കണ്ണൂർ: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് ഷോ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മൗനം പാലിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം' അന്നത്തെ കോൺഗ്രസ് എംഎ‍ൽഎ അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപി ഉപാധ്യക്ഷനാണെങ്കിലും അന്നത്തെ ടുറിസം മന്ത്രി എ.പി അനിൽകുമാർ ഇപ്പോഴും കെപിസിസി ഭാരവാഹി കൂടിയാണ്. എന്നാൽ അന്നത്തെ ടൂറിസം മന്ത്രിയാണ് അഴിമതിക്ക് ചുക്കാൻ പിടിച്ചതെന്ന അബ്ദുള്ളക്കുട്ടിയുടെ ആരോപണം ചെന്നു തറയ്ക്കുന്നത് തന്നിലായതു കൊണ്ടു തന്നെ ആരോപണം അടിസ്ഥാന രഹിതമാണെന്ന വ്യക്തിഗതമായ വിശദീകരണം നൽകേണ്ട ഗതികേടിലായി അനിൽകുമാർ.

കോൺഗ്രസ് സംസ്ഥാന ഘടകമോ ജില്ലാ നേതൃത്വമോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. കോഴപ്പണ വിവാദത്തിൽ കുടുങ്ങിയ കെ.സുരേന്ദ്രന് സ്വന്തം പാർട്ടിയിൽ നിന്നും ലഭിക്കുന്ന പിൻതുണയുടെ ഒരംശം പോലും അനിൽകുമാറിന് സ്വന്തം പാർട്ടിയിൽ നിന്നും ലഭിച്ചിട്ടില്ല.എന്നാൽ അബ്ദുള്ള കുട്ടിക്ക് സുരക്ഷാ കവചമൊരുക്കാൻ ബിജെപി കണ്ണുർ ജില്ലാ നേതൃത്വം രംഗത്തിറങ്ങിയിട്ടുമുണ്ട്. അഴിമതിയാരുനടത്തിയാലും അവർ ശിക്ഷിക്കപ്പെടണമെന്നാണ് പാർട്ടി നയമെന്നാണ് ഈ വിഷയത്തിൽ കണ്ണുർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാൾ പ്രതികരിച്ചത്.

മാത്രമല്ല അന്ന് അബ്ദുള്ളക്കുട്ടിയും അനിൽ കുമാറും കെ.സി വേണുഗോപാലുമടങ്ങിയ മൂവർ സംഘം പാർട്ടിക്കുള്ളിൽ കൈയടി നേടാൻ മത്സരിക്കുകയായിരുന്നു.ഇവർ നടത്തിയ വിദേശയാത്രകളടക്കം അന്ന് മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു. ഈ സാഹചര്യത്തിൽ അഴിമതിയാരോപണം ഉയരുമ്പോൾ പരസ്പരം തള്ളിപ്പറയുന്നതിൽ കാര്യമില്ലെന്നും ഉന്നത കോൺഗ്രസ് നേതാവ് പറഞ്ഞു. എതിർ പാളയത്തിൽ നിന്നും അബ്ദുള്ളക്കുട്ടിയെ ആനയിച്ചുകൊണ്ടുവന്ന് കോൺഗ്രസിൽ പ്രതിഷ്ഠിക്കുകയും പാർട്ടിക്കായി വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്തവരെ അരിക് വൽക്കരിക്കുകയും ചെയ്ത കെ.സുധാകരന്റെ തെറ്റായ തീരുമാനത്തിന്റെ ഭവിഷ്യത്താണ് പാർട്ടി അനുഭവിക്കുന്നതെന്ന് വിമർശിക്കാനും അദ്ദേഹം മറന്നില്ല.

ഇതിനിടെ കണ്ണൂർകോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ ക്രമക്കേടിന് മറയാക്കിയത് പ്രത്യേക കമ്മിറ്റിയെയാണെന്ന ' വിവരവും പുറത്തു വന്നിട്ടുണ്ട്. എംഎൽഎയായിരുന്ന എ പി അബ്ദുള്ളക്കുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ നടപടികൾക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്. 'ചരിത്രം പറയുന്ന' ലൈറ്റ് ആൻഡ് ലൈറ്റ് ഷോയുടെ ടെൻഡർ നടപടികൾക്കുമാത്രമായി കമ്മിറ്റി രൂപീകരിച്ചതാണ് സംശയമുയർത്തുന്നത്.

പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ ഉത്തരവിറക്കണമെന്ന ആവശ്യവുമായി ടൂറിസം മന്ത്രി എ പി അനിൽകുമാറിനാണ് അബ്ദുള്ളക്കുട്ടി കത്തയച്ചത്. ഡിടിപിസിയുടെ ആവശ്യപ്രകാരമെന്നാണ് കത്തിൽ സൂചിപ്പിച്ചത്. ടെൻഡർ നടപടികൾക്കായി പ്രത്യേക കമ്മിറ്റിയുടെ ആവശ്യമെന്തെന്ന സംശയം അന്നുതന്നെ ടൂറിസം വകുപ്പിലെ ഉന്നതർ ഉന്നയിച്ചിരുന്നു. എന്നാൽ, എംഎൽഎയുടെ സമ്മർദത്തിൽ ആവശ്യമായ നടപടിയെടുക്കാൻ മന്ത്രി ടൂറിസം സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കമ്മിറ്റിയുടെ പ്രൊപ്പോസൽ സമർപ്പിക്കാൻ കലക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ നിർമ്മാണച്ചുമതലയുണ്ടായിരുന്ന കിറ്റ്കോ ബംഗളുരുവിലെ കൃപ ടെൽകോമിനാണ് ഉപകരാർ നൽകിയത്. കൃപ, ടെൻഡർ നടപടികളിൽപ്പോലും പങ്കാളിയല്ലാതിരുന്ന സിംപോളിൻ എന്ന കമ്പനിക്ക് നിർമ്മാണച്ചുമതല മറിച്ചുനൽകി. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ചോ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചോ ഒരു പരിശോധനയും ഉണ്ടായിരുന്നില്ല.

കുടുതൽ തുക കാണിച്ച കമ്പനിക്കാണ് കിറ്റ്കോ ഉപകരാർ നൽകിയത്. ഇവരുടെ പ്രവർത്തനമികവ് അവതരിപ്പിച്ചായിരുന്നു അസാധാരണ നടപടി. ഇതിനും പ്രത്യേക കമ്മിറ്റിയെ ഉപയോഗപ്പെടുത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. പദ്ധതിയുടെ പ്രൊപ്പോസൽ തയ്യാറാക്കിയതുമുതൽ എംഎൽഎയടക്കമുള്ളവരുടെ ഇടപെടൽ സംശയകരമാണെന്ന് വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയുമായി നിരന്തരം കൂടിയാലോചനകൾ നടത്തിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ഇവർ തമ്മിലുള്ള കത്തിടപാടുകളും യോഗങ്ങളും വെളിപ്പെടുത്തുന്നു. മന്ത്രിയുടെ ചേംബറിലടക്കം ഇതുസംബന്ധിച്ച യോഗങ്ങൾ നടന്നതായും രേഖയുണ്ട്. പദ്ധതിയുടെ ചില നടപടിക്രമങ്ങളിൽ കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സംശയകരമായ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.

കണ്ണൂർ കോട്ടയുടെ ചരിത്രത്തിന് ദൃശ്യവിരുന്നൊരുക്കുകയായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ ലക്ഷ്യമിട്ടത്. അറക്കൽ, ചിറക്കൽ രാജവംശത്തിന്റെ ചരിത്രവും ഷോയയിലൂടെ അനാവരണം ചെയ്യുന്നതിനും ലക്ഷ്യമിട്ടു. ചരിത്രം പറയുന്ന പദ്ധതിയുടെ ഉള്ളടക്കം തയ്യാറാക്കാൻ ചരിത്രകാരന്മാരുടെ ശിൽപ്പശാലയൊന്നും നടത്തിയില്ല. ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്ന പദ്ധതി തന്നെ 'തട്ടിക്കൂട്ടിയ' അബ്ദുള്ളക്കുട്ടി ഭരണത്തിന്റെ മറവിൽ വൻവെട്ടിപ്പിന് വഴിയൊരുക്കുകയായിരുന്നുവെന്നാണ് ആരോപണം.

മൂന്നരക്കോടി രൂപ ചെലവഴിച്ച് സജ്ജീകരിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരു ദിവസം മാത്രമാണ് പ്രവർത്തിച്ചത്. ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലെ അഴിമതി അന്വേഷിക്കുന്നത്. ടെൻഡറുമായി ബന്ധപ്പെട്ട കമ്പനികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് വിജിലൻസ്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അബ്ദുള്ളക്കുട്ടിയെ വീണ്ടും ചോദ്യംചെയ്തേക്കുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന.