കോഴിക്കോട്: വ്യത്യസ്തമായ നിലപാടുകൊണ്ടും ജീവിത വീക്ഷണം കൊണ്ടും ശ്രദ്ധേയായ നടിയാണ് ഈ വർഷത്തെ മികച്ച നടിക്കുന്ന സംസ്ഥാന അവാർഡ് നേടിയ കനി കൃസൃതി. കുസൃതിയെന്ന വാക്കുപോലും തന്റെ പേരിനോട് ചേർത്തത് പരമ്പരാഗത പുരുഷാധിപത്യത്തോടുള്ള പ്രതിഷേധം കൊണ്ടാണെന്ന് അവർ പറയുകയുണ്ടായി. സ്വതന്ത്രചിന്തകയും ആക്റ്റീവിസ്റ്റുമായ കനി എന്നും തുറന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്.

അതുകൊണ്ടുയന്നെ തന്റെ യഥാർത്ഥ ഫോട്ടോയിൽ ഗൃഹലക്ഷ്മി മിനുക്കുപണി'നടത്തിയതിനെതിരെ ഈ നടി വിമർശനവുമായി രംഗത്ത് എത്തിയിരിക്കയാണ്. ഗൃഹലക്ഷ്മി ദ്വൈവാരികയുടെ ഈ ലക്കത്തിൽ കനി കുസൃതിയുടേതാണ് മുഖചിത്രം. രോമമുള്ള കൈയും എന്റെ യഥാർത്ഥ നിറവും എവിടെയെന്ന് ഈ ലക്കത്തിന്റെ കവർ പേജ് ഇൻസ്റ്റ സ്റ്റോറിയാക്കി നടി ചോദിക്കുന്നു. എന്റെ സ്‌കിൻ ടോണും ബ്ലാക്ക് സർക്കിൾസും രോമമുള്ള കൈയും അതേ പോലെ നിലനിർത്താമായിരുന്നു. ഷൂട്ടിന് മുൻപ് തന്നെ ഇക്കാര്യത്തിലുള്ള എന്റെ നിലപാട് ചർച്ച ചെയ്തതാണ്. കുറഞ്ഞത് ഈ ഫോട്ടോയെങ്കിലും നിങ്ങൾ നീതി പുലർത്തി. കവറിലെ ഫോട്ടോ മാറ്റാൻ നിങ്ങൾ നിർബന്ധിതമാകുന്നത് എന്തുകൊണ്ടാണ് - നടി ചോദിക്കുന്നു.

താൻ എങ്ങനെയാണോ അതേ രീതിയിൽ തന്നെ അവതരിപ്പിക്കേണ്ടിയിരുന്നുവെന്നാണ് കനി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ഷൂട്ടിന് മുൻപേ വ്യക്തമാക്കിയതാണെന്നും നടി വ്യക്തമാക്കുന്നു. 'മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക' എന്ന തലക്കെട്ടിലാണ് കനിയുടെ അഭിമുഖം.
അത്തരമൊരു തലക്കെട്ടിലുള്ള അഭിമുഖം ഉൾപ്പെടുത്തിയ ലക്കത്തിന്റെ കവറിലാണ് ഗൃഹലക്ഷ്മി കൃത്രിമമായി മിനുക്കുപണികൾ നടത്തിയത്. വിഷയത്തിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അവർ.

ജാതിമതലിംഗവർഗവർണ വിവേചനങ്ങൾക്കെതിരെ എന്നും ശക്തമായ നിലപാടുയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് കനി കുസൃതി. തനിക്ക് കിട്ടിയ സംസ്ഥാന അവാർഡ് അവർ ആദ്യ മലയാള സിനിമയിലെ നായികനായ പി കെ റോസിക്കാണ് സമർപ്പിച്ചത്. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ അന്നത്തെ യാഥാസ്ഥിതകർ വോട്ടയാടിയ ഈ നടിയുടെ പേര് ഉയർത്തിപ്പിടിച്ചാണ് കനി അവാർഡ് സ്വീകരിച്ചത്. അതുപോലെ തന്നെ സിനിമയിൽ ദലിതർക്കും പിന്നോക്കക്കാർക്കും സംവരണം വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.