മോദിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി കങ്കണ റണാവത്ത്. വിമർനങ്ങളെ എതിർത്തും മോദിയുടെ കണ്ണുനീർ താൻ സ്വീകരിക്കുന്നുവെന്നും ആണ് കങ്കണയുടെ ഫേസ്‌ബുക് കുറിപ്പ്.

കങ്കണയുടെ ഫേസ്‌ബുക് കുറിപ്പ്;

'കണ്ണുനീർ സത്യമോ വ്യാജമോ ആയിക്കോട്ടെ. നിങ്ങൾ അതിന്റെ യാഥാർഥ്യം അറിയാൻ ടിയർ ഡിറ്റക്ടർ പരിശോധന നടത്തുകയാണോ ചെയ്യുക, അതോ മറ്റുള്ളവരുടെ ദുഃഖത്തെ അംഗീകരിക്കുകയും അതിൽ വിഷമിക്കുകയും ചെയ്യുന്ന വ്യക്തിയുടെ വൈകാരികതയെ സ്വീകരിക്കുകയാണോ ചെയ്യുക. മനസ്സിന്റെ വേദന മാറാൻ ചിലർക്ക് ദുഃഖം പങ്കിട്ടെ മതിയാവൂ.

ആ കണ്ണുനീർ അറിയാതെയാണോ അറിഞ്ഞുകൊണ്ടാണോ വന്നത് എന്നതിന് എന്താണ് പ്രാധാന്യം? അത് ഇത്ര വലിയ കാര്യമാണോ? ചിലർ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണുന്നവരാണ്. പ്രധാനമന്ത്രിയോട് ഞാൻ പറയുന്നു. അങ്ങയുടെ കണ്ണുനീർ ഞാൻ സ്വീകരിക്കുന്നു. എന്റെ ദുഃഖം പങ്കിടാൻ ഞാൻ അങ്ങയെ അനുവദിച്ചിരിക്കുന്നു. ജയ് ഹിന്ദ്.'