തലശേരി: ഫസൽ വധക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ അറസ്റ്റു ചെയ്ത കാരായി രാജനും കാരായി ചന്ദ്രശേഖരനുമായി സിപിഎം അന്തിമ സമരത്തിനൊരുങ്ങുന്നു. ഇരുവരെയും നാടുകടത്തിയതിൽ പ്രതിഷേധിച്ചാണ് കാരായി രാജന്റെ ജന്മനാടായ കതിരുരിൽ സമരമരം നട്ടു പ്രതിഷേധിക്കുന്നത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതിയായ കുഞ്ഞനന്തന്റെ ചരമവാർഷികം സിപിഎം സമുചിതമായി ആചരിച്ചിരുന്നു. ഇത് വിവാദവുമായി. ഇതിന് പിന്നാലെയാണ് കാരായിമാർക്ക് വേണ്ടിയുള്ള സമര പോരാട്ടം

ഇതോടെ ഇരുവർക്കും ഉപാധികളില്ലാതെ ജാമ്യം അനുവദിക്കുന്നതിനായുള്ള പോരാട്ടം ആരംഭിക്കുമെന്ന് കതിരൂർ മേഖലയിലെ സിപിഎം നേതാക്കൾ പറഞ്ഞു. അറസ്റ്റു ചെയ്യപ്പെട്ടതിനെ തുടർന്ന് റിമാൻഡിലായ കാരായിമാർക്ക് എർണാകുളം ജില്ല വിട്ട് പുറത്തേക്ക് പോകരുതെന്ന കർശന നിർദ്ദേശത്തോടെയാണ് സിബിഐ കോടതി ജാമ്യം നൽകിയത്.അടിയന്തിര പ്രാധാന്യമുള്ള സന്ദർഭങ്ങളിൽ കോടതിയുടെ പ്രത്യേക അനുമതിയോടു കൂടി വേണം കണ്ണൂരിലെത്താൻ. ഇരുവരും തലശേരിയിലെത്തിയാൽ കേസ് അട്ടിമറിക്കപ്പെടുന്ന വാദം ഫസലിന്റെ ബന്ധുക്കൾക്കായി ഹാജരായ അഭിഭാഷകൻ ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.

ഇതിനെതിരെ സിപിഎം തലശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സിബിഐ ഓഫിസിന് മുൻപിൽ സിപിഎം പ്രവർത്തകർ പ്രതിഷേധ സമരം നടത്തിയിരുന്നു.കരായിമാരുടെ മോചനത്തിനായി സമരപരമ്പര തന്നെയാണ് കഴിഞ്ഞ കാലയളവിൽ സിപിഎം നടത്തിയത്. എന്നാൽ ഇതു കൊണ്ടൊന്നും വലിയ പ്രയോജനമുണ്ടായില്ല. ഇതിനിടെ തങ്ങളുടെ ആജ്ഞാനുവർത്തികളായ പൊലിസ് ഉദ്യോഗസ്ഥരെക്കൊണ്ട് ഒട്ടേറെ കഥകളും ഉപകഥകളും ഈ കാലയളവിലുണ്ടാക്കി.ഇതിനാ'യി ആർ.എസ്.എസുകാരനായ കുപ്പി സുബീഷ് ചോദ്യം ചെയ്യലിനിടെയിൽ നടത്തിയ കുറ്റസമ്മത മൊഴിയും പുറത്തു വന്നു നേരത്തെ സിപിഎം ആരോപിച്ചതു പോലെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സ്ഥാപിക്കുന്നതിനായിരുന്നു ഇത്.

എന്നാൽ കോടതിയിൽ ഇതു വിലപ്പോയില്ല. സി. പി. എം ആവശ്യപ്രകാരം കേസിലെ കുറ്റപത്രം റദ്ദ് ചെയ്യാൻ സിബിഐ യോ പ്രതികളെ വെറുതെ വിടാൻ കോടതിയോ തയ്യാറായില്ല.ഇതോടെയാണ് സിപിഎം നീക്കത്തിന്റെ മുനയൊടിഞ്ഞത്. 2016ൽ എൽ ഡി എഫ് അധികാരത്തിൽ വന്നിട്ടും കാരായിമാരുടെ മോചനം സാധ്യമാകാത്തതിൽ പാർട്ടിക്കുള്ളിൽ നിന്നു തന്നെ കടുത്ത വിമർശനമുയർന്നിരുന്നു. ലാവ്‌ലിൻ കേസിൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് സിബിഐ കേസിൽ നിന്നും വിടുതൽ നേടാൻ കഴിഞ്ഞിട്ടും കാരായിമാർക്ക് ഫസൽ വധക്കേസിൽ നിന്നും മോചനം ലഭിക്കാത്തത് സിപിഎമ്മിനുള്ളിൽ തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻ.ഡി.എഫ് പ്രവർത്തകനായ ഫസൽ വധക്കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം തന്നെ വീണ്ടും സമരപരിപാടികളുമായി രംഗത്തിറങ്ങിയിട്ടുള്ളത്.

നീതി നിഷേധത്താൽ കൊടുംപീഡനം അനുഭവിക്കുന്ന സി പി . എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വേണ്ടി കതിരൂരിൽ 40 കേന്ദ്രത്തിൽ ചൊവ്വാഴ്ച സമരമരം നട്ടു കൊണ്ട് സമര പരമ്പരയ്ക്കു തന്നെ ഒരുങ്ങുകയാണെന്ന് കതിരുരിലെ പ്രാദേശിക നേതാക്കൾ അറിയിച്ചു. നീതിമരം ഇതൊരു സമര മരം എന്ന സന്ദേശവുമായാണ് ചൊവ്വാഴ്‌ച്ച വൃക്ഷത്തൈ നട്ട് പ്രതിഷേധിക്കുന്നത്. പുരോഗമന കലാസാഹിത്യ സംഘവും കതിരൂർ പഞ്ചായത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുമാണ് സമരം സംഘടിപ്പിക്കുന്നത്.രാജ്യത്ത്
കേട്ടുകേൾവിയില്ലാത്ത നീതിനിഷേധമാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും അനുഭവിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

വിചാരണയില്ലാതെ, നാട്ടിൽ വരാൻ അനുവദിക്കാതെ ദ്രോഹിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണിത്. മനുഷ്യാവകാശ കമീഷന് മുന്നിലടക്കം ഈ വിഷയം എത്തിക്കും. നീതിതേടി ചീഫ് ജസ്റ്റിസിനും ഭീമ ഹർജി സമർപ്പിക്കുന്നതടക്കം ആലോചിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഫസൽ കേസിൽ പ്രതി ചേർക്കപ്പെട്ടവർക്കെല്ലാം ജാമ്യം അനുവദിച്ചതാണ്. കാരായി രാജനും ചന്ദ്രശേഖരനും ഉപാധികളില്ലാതെ ജാമ്യം അനുവദിക്കുന്നതിന് എന്ത് തടസ്സമാണെന്ന് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കുറ്റം ചെയ്തവർ ഏറ്റുപറഞ്ഞിട്ടും എന്തുകൊണ്ട് കേസിൽ പുനരന്വേഷണം നടത്തുന്നില്ല. നീതി നിഷേധിക്കപ്പെടുന്ന എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും സംഘാടകർ പറഞ്ഞു.

പ്രതിഷേധത്തിൽ എംപി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, കായികതാരങ്ങൾ, കലാകാരന്മാർ, ഗ്രന്ഥശാലാ പ്രവർത്തകർ, ചലച്ചിത്ര സംവിധായകർ, എഴുത്തുകാർ എന്നിവർ പങ്കെടുക്കുമെന്ന് കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ, കെ വി പവിത്രൻ, ശ്രീജിത്ത് ചോയൻ, എ കെ ഷിജു, എ പവിത്രൻ എന്നിവർ അറിയിച്ചു.