കണ്ണൂർ: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ തലശേരി പൊലിസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി രാഹുൽ ആർ. നായരുടെ ഉത്തരവ് പ്രകാരം കാപ്പചുമത്ത് ജയിലിൽ അടച്ചു. തലശേരി ലോട്ടസ് ടാക്കീസിനടുത്ത് താമസിക്കുന്ന ഷിജിൽ ബാബു(30)വിനെയാണ് ജയിലിൽ അടച്ചത്. തലശേരി ടൗൺ പൊലിസ് സ്റ്റേഷനിൽ മാത്രം നാലു കേസിൽ പ്രതിയാണ് ഷിജിൽ. സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ നൽകിയ റിപ്പോർട്ടു പ്രകാരമാണ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്.

അടുത്ത കാലത്തായി കാപ്പ ചുമത്തി നടപടി നേരിടുന്ന മൂന്നാമത്തെ ക്രിമിനൽ കേസ്സ് പ്രതിയാണ് ഷിജിൽ ബാബു. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.