ന്യൂഡൽഹി: ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎൽഎയുമായ ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇരുവരും കോൺഗ്രസിൽ അംഗത്വമെടുത്തത്. ഡൽഹിയിലെ ഭഗത് സിങ് പാർക്കിൽ എത്തിയ നേതാക്കൾ, ഭഗത് സിങ് പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പാർട്ടി പ്രവേശനം. സിപിഐ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് കനയ്യ കുമാറിന്റെ തീരുമാനം.

ഡൽഹിയിലെ ഷഹീദ് ഇ-അസം ഭഗത് സിങ് പാർക്കിൽ രാഹുൽ ഗാന്ധിക്കും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഹർദിക് പട്ടേലിനുമൊപ്പം ജിഗ്‌നേഷ് മേവാനിയും കനയ്യ കുമാറും കൈകോർത്തു. ശേഷം കോൺഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇരുനേതാക്കളും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇരുനേതാക്കളും ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസിൽ ചേരുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ഭഗത് സിങ്ങിന്റെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 28ന് കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.

 

ദളിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ ജിഗ്‌നേഷ് മേവാനിയെ കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ശക്തരായ യുവ നേതാക്കളില്ലാത്ത പാർട്ടിയിൽ കനയ്യകുമാറിന്റെ വരവ് ബീഹാറിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. സംഘപരിവാറിനെതിരെയുള്ള കനയ്യയുടെ നിലപാടും തീപ്പൊരി പ്രസംഗങ്ങളും ദേശീയതലത്തിൽ ഗുണമാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

പാർട്ടിയിലെ തന്റെ സ്ഥാനം സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കനയ്യ കുമാർ ഒന്നിലധികം തവണ സംസാരിച്ചിരുന്നു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാർ പാർട്ടിയിൽ അതൃപ്തനായിരുന്നു. ഇതാണ് കോൺഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്.



നേരത്തെ പഞ്ചാബിലെ നേതൃമാറ്റത്തിൽ അടക്കം കോൺഗ്രസിനെ പ്രശംസിച്ചുകൊണ്ട് ജിഗ്‌നേഷ് മേവാനി രംഗത്തെത്തിയിരുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗുജറാത്തിൽ മേവാനിയുടെ വരവ് സഹായകമാകുമെന്നും കോൺഗ്രസ് കരുതുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് അദ്ദേഹവുമായി സഹകരിച്ചിരുന്നു. മേവാനി മത്സരിച്ച വഡ്ഗാം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.

അതേ സമയം കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശത്തിൽ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ രംഗത്തെത്തി. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് രാജ ആരോപിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി വിടുന്നുവെന്ന് കനയ്യ അറിയിക്കുകയായിരുന്നു. ആളുകൾ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യും. സിപിഐ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും ഡി രാജ പറഞ്ഞു.

പാർട്ടി വ്യക്താധിഷ്ഠിതമല്ല. അത്ഭുത വിദ്യയയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാർട്ടിയാണ് ജെ എൻ യു സമരം ആരംഭിച്ചത്. സെപ്റ്റംബർ ആദ്യം ചേർന്ന സിപിഐ ദേശീയ യോഗത്തിൽ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും കനയ്യ ഉയർത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോൾ പോലും പാർട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. കനയ്യ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ഡി രാജ പറഞ്ഞു.

അതേസമയം, കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന രാജയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. കനയ്യയുടെ തീരുമാനം നിർഭാഗ്യകരമാണ്.

സിപിഐ വിട്ട് കനയ്യ പോകില്ല എന്നാണ് കരുതിയത്. അങ്ങനെയാണ് സിപിഐ നേതൃത്വം തന്നോട് പറഞ്ഞത്. കനയ്യയ്ക്ക് ബിഹർ ഘടകവുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചതുമാണ്. എന്നിട്ടും എന്തു കൊണ്ട് പാർട്ടി വിട്ടു പോയി എന്നറിയില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.