കണ്ണൂർ: കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും സീനിയർ മുഖ്യമന്ത്രി പിണറായി വിജയൻ. 76 വയസുകാരനായ പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ഇതു രണ്ടാം തവണയാണ് ജനവിധി തേടിയത്. കെ എസ് എഫിലൂടെയാണ് കഴിഞ്ഞ സർക്കാരിന്റെ അമരക്കാരനായ പിണറായി വിജയന്റെ രംഗപ്രവേശം. കഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെഎസ് വൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1968ൽ മാവിലായിയിൽ ചേർന്ന കണ്ണൂർ ജില്ലാ പ്ലീനത്തിൽ സിപി എം ജില്ലാ കമ്മിറ്റി അംഗമായി. 1986ൽ ജില്ലാ സെക്രട്ടറി. 88ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. 98 മുതൽ 2015 വരെ സംസ്ഥാന സെക്രട്ടറി. 98 ൽ പൊളിറ്റ് ബ്യൂറോ അംഗമായി.

1970, 77, 1991, 96 തെരഞ്ഞെടുപ്പുകളിൽ നിയമസഭാംഗമായി. 1996ൽ സഹകരണ വൈദ്യുതി മന്ത്രി. 2016ൽ ധർമടത്തു നിന്ന് വിജയിച്ച് മുഖ്യമന്ത്രി. മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകൻ. ഭാര്യ: കമല. മക്കൾ: വിവേക്, വീണ

മട്ടന്നൂർ - കെ ക ശൈലജ

പിണറായി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായ കെ.കെ ശൈലജ (65) മട്ടന്നുരിലാണ് ജനവിധി തേടിയത്. പിണറായി മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള ഭരണമികവ് രാജ്യാന്തര ശ്രദ്ധനേടി. 1996ലും 2016ലും കൂത്തുപറമ്പിൽനിന്നും 2006-ൽ പേരാവൂരിൽനിന്നും ജയിച്ചു. 2011ലും പേരാവൂരിൽ മത്സരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗം. ശിവപുരം ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിനായി സ്വയം വിരമിച്ചു. ഇരിട്ടി മാടത്തിലെ കെ കുണ്ടന്റെയും കെ കെ ശാന്തയുടെയും മകളാണ്. ഭർത്താവ്: കെ ഭാസ്‌കരൻ (സിപി എം മട്ടന്നൂർ ഏരിയാ കമ്മിറ്റി അംഗം). മക്കൾ: ശോഭിത്ത്, ലസിത്ത്.

തളിപ്പറമ്പ് - എം വി ഗോവിന്ദൻ

67 കാരനായ എം വി ഗോവിന്ദൻ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് മത്സരിക്കുന്നത്. രണ്ട് തവണ തളിപ്പറമ്പ് എംഎൽഎയായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. കാസർകോട് ഏരിയാ സെക്രട്ടറിയായും കണ്ണൂർ, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമാണ്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദേശാഭിമാനി ചീഫ് എഡിറ്റായിരുന്നു. തളിപ്പറമ്പ് ഇരിങ്ങൽ യുപി സ്‌കൂളിൽ കായികാധ്യാപകനായിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം. പൊലീസ് മർദനത്തിനിരയായി. മൊറാഴയിലെ പരേതനായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയുടെയും മകനാണ്. സിപി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി കെ ശ്യാമളയാണ് ഭാര്യ. സംവിധായകൻ ജി എസ് ശ്യാംജിത്ത്, അഡ്വ. ജി എസ് രംഗീത് എന്നിവരാണ് മക്കൾ.

ടി ഐ മധുസൂദനൻ - പയ്യന്നൂർ

പയ്യന്നൂരുകാർക്ക് സുപരിചതനും എന്നാൽ തെരഞ്ഞെടുപ്പ് രംഗത്ത് നവാഗതനുമായ ടി ഐ മധുസൂദനൻ (61) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയാണ്. കണ്ണൂർ എ കെ ജി ആശുപത്രി പ്രസിഡന്റുമാണ്. ബാലസംഘം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സിപി എം പയ്യന്നൂർ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പയ്യന്നൂർ നഗരസഭാ വൈസ് ചെയർമാനായിരുന്നു. മികച്ച സഹകാരിയും സംഘാടകനും.

ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്, കർഷകസംഘം ജില്ലാ എക്സിക്യൂട്ടിവ് അംഗം, പൂരക്കളി അക്കാദമി ചെയർമാൻ, പയ്യന്നൂർ സ്പോർട്സ് ആൻഡ് കൾച്ചറൽ ഡെവലപ്മെന്റ് അസോസിയേഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മാവിച്ചേരിയിൽ താമസം. പരേതനായ തായമ്പത്ത് കുഞ്ഞിരാമന്റെയും ടി ഇ നാരായണിയുടെയും മകനാണ്. ഭാര്യ: ആർ ഇ ശ്രീവത്സ (ചരക്ക്-സേവന നികുതി ജില്ലാ ജോ. കമീഷണർ). മകൾ: ഡോ. നിരഞ്ജന.

എം വിജിൻ- കല്യാശേരി

മത്സരിക്കുന്നവരിൽ ഏറ്റവു ജൂനിയറാണ് എം വിജിൻ (31). കല്യാശേരി നിയോജക മണ്ഡലത്തിൽ നിന്നാണ് വിജിൻ ജനവിധി തേടുന്നത്. സിപി എം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവുമാണ്. ബാലസംഘം ജില്ലാ പ്രസിഡന്റ് സെക്രട്ടറി, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോ. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. പയ്യന്നൂർ കോളേജിൽനിന്ന് ഫിസിക്സിൽ ബിരുദവും കാലടി സംസ്‌കൃത സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും. നേടിയിട്ടുണ്ട്. കുഞ്ഞിമംഗലം എടാട്ടെ ടി കെ ഭാസ്‌കരന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: അശ്വതി. മകൻ: നെയ്തൽ.

അഴീക്കോട്- കെ വി സുമേഷ്

അഴീക്കോട് മണ്ഡലത്തിൽ പുതുമുഖ സ്ഥാനാർത്ഥിയാണ് കെ വി സുമേഷ് (41). സിപി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ കെ വി സുമേഷ് കഴിഞ്ഞ തവണ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചു. ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിലെ പ്രീ-ഡിഗ്രി പഠനകാലത്താണ് വിദ്യാർത്ഥിസംഘടനാ പ്രവർത്തനം സജീവമാക്കിയത്. കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാനും സെനറ്റ് അംഗവുമായി. സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദം. ചെങ്ങളായിയിലെ പരേതനായ മൈലപ്രവൻ ഗോവിന്ദന്റെയും കെ വി ഓമനയുടെയും മകനാണ്. ഭാര്യ: രേണുക. മക്കൾ: അളകനന്ദ, ആരുഷ്.

പേരാവൂർ- വി സക്കീർ ഹുസൈൻ

പേരാവൂരിൽ സിപിഎം രംഗത്തിറക്കിയ മറ്റൊരു പുതുമുഖമാണ് കെ വി സക്കീർ ഹുസൈൻ(37). കന്നിയങ്കത്തിനാണ് സക്കീർ ഇറങ്ങുന്നത്. സിപി എം ഇരിട്ടി ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ബാലസംഘത്തിലൂടെ പൊതുരംഗത്ത്. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗം, ഇരിട്ടി ഏരിയാ പ്രസിഡന്റ്, ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

മട്ടന്നൂർ കോളേജ് യൂണിയന്റെയും കണ്ണൂർ സർവകലാശാലാ യൂണിയന്റെയും ഭാരവാഹിയായിരുന്നു. ബിരുദധാരിയാണ്. ഇരിട്ടി പത്തൊമ്പതാംമൈൽ കെ കെ അബുവിന്റെയും കെ വി നബീസുവിന്റെയും മകനാണ്. ഭാര്യ: ഷാഹിന. നാലുമക്കളുണ്ട്.