തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ശൈലജ ടീച്ചർക്ക് മന്ത്രി പദമില്ലാത്തതിൽ വ്യാപക പ്രതിഷേധം. സൈബർ ഇടങ്ങളിൽ അടക്കം ഇത്തരം പ്രതിഷേധം ശക്തമായി ഉയരുന്നുണ്ട്. സമൂഹമാധ്യമത്തിൽ രാഷ്ട്രീയ, സിനിമ മേഖലകളിൽ നിന്നുള്ള പ്രമുഖർ മുതൽ സാധാരണ ജനങ്ങൾ വരെ ടീച്ചറെ തിരികെ കൊണ്ട് വരണമെന്ന ക്യാപെയിനിന്റെ ഭാഗമായി കഴിഞ്ഞു. സംഭവത്തിൽ നടി കനി കുസൃതിയും വിമർശനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നാണമില്ലെ സംസ്ഥാന സർക്കാരിനെന്നാണ് കനി കുസൃതി ഫേസ്ബൂക്കിൽ കുറിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച കെകെ ശൈലജയെ രണ്ടാം സർക്കാരിൽ നിലനിർത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ പിണറായി വിജയൻ ഒഴികെ മന്ത്രി സഭയിൽ എല്ലാവരും പുതുമുഖങ്ങളെന്ന പാർട്ടി തീരുമാനത്തിന്റെ പുറത്താണ് കെകെ ശൈലജയെ മാറ്റിയത്. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരിൽ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.

കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. ശൈലജയ്ക്ക് മാത്രമായി ഇളവ് നൽകേണ്ടതില്ലെന്ന് പാർട്ടിയിൽ അഭിപ്രായമുയർന്നു. കണ്ണൂരിൽ നിന്ന് ശൈലജയ്ക്കെതിരെ ചരടുവലികൾ നടക്കുന്നതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പാർട്ടിയിലെ പ്രബലരായ നേതാക്കളെക്കാൾ വലിയ ജനപിന്തുണയാണ് സമീപകാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയിൽ ശൈലജയ്ക്ക് ലഭിച്ചത്. കേരളത്തിലെ ഒരു ആരോഗ്യമന്ത്രിക്ക് ഇത്രയധികം അന്താരാഷ്ട്ര പിന്തുണയും ഇതാദ്യമായിട്ടാണ് ലഭിക്കുന്നത്.