ചെന്നൈ: തമിഴ്‌നാട് പൊലീസിലെ സൂപ്പർ ഹീറോയാണ് കന്തസ്വാമി ഐപിഎസ്. വിക്രം നായകനായ പഴയ സിനിമയുടെ പേര്. സിബിഐ ഓഫീസറുടെ വേഷത്തിൽ വിക്രം അഭിനയിച്ചപ്പോൾ ആ കഥാപാത്രത്തിന് കന്തസ്വാമിയുടെ പേര് നൽകിയത് ഈ പൊലീസുകാനോടുള്ള ആദരവ് കൂടിയാണെന്ന വാദം അന്നുയർന്നിരുുന്നു. ആ കന്തസ്വാമിയാകും ഇനി അഴിമതി വിരുദ്ധ പോരാട്ടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൂട്ട്.

അഴിമതിക്കെതിരെ പടപൊരുതാൻ സ്റ്റാലിന് കൂട്ട് അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസുകാരൻ. തമിഴ്‌നാട് പൊലീസിന്റെ വിജിലൻസ്, അഴിമതി വിരുദ്ധ വിഭാഗം ഡിജിപിയായി ഐപിഎസ് ഉദ്യോഗസ്ഥൻ പി. കന്തസ്വാമിയെ ഡിഎംകെ സർക്കാർ നിയമിച്ചത് അഴിമതിയെ തകർക്കുമെന്ന പ്രഖ്യാപനം കൂടിയാണ്. സൊഹ്‌റാബുദ്ദീൻ ഷെയ്ക് ഏറ്റുമുട്ടൽ കേസിൽ 2010ൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്തത് കന്തസ്വാമിയായിരുന്നു. ആർക്കും വഴങ്ങാത്ത വ്യക്തിത്വമാണ് കന്തസ്വാമി.

അധികാരത്തിലെത്തിയാൽ എഐഎഡിഎംകെ മന്ത്രിസഭയിലെ അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ നീങ്ങുമെന്ന് പ്രചാരണത്തിൽ ഉടനീളം എം.കെ. സ്റ്റാലിൻ പ്രസ്താവിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കും മറ്റു മന്ത്രിമാർക്കുമെതിരെ ഗവർണർ ബൻവാരിലാൽ പുരോഹിതിനും വിജിലൻസ് വിഭാഗത്തിനും പ്രതിപക്ഷത്തായിരുന്ന ഡിഎംകെ നിരവധി അഴിമതി ആരോപണങ്ങളും പരാതികളും സമർപ്പിച്ചിരുന്നു. ഇതെല്ലാം കന്തസ്വാമി പരിശോധിക്കും. മുഖ്യമന്ത്രി സ്റ്റാലിന്റെ അഴിമതി വിരുദ്ധ ഇമേജിന് കന്തസ്വാമിയുടെ നിയമനം പുതു തലം നൽകും.

തമിഴ്‌നാട് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ കന്തസ്വാമി സിബിഐ ഐജി ആയിരിക്കുമ്പോഴാണ് അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കി. 2007ൽ ഗോവയിൽ ബ്രിട്ടിഷ് കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ പിടികൂടിയത് കന്തസ്വാമിയുടെ നേതൃത്വത്തിലാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്എൻസി ലാവ്ലിൻ കേസും കന്തസ്വാമി അന്വേഷിച്ചിട്ടുണ്ട്. എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരെ ലക്ഷ്യമിട്ടാണ് കന്തസ്വാമിയുടെ നിയമനമെന്നാണ് സൂചന.

2010-ൽ സൊഹ്റാബുദ്ദീൻ ഷെയ്ക് ഏറ്റുമുട്ടൽ കേസിലെ കുറ്റാരോപണത്തിൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്യുമ്പോൾ അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു കന്തസ്വാമി.കന്തസ്വാമിയും അദ്ദേഹത്തിന്റെ കീഴ് ഉദ്യോഗസ്ഥനുമായ ഡിഐജി അമിതാഭ് താക്കൂറും ചേർന്നാണ് അമിത് ഷായെ അറസ്റ്റ് ചെയ്തത്. ഒരേ സമയം കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയ്ക്കുമെതിരേയാണ് സ്റ്റാലിന്റെ ഓരേ സമയം ആയുധമെടുത്തിരിക്കുന്നത്. ബിജെപിയെ പ്രകോപിപ്പിക്കാനും എഐഡിഎംകെയെ തകർക്കാനുമാണ് കന്തസ്വാമിയെ കൊണ്ടു വരുന്നത്.

2005ൽ സൊഹ്റാബുദ്ദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഒരു വർഷത്തിനുള്ളിൽ ഇവരുടെ സഹായിയായിരുന്ന തുളസീറാം എന്നയാളും കൊല്ലപ്പെട്ടു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് 2010ൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത് ഷാ അറസ്റ്റിലായി. ലാവ്‌ലിൻ കേസിൽ പ്രധാനപ്പെട്ട രേഖകൾ കണ്ടെടുത്തതും കന്തസ്വാമിയായിരുന്നു.