കണ്ണൂർ: സിപിഎം അധികാര കേന്ദ്രത്തിൽ കണ്ണൂർ രാഷ്ട്രീയത്തിന് പുറത്തു നിന്നും ഒരാൾ എന്നത് അത്രയ്ക്ക് എളുപ്പുമുള്ള കാര്യമാല്ല. വർഷങ്ങളായി അധികാരത്തിന്റെ കടിഞ്ഞാൺ കൈയിലേന്തിയിരിക്കുന്നത് കണ്ണൂർ ജില്ലക്കാരാനാണ്. ആ സ്ഥാനം ഒരു മലപ്പുറത്തുകാരനിലേക്ക് എത്തുന്നത് 28 വർഷങ്ങൾക്ക് ശേഷമാണ്. ഇഎംഎസും വിഎസും ഒഴികെയുള്ള മറ്റെല്ലാവരും കണ്ണൂരുകാർ.

വി. എസ്. അച്യുതാനന്ദനു ശേഷം 1992ൽ ഇ.കെ. നായനാർ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനു ശേഷം വന്ന സെക്രട്ടറിമാരെല്ലാം കണ്ണൂരിൽ നിന്നായിരുന്നു. പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിലല്ല സിപിഎമ്മിൽ ഭാരവാഹികളെ തീരുമാനിക്കുന്നതെന്നു വാദിക്കാമെങ്കിലും കണ്ണൂരിൽ നിന്നുള്ള നേതാക്കൾക്ക് സിപിഎമ്മിൽ കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരത്തിനു തെളിവ് മുൻ സെക്രട്ടറിമാരുടെ പട്ടിക തന്നെയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ മലപ്പുറത്തുകാരനായ സെക്രട്ടറിയെത്തുമ്പോൾ അത് സിപിഎമ്മിലെ കണ്ണൂർ ലോബിക്കേറ്റെ ഇളക്കം തന്നെയാണ്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാറി നിൽക്കുമ്പോൾ ചുമതല കിട്ടിയിരിക്കുന്നത് മലപ്പുറം ജില്ലക്കാരനായ എ.വിജയരാഘവനാണ്. ഈ താൽക്കാലിക സ്ഥാനം പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കുള്ള വിജയരാഘവന്റെ ആദ്യ പടിയാണെങ്കിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം കണ്ണൂരിനു പുറത്തു കടക്കുകയാണെന്നു കരുതേണ്ടി വരും. ഇഎംഎസിന്റെ ജില്ലയായ മലപ്പുറത്തേക്ക്.

പാർട്ടി രൂപീകൃതമായ ശേഷം ഉണ്ടായ 8 സംസ്ഥാന സെക്രട്ടറിമാരിൽ 5 പേരും കണ്ണൂരിൽ നിന്നായിരുന്നു. ഇഎംഎസ്, വി എസ്.അച്യുതാനന്ദൻ എന്നിവരെ ഒഴിച്ചു നിർത്തിയാൽ പാർട്ടി സെക്രട്ടറിമാരായിരുന്ന മറ്റ് 6 പേരും കണ്ണൂരുകാരാണെന്നു പറയാം. മാഹിയോടു ചേർന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിലായിരുന്നു ജനനമെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എച്ച്.കണാരന്റെ കർമ മണ്ഡലം കണ്ണൂരായിരുന്നു. അതുകൂടി കൂട്ടിയാൽ കണ്ണൂരിൽ നിന്നുള്ള സെക്രട്ടറിമാരുടെ എണ്ണം 6.

സി എച്ച് കണാരൻ ജനിച്ചത് കോഴിക്കോട് ആണെങ്കിലും പ്രവർത്തന കേന്ദ്രം തലശ്ശേരി ആയിരുന്നു. അതുകൊണ്ടുതന്നെയാണ് കണ്ണൂർ ലോബി എന്നൊരു പേര് സിപിഎമ്മിൽ ഉറച്ചുപോയത്. പിണറായി വിജയൻ സെക്രട്ടറി ആയതിനുശേഷമാണ് ഈ വാക്ക് ഉയർന്നു കേട്ടത്. പാർട്ടിയിൽ വി എസ് പക്ഷത്തെ ഒതുക്കുന്നത് അടക്കമുള്ള എല്ലാറ്റിനും കാർമികത്വം വഹിച്ചത്, കണ്ണൂർ നേതാക്കൾ ആണെന്നതിൽ സംശയമില്ല. സിപിഎമ്മിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ ഏറ്റവും ശക്തമായ തസ്തിക ഏതാണെന്ന് ചോദിച്ചാൽ അത് കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെയാണെന്നാണ് അനൗദ്യോഗിമായി കരുതിയിരുന്നത്.

അതുകൊണ്ടുതന്നെ കോടിയേരി ബാലകൃഷ്ൻ സ്ഥാനം താൽക്കാലികമായി ഒഴിയുമ്പോൾ സ്വാഭാവികമായും അത് എത്തിച്ചേരേണ്ടത് കണ്ണൂർ നേതാക്കൾക്ക് തന്നെയായിരുന്നു. എം വി ഗോവിന്ദൻ മാസ്റ്റർക്ക് താൽക്കാലിക ചുമതല നൽകുമെന്നാണ് ഇതുവരെ കേട്ടിരുന്നത്. എന്നാൽ സിപിഎമ്മിലെ എല്ലാ ഗ്രൂപ്പ് സമാവാക്യങ്ങളെയും തെറ്റിച്ചുകൊണ്ട് എ വിജയരാഘവന് ചുമതല നൽകുമ്പോൾ അതിൽ ഉൾപ്പാർട്ടി രാഷ്ട്രീയവും വായിക്കുന്നവർ ഉണ്ട്. കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് നിലവിൽ ഇടതു മുന്നണി കൺവീനർ കൂടിയായ വിജയരാഘവനെ തനിക്ക് പകരക്കാരനായി നിർദ്ദേശിച്ചത്. വിജയരാഘവൻ പാർട്ടിയിലെ ഒന്നാമനായി മാറുന്നതോടെ അടുത്തകാലത്തായി സിപിഎമ്മിൽ, ഒരു ജില്ല കേന്ദ്രീകരിച്ച് തുടർന്നിരുന്ന അധികാര കേന്ദ്രത്തിലും മാറ്റമുണ്ടായിരിക്കുകയാണ്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അനാരോഗ്യ ചൂണ്ടിക്കാട്ടി കോടിയേരി തന്നെയാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത ം പോളിറ്റ് ബ്യൂറോയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് പകരം ചുമതല ആരെ ഏൽപ്പിക്കണമെന്ന് പിബി കോടിയേരിയോട് ചോദിച്ചത്. വിജയരാഘവന്റെ പേര് കേടിയേരി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വച്ചു. ഇത് പാർട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ അംഗീകരിക്കുകയും ചെയ്തു. അതേസമയം തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതും കോടിയേരിയുടെ സ്ഥാനമൊഴിയൽ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. കണ്ണൂരിൽനിന്നുള്ള നേതാക്കളിൽനിന്നും കോടിയേരിക്ക് പിന്തുണ കിട്ടിയില്ല. മാത്രമല്ല ബിനീഷ് വിഷയത്തിൽ എം എ ബേബി കോടിയേരിയെ പരോക്ഷമായി വിർശിച്ചപ്പോഴും കണ്ണൂർ നേതാക്കൾ ആരും തന്നെ എതിർത്തിരുന്നില്ല. ബേബി സെക്രട്ടറിയാവുന്നത് തടയുക കൂടിയാണ് കോടിയേരി ഈ നീക്കത്തിലൂടെ ചെയ്തത്. മഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത വ്യകതിബന്ധവും വിജയരാഘവന് ഗുണം ചെത്തു.

സ്ഥാനമൊഴിയൽ ആരോഗ്യ പ്രശ്‌നം മുൻനിർത്തിയുള്ളതാണെന്നാണ് പാർട്ടി നേതാക്കൾ വിശദീകരിക്കുന്നത്. എന്നാൽ നേരത്തെ രണ്ടു തവണ കോടിയേരി വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോഴും മറ്റാർക്കും പകരം ചുമതല നൽകിയിരുന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറുന്നത് വെറും അവധി അല്ലെന്ന വിലയിരുത്തലുകളും ഉണ്ടാകുന്നത്.

നേരത്തെ കോടിയേരി ചികിൽസക്ക് പോയപ്പോൾ പകരം ചുമതല ആർക്കും കൊടുത്തിരുന്നില്ല. എന്നാൽ മൂന്നുപേരുടെ പേരുകളാണ് സിപിഎമ്മിൽ ഇപ്പോൾ പറഞ്ഞു കേട്ടിരുന്നത്. എം.എ ബേബി, എം.വി ഗോവിന്ദൻ മാസ്റ്റർ, പി ജയരാജൻ. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ സെക്രട്ടറിയാക്കിയാൽ കണ്ണൂർ ലോബി തുടർച്ചയായി സെക്രട്ടറി സ്ഥാനം കൈയാളുന്നു എന്ന ആക്ഷേപത്തെ ഇല്ലാതാക്കുമെന്നാണ് ചില നേതാക്കൾ കരുതിയരിുന്നത്. സൗമ്യ സ്വഭാവവും സൈദ്ധാന്തിക മേഖലയിലുള്ള മികവും ഉള്ള എം.എ ബേബിയെ സെക്രട്ടറിയാക്കിയാൽ സിപിഐ.എമ്മിന് നിലവിലെ പ്രതിച്ഛായയിൽ വലിയ മാറ്റം വരുത്താനാകുമെന്നും ഇവർ കരുതുന്നു. ഈ നീക്കം തടയിടാൻ തന്നെയാണ് കോടിയേരി നേരിട്ട് വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത്.

വടകരയിലെ തോൽവി വലിയ ക്ഷീണമാണ് സമ്മാനിച്ചതെങ്കിലും പി. ജയരാജന് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ അംഗീകാരമാണ് ഉള്ളത്. കണ്ണൂർ ജില്ലയിൽ മുതിർന്ന നേതാക്കളിൽ ഭൂരിപക്ഷം പേരും എതിർചേരിയിൽ നിൽക്കുമ്പോഴും പ്രവർത്തകരുടെ പിന്തുണ തന്നെയാണ് ജയരാജന്റെ ബലം.സാമ്പത്തിക ആരോപണങ്ങൾ ഒന്നു പോലും തനിക്കെതിരെ കേൾപ്പിക്കാത്ത കാര്യത്തിൽ ജയരാജനെ അണികൾക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയും പിന്നീട് ഉണ്ടായ സംഭവങ്ങളും പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയ ഈ സമയത്ത് ജയരാജനെ പോലെ ഒരാളാണ് സെക്രട്ടറി സ്ഥാനത്തേക്ക് വരേണ്ടത് എന്നായിരുന്നു പാർട്ടി അണികളിൽ നല്ലൊരു വിഭാഗം കരുതിയത്. എന്നാൽ ജയരാജൻ കോടിയേരിയുമായും അത്ര നല്ല ബന്ധത്തിലല്ല. എം വി ഗോവിന്ദൻ മാസ്റ്ററും അണികൾക്കിടയിൽ നല്ല അംഗീകാരം ഉണ്ട്. നേരത്തെ ആന്തൂറിലെ വ്യവസായി സാജന്റെ മരണം അദ്ദേഹത്തിന് ഇമേജിന് കോട്ടം തട്ടിച്ചിരുന്നെങ്കിലും ഈയിടെ മരണത്തിന്റെ യഥാർഥ കാരണങ്ങൾ പുറത്തുവന്നതോടെ ആ പ്രശ്നം അവസാനിച്ച മട്ടാണ്. പാർട്ടി സെക്രട്ടറിയാവുമെന്ന് ഏറ്റവും കുടുതൽ പറഞ്ഞുകേട്ട പേരും വിജയരാഘവന്റെത് ആയിരുന്നു.

അതേസമയം സിപിഎമ്മിൽ കോടിയേരി യുഗം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. ചികിൽസാർഥം എടുത്ത അവധി കഴിഞ്ഞുവന്നാലും അദ്ദേഹം വിശ്രമ ജീവിതം നയിക്കാനാണ് സാധ്യത. ഇനിയൊരു ടേ കൂടി അദ്ദേഹത്തിന് നീട്ടിക്കിട്ടുക പ്രയാസമാണ്. കാരണം മക്കൾ ഉണ്ടാക്കിയ വിവാദങ്ങളുടെ പേരിൽ സിപിഎം അത്രയേറെ നാണം കെട്ടിരിക്കയാണ്. പലപ്പോഴും നവമാധ്യമങ്ങളിലടക്കം വൻ രോഷമാണ് സിപിഎം പ്രവർത്തകർ കോടിയേരിക്കുനേരെ ഉയർത്തിയത്.