മലപ്പുറം: മയക്കുമരുന്നു ഉപയോഗത്തെ അക്രമ സ്വഭാവം കാണിച്ച് നാട്ടുകാർക്കും പൊലീസുകാർക്കും തലവേദന സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ നാടുകടത്താൻ ഉത്തരവിട്ട് ഡി.ഐ.ജി. മലപ്പുറം പെരിന്തൽമണ്ണ പുത്തനങ്ങാടിയിലെ ആലിക്കൽ അജ്‌നാസി(27)നെതിരെയാണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമനുസരിച്ച് ജില്ലയിൽ നിന്നു നാടുകടത്താൻ തൃശൂർ മേഖലാ ഡിഐജി ഉത്തരവിട്ടത്.

മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്നതിനു പൊലീസ് കാപ്പ നിയമംചുമത്തിയാണ് വിലക്കേർപ്പെടുത്തിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷൽ റിപ്പോർട്ട് പ്രകാരമാണ് നടപടി. മലപ്പുറം,മങ്കട,പെരിന്തൽമണ്ണ, സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷൻ പരിധികളിലായി അടിപിടി,പൊതുമുതൽ നശിപ്പിക്കൽ,പിടിച്ചുപറി,ലഹരി വസ്തുക്കൾ കൈവശം വെക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് അജ്്നാസ്.

ഒരു വർഷക്കാലം മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്. ജില്ലയിൽ പ്രവേശിക്കണമെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങിക്കണം. പ്രതി മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലോ .ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഓഫീസിലോ വിവരം അറിയിക്കണന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ ജില്ലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും അവർക്കെതിരെയും കാപ്പ നിയമം നടപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.