കോഴിക്കോട്: ഒരു മാസത്തിലേറെ ആയി നിലനിന്നിരുന്ന ഐഎൻഎൽ പ്രശ്നം പരിഹരിക്കപ്പെടുമ്പോൾ ഇടതു രാഷ്ട്രീയത്തിലെ താരമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പാർട്ടിയിൽ പിളർപ്പ് എന്ന പ്രശ്നം പൂർണമായി പരിഹരിക്കാൻ നിർണായക ഇടപെടലാണ് കാന്തപുരം നടത്തിയത്. പലഘട്ടത്തിൽ നിലച്ചുപോയ ചർച്ചകൾ ഒടുവിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേരിട്ട് ഇടപെട്ടപ്പോൾ ആണ് ഫലപ്രാപ്തിയിൽ എത്തിയത്. പുറത്താക്കിയ എല്ലാ നേതാക്കളെയും തിരിച്ചെടുക്കാനും സംസ്ഥാന പ്രസിഡന്റായി പ്രഫ. എ.പി.അബ്ദുൽ വഹാബ് സ്ഥാനമേൽക്കാനും ധാരണയായി.

പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ ജൂലൈ രണ്ടിനു കോഴിക്കോട്ട് ചേർന്ന യോഗത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് കൊച്ചിയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ വിഭാഗീയത രൂക്ഷമാവുകയും പ്രവർത്തകർ തെരുവിൽ തമ്മിൽത്തല്ലുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ പുറത്താക്കിയതായി സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗവും, കാസിം ഇരിക്കൂറിന്റെ വിഭാഗത്തെ പുറത്താക്കിയതായി വഹാബ് വിഭാഗവും പ്രഖ്യാപിച്ചതോടെ പിളർപ്പു പൂർണമായി. എ.പി. അബ്ദുൽവഹാബിനെ പുറത്താക്കിയതായി അടുത്ത ദിവസം ദേശീയ പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ചർച്ചകൾ നടന്നതും ഇപ്പോൾ പ്രശ്‌ന പരിഹാരത്തിലേക്ക് കാര്യങ്ങൽ എത്തിയതും.

പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ എപി അബ്ദുൾ വഹാബ് വിഭാഗത്തിന്റെ വിജയം ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സമവായത്തെ വിലയിരുത്തുന്നത്. ഏകപക്ഷീയമായി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുൾ വഹാബ് തൽസ്ഥാനത്ത് തിരിച്ചെത്തപ്പെട്ടപ്പോൾ അപ്രസക്തമാക്കപ്പെട്ടത് ഐഎൻഎലിന്റെ ദേശീയ നേതൃത്വമാണ്.

സമവായ ചർച്ചകൾ നടക്കുന്നതിനിടയിലും രണ്ട് വിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ഥിതി വിശേഷം ആയിരുന്നു ഐഎൻഎലിൽ ഉണ്ടായിരുന്നത്. സമവായത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ധാരണയിൽ നിന്ന് കാസിം ഇരിക്കൂർ പക്ഷം പിറകോട്ട് പോയി എന്ന ആക്ഷേപം ആയിരുന്നു വഹാബ് വിഭാഗം ഉന്നയിച്ചിരുന്നത്. 

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ അബ്ദുൾ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യ ഘട്ടത്തിൽ അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നത്. എന്നാൽ കാസിം വിഭാഗത്തിന്റെ നിസ്സഹകരണത്തെ തുടർന്ന് ചർച്ചകൾ മരവിപ്പിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്തകൾ. എൽഡിഎഫിൽ ഇത് വലിയ കോളിളക്കം സൃഷ്ടിക്കും എന്ന ഘട്ടത്തിലാണ് വീണ്ടും ചർച്ചകൾ തുടങ്ങുകയും കാന്തപുരം തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുകയും ചെയ്തത്. രണ്ട് വിഭാഗവുമായും ആദ്യം കാന്തപുരം ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ചകൾ നടത്തുകയും പിന്നീട് രണ്ട് കൂട്ടരേയും ഒരുമിച്ചിരുത്തി ചർച്ച ചെയ്യുകയും ആയിരുന്നു.

കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റിനെ ദേശീയ പ്രസിഡന്റ് പുറത്താക്കിയത് എന്നതായിരുന്നു വഹാബ് പക്ഷത്തിന്റെ ആക്ഷേപം. ഇതിന് മുമ്പും സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ ദേശീയ പ്രസിഡന്റ് കേരളത്തിൽ നടത്തിയ ചില നീക്കങ്ങൾക്ക് വിമർശന വിധേയമായിരുന്നു. എന്നാൽ ഇപ്പോൾ അതേ ദേശീയ നേതൃത്വത്തിനാണ് ശക്തമായ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ദേശീയ പ്രസിഡന്റ് എടുത്ത നടപടി, പൂർണമായും റദ്ദ് ചെയ്യപ്പെടുകയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

കേരളത്തിലെ പാർട്ടിയുടെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അനാവശ്യ ഇടപെടലുകൾ ഉണ്ടാകരുത് എന്നതായിരുന്നു വഹാബ് പക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഈ ആവശ്യം പൂർണമായും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഐഎൻഎലിലെ പ്രശ്നം അബ്ദുൾ വഹാബും ദേശീയ പ്രസിഡന്റും തമ്മിലുള്ളതാണെന്ന് നേരത്തെ കാസിം ഇരിക്കൂർ വ്യക്തമാകകിയിരുന്നു. എന്തായാലും കാസിം ഇരിക്കൂറിന്റെ വീക്ഷണ കോണിൽ പോലും വിഷയം ആ വിധത്തിൽ പരിഹരിക്കപ്പെട്ടിരിക്കുന്നു എന്ന് വേണം വിലയിരുത്താൻ. ഇനി ഇടതുമുന്നണിയിലെ സ്ഥാനം സംബന്ധിച്ചും ആശയക്കുഴപ്പം ഉണ്ടാവില്ല.

കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണം എന്നതായിരുന്നു വഹാബ് പക്ഷത്തിന്റെ മറ്റൊരു ആവശ്യം. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ എപി അബ്ദുൾ വഹാബും സന്നദ്ധനായിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. എപി അബ്ദുൾ വഹാബ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെ എത്തുകയും കാസിം ഇരിക്കൂർ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയും ചെയ്യും.

മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു വഹാബ് വിഭാഗം മറ്റൊരു ഡിമാൻഡ് ഉന്നയിച്ചത്. പാർട്ടിയിലെ പിളർപ്പിന് ശേഷം തുടങ്ങിയ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ റദ്ദ് ചെയ്യണം എന്നതായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ ഇരുപക്ഷവും ഒത്തുതീർപ്പിൽ എത്തിയിട്ടുണ്ട് എന്നാണ് വിവരം. മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട് ഒരു തർക്കത്തിന് സാധ്യതയില്ലെന്നായിരുന്നു കാസിം ഇരിക്കൂർ മുമ്പ് പ്രതികരിച്ചിരുന്നത്. സമവായ ചർച്ചകൾക്കിടെ മെമ്പർഷിപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് പാർട്ടി പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നായിരുന്നു വഹാബ് വിഭാഗത്തിന്റെ ആരോപണം. എന്തായാലും ആ വിഷയവും ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ.

2018 മുതൽ ഐഎൻഎലിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് തിരികെ പാർട്ടിയിലേക്ക് വരാനുള്ള അവസരം ഒരുക്കാൻ ധാരണയായിട്ടുണ്ട് എന്നാണ് വിവരം. നാഷണൽ സെക്യുലർ കോൺഫറൻസിൽ നിന്ന് എത്തിയ നേതാക്കളുടെ കാര്യത്തിലും ഇതേ സമീപനം തന്നെ ആകുമോ ഉണ്ടാവുക എന്നതിൽ വ്യക്തതയില്ല.

ഐഎൻഎൽ പ്രശ്നങ്ങൾ അനുരഞ്ജനത്തിൽ എത്തി എന്നത് രാഷ്ട്രീയമായി പല മാനങ്ങൾ ഉള്ള കാര്യമാണ്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിലൂടെ ഒരു രാഷ്ട്രീയ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു എന്നത് അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിവാദത്തിനും വലിയ രാഷ്ട്രീയ മൈലേജ് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. അതുപോലെ തന്നെ കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ ഐഎൻഎലിന് ഭാവിയിൽ ലഭിച്ചേക്കാമെന്ന സാധ്യതയും തുറന്നുവയ്ക്കുന്നുണ്ട്.

പാർട്ടിയിലെ തർക്കത്തിന്റെ പേരിൽ മന്ത്രി സ്ഥാനവും മുന്നണി അംഗത്വവും നഷ്ടമാകും എന്ന നിലയിൽ ആയിരുന്നു ഐഎൻഎൽ. ആ പ്രതിസന്ധി ഇപ്പോൾ പൂർണമായും മറികടക്കാൻ ആയി എന്നതാണ് അവരെ സംബന്ധിച്ചുള്ള ആശ്വാസം. പാർട്ടി രൂപീകരിച്ച് കാൽ നൂറ്റാണ്ട് ആയപ്പോൾ മാത്രമായിരുന്നു ഐഎൻഎലിന് മുന്നണി പ്രവേശനം സാധ്യമായതിന് അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലേ വിജയിക്കാൻ ആയുള്ളു എങ്കിലും ആദ്യം തന്നെ മന്ത്രിസ്ഥാനവും എൽഡിഎഫ് നൽകിയിരുന്നു. തർക്കം പരിഹരിക്കപ്പെടാതെ മുന്നോട്ട് നീങ്ങിയ സാഹചര്യത്തിൽ സിപിഎം അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു. ഇതോടെ മുസ്ലിംവിഭാഗത്തിലെ ഒരാളുടെ മന്ത്രിസ്ഥാനം പോകാതിരിക്കാൻ കൂടിയാണ് കാന്തപുരം കളത്തിൽ ഇറങ്ങിയത്.