തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്നും കാനം പ്രതികരിച്ചു.ബിനീഷ് സർക്കാരിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേർത്തു. അതേസമയം ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യുന്നുണ്ട്. എൻഫോഴ്‌സ്‌മെന്റിന്റെ ബെംഗളൂരുവിലെ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം നേരത്തെ കേസിൽ പിടിയിലായ അനൂപിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയ ബിനീഷ് ബിസിനസിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചുവെന്നും എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിവിധ അക്കൗണ്ടുകളിൽ നിന്ന് നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണം വന്നെന്നും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പറഞ്ഞു.