കായംകുളം: ചേപ്പാട് കരീലക്കുളങ്ങര വാഹനാപകടത്തിൽ ദുരൂഹത തീരുന്നില്ല. അപകട ശേഷം മുങ്ങിയ കാപ്പ കേസ് പ്രതി പുള്ളിക്കണക്ക് സ്വദേശി അൻസാബിനെ കുറിച്ച് ഒരു വിവരവും പൊലീസിനില്ല. പരിക്കേറ്റ അൻസാബിനെ ആശുപത്രിയിൽ നിന്നാണ് കാണാതായത്. ഇത് പൊലീസിന്റെ വലിയ വീഴ്ചയായിരുന്നു. കാപ്പാ കേസിലെ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആശുപത്രിയിൽ പൊലീസ് മതിയായ സുരക്ഷ ഏർപ്പെടുത്തിയില്ല. ഇതാണ് രക്ഷപ്പെടലിന് അവസരമൊരുക്കിയത്.

അൻസാബിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കായംകുളം സ്റ്റേഷൻ പരിധിയിലെ മറ്റു കാപ്പ കേസ് പ്രതികളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കായംകുളം സ്റ്റേഷൻ പരിധിയിൽനിന്ന് എട്ടു പേരെയാണ് കാപ്പ ചുമത്തി നാടുകടത്തിയിട്ടുള്ളത്. ഇവരിൽ വെറ്റ മുജീബ്, അഖിൽ അഷ്‌കർ എന്നിവർ മറ്റു കേസുകളിൽ ജയിലിലാണ്. അൻസാബും കൂട്ടാളി പുള്ളിക്കണക്ക് റിയാസും സംഘവും കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് കരീലക്കുളങ്ങരയിൽ അപകടത്തിൽ പെട്ടതും റിയാസും അൻസാബിന്റെ ഭാര്യയും കുട്ടിയുമടക്കം 4പേർ മരിച്ചതും. ഭാര്യയുടെയും കുഞ്ഞിന്റെയും കബറടക്കത്തിന് അൻസാബ് എത്തിയില്ല.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അജ്മിയെ ചോദ്യം ചെയ്യാൻ കരീലക്കുളങ്ങര പൊലീസ് ശ്രമിച്ചെങ്കിലും ഇന്നലെ 7 മണിക്കൂർ നീണ്ട ശസ്ത്രക്രിയ കാരണം നടന്നില്ല. അജ്മി, അൻസാബ്, റിയാസ് എന്നിവരുടെ ഫോൺ വിളി വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അപകടം മനപ്പൂർവ്വം ഉണ്ടാക്കിയതാണോ എന്ന സംശയവും സജീവമാണ്. കാറിൽ 10 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുവച്ച നിലയിലായിരുന്നു. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന് തൊട്ടുമുൻപിലാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ടവരിൽ ക്രിമിനൽ കേസുകളിലെ പ്രതികളുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ ആദ്യം തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതിനാൽ രക്ഷാപ്രവർത്തനത്തിനു പിന്നാലെ വാഹനം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊട്ടാരക്കര സ്വദേശിയുടെ കാറാണിത്. അപകടത്തിൽ മരിച്ച കൊട്ടാരക്കര ആനക്കോട്ടൂർ വടക്കേക്കര ഉണ്ണിക്കുട്ടൻ (26) ഒരാഴ്ച മുൻപ് വാടകയ്‌ക്കെടുത്തതാണ്. ഉണ്ണിക്കുട്ടന്റെ സുഹൃത്തുകൊട്ടാരക്കര വല്ലം കൃഷ്ണവിഹാറിൽ അരുണിന്റെ ഭാര്യ ജിസ്മിയെ(അജ്മി) എറണാകുളത്തേക്കു കൊണ്ടുപോകാനാണ് ഇവർ പുലർച്ചേ കാറിൽ വന്നതെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. അരുൺ കഞ്ചാവുമായി പിടിയിലായതിനെ തുടർന്ന് റിമാൻഡിലാണ്. ജിസ്മി ഈ കേസിൽ പ്രതിയല്ലെങ്കിലും ഒറ്റയ്ക്കു താമസിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ, അരുണിന്റെ മറ്റൊരു സുഹൃത്തായ അൻസാബ് എറണാകുളത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിലേക്കു മാറ്റാനായിരുന്നു ശ്രമം.

അപകടത്തിൽ കാലിനു ഗുരുതരമായി പരിക്കേറ്റ ജിസ്മി ചികിത്സയിലാണ്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട അൻസാബ് ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം സ്ഥലം വിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അൻസാബിന്റെ ഭാര്യ ഐഷ ഫാത്തിമ (25), മകൻ ബിലാൽ (അഞ്ച്), കായംകുളം പുള്ളിക്കണക്ക് ഷെമീന മൻസിൽ റിയാസ് (27) എന്നിവരും കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടനുമാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച പുലർച്ചേ മൂന്നേകാലോടെയായിരുന്നു അപകടം.

അമിതവേഗത്തിൽ വന്ന കാർ മണൽ കയറ്റിവന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊട്ടാരക്കരയിലെ കഞ്ചാവു കേസിൽ റിമാൻഡിൽ കഴിയുന്ന അരുണും നങ്ങ്യാർകുളങ്ങരയിലെ അപകടത്തിൽ പരിക്കേറ്റ അൻസാബും മരിച്ച റിയാസും ഉണ്ണിക്കുട്ടനും വൻതോതിൽ കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ്. അപകട സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. ലോറിയിലെ മണലിൽ മഴവെള്ളം നിറഞ്ഞ നിലയിലായിരുന്നു. ഇതു കൂട്ടിയിടിയുടെ ആഘാതം കൂടാൻ കാരണമായി.

അപകടത്തെത്തുടർന്നു കാർ ലോറിയുടെ മുൻഭാഗത്തുകുടുങ്ങിയനിലയിൽ ആയിരുന്നു. യാത്രക്കാരിൽ ഒരാൾപോലും പുറത്തേക്കു തെറിച്ചുവീണിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. കാറിനുള്ളിൽപ്പെട്ടുപോയവരെ രക്ഷാപ്രവർത്തകർ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്.