കണ്ണൂർ: നഴ്സിങ് സുപ്രണ്ടുമാർ നഴ്സുമാരെ മാനസികമായി പീഡിപ്പിക്കുന്നു എന്നും നിർബന്ധിത അധിക ജോലി ചെയ്യിപ്പിക്കുന്നതായും പരാതി. കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് നഴ്സുമാർ സൂപ്രണ്ടുമാരുടെ പീഡനത്തിരയാകുന്നത്. പീഡനം സഹിക്കാതെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി നഴ്സുമാർ ജോലി ഉപേക്ഷിച്ചു പോയി. ഇപ്പോഴും ജോലി ചെയ്യുന്നവർ വരും ദിവസങ്ങളിൽ രാജിക്കത്ത് നൽകുമെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ കുറേ മാസങ്ങളായിട്ടാണ് ശ്രീചന്ദ് ആശുപത്രിയിലെ ജീവനക്കാർക്ക് കൊടിയ പീഡനം നേരിടേണ്ടി വരുന്നത്. നിസ്സാര കാര്യങ്ങൾക്ക് നഴ്സുമാരെ മാനസികമായി പീഡിപ്പിക്കുകയാണ് സൂപ്രണ്ടുമാർ. മൂന്ന് സുപ്രണ്ടുമാർക്കെതിരെയാണ് ആശുപത്രി ജീവനക്കാർ പരാതി ഉന്നയിക്കുന്നത്. ഇതിൽ ഒരു സൂപ്രണ്ട് മുൻപ് ജീവനക്കാരോട് മോശമായി പെരുമാറിയതിന് മാനേജ്മെന്റ് ശാസിച്ചതാണ്. പിന്നീട് ഇവർ വീണ്ടും പഴയപടി തന്നെയാണ് പെരുമാറുന്നതെന്ന് ജീവനക്കാർ മറുനാടനോട് പറഞ്ഞു.

ഇവരുടെ പീഡനം സഹിക്ക വയ്യാതെ നഴ്സുമാർ ജോലി രാജിവച്ചു പോയതോടെ മറ്റു നഴ്സുമാർക്ക് അധിക ജോലി നൽകുകയാണ് ഇവർ. 8 മണിക്കൂർ ജോലിയാണ് ഒരു ഷിഫ്റ്റിലുള്ളത്. വീണ്ടും 8 മണിക്കൂർ കൂടി ജോലി ചെയ്യിപ്പിക്കുകയാണ്. ഇതോടെ ശാരീരികമായി ഏറെ ബുദ്ധിമുട്ടുകൾ ജീവനക്കാർ നേരിടുകയാണ്. ഇതിനിടയിലാണ് നിസ്സാര കാര്യങ്ങൾക്ക് പോലും ജീവനക്കാരുടെമേൽ സൂപ്രണ്ടുമാർ അനാവശ്യ കുറ്റപ്പെടുത്തലുകൾ നടത്തുന്നത്.

കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഹീറോകളായി മാറിയത് നഴ്‌സുമാരും ആരോഗ്യ പരിപാലന വിദഗ്ധരുമാണ്. അവരെ ദൈവത്തെ പോലെ കണ്ടാണു പലരും ആരാധിച്ചത്. കോവിഡ് പോരാട്ടത്തിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന നഴ്സുമാരുടെ ന്യായമായ അവകാശങ്ങൾപോലും കവർന്നെടുത്ത്, അവരുടെ മനോവീര്യം തകർക്കുന്ന രീതിയിലാണ് ശ്രീചന്ദിലെ നഴ്സിങ് സുപ്രണ്ടുമാർ പെരുമാറുന്നത്. തിരക്ക് കാരണവും ജീവനക്കാരുടെ കുറവുമൂലം മിക്ക നഴ്സുമാരും ഇരട്ടിയിലധികം രോഗികളെയാണ് നോക്കുന്നത്. വിശ്രമം കൊടുക്കണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തിയാണ് നിർബന്ധിതമായി നഴ്സുമാർക്ക് അധിക ഡ്യൂട്ടിനൽകുന്നത്.

ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടുമാരുടെ പീഡനം മാനേജ്മെന്റ് ഇതുവരെ അറിഞ്ഞിട്ടില്ല എന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ആശുപത്രി പി.ആർ.ഒ സനൂപിനോട് ഇക്കാര്യം ചോദിച്ചപ്പോൾ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്ന് അറിയിച്ചു. ഏതെങ്കിലും തരത്തിൽ ജീവനക്കാർക്ക് ബുദ്ധിമുട്ടുകളോ പരാതികളോ ഉണ്ടെങ്കിൽ ആശുപത്രിയിലെ ഉന്നത അധികാരികൾ പരാതിനൽകാമെന്നും ഇങ്ങനെ ഒരു വിഷയം അറിഞ്ഞ സ്ഥിക്ക് അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കാമെന്നും സനൂപ് പറഞ്ഞു.

കണ്ണൂരിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. സ്റ്റാഫുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത ശമ്പളം കൃത്യമായി നൽകുന്നുമുണ്ട്. കൊറോണക്കാലത്ത് പോലും ശമ്പളം മുടങ്ങാതെയും കോറോണ പിടിപെട്ട ജീവനക്കാർക്ക് മുടങ്ങാതെ വേദനം നൽകുകയും ചെയ്തിരുന്നു. അത്തരത്തിൽ ജീവനക്കാരെ സംരക്ഷിക്കുന്ന ആശുപത്രിയായതിനാൽ അവർക്ക് ഒര പ്രശ്നം വരുമ്പോൾ മാനേജ്മെന്റ് കൃത്യമായി ഇടപെടുമെന്നും പി.ആർ.ഒ വ്യക്തമാക്കി.