ചെന്നൈ: സിൽവർ ലൈൻ പദ്ധതിയിലെ കല്ലിടലിൽ പുതിയ വിവാദം. സർവേക്കല്ലുകൾ നൽകാനും അവ സ്ഥാപിക്കാനും ഏറ്റിരുന്ന കരാറിൽ നിന്നു പിന്മാറുന്നതായി അറിയിച്ച് കെ റെയിലിന് ജനുവരിയിൽ കത്തു നൽകിയതായി ചെന്നൈയിലെ കമ്പനി അറിയിച്ചതാണ് ഇതിന് കാരണം.. ഇതോടെ ഇനി കല്ലിടാൻ കല്ലു കിട്ടുമോ എന്ന് ആർക്കും ഉറപ്പില്ല. എന്നാൽ, പ്രകടനം മോശമായതിനാലും കരാർ വ്യവസ്ഥകൾ പാലിക്കാതിരുന്നതിനാലും കമ്പനിയെ ഒഴിവാക്കുകയായിരുന്നെന്നു കെ റെയിൽ എംഡി വി.അജിത്കുമാർ വ്യക്തമാക്കി.

കോട്ടയം എറണാകുളം, തൃശൂർ മലപ്പുറം റീച്ചുകളിൽ കല്ലുകളെത്തിച്ചു സ്ഥാപിക്കാനാണു ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ കമ്പനിക്കു 2021 മേയിൽ കരാർ നൽകിയത്. ഇതു പ്രകാരം 180 ദിവസത്തിനകം ജോലികൾ പൂർത്തിയായില്ല. പ്രതിഷേധത്തെ തുടർന്നു നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാവില്ലെന്നു ബോധ്യപ്പെട്ടതോടെയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുമാണു 3 മാസം മുൻപു കത്ത് നൽകിയതെന്നു കമ്പനി പറഞ്ഞു. എന്നാൽ ഇത് കെ റെയിലും കരാറുകാരനും തമ്മിലെ ഒത്തുകളിയാണെന്നും സൂചനയുണ്ട്. കല്ലിടൽ പ്രതിസന്ധിയിൽ നിന്നും കമ്പനി ഏതായാലും രക്ഷപ്പെടുകയാണ്. ഇനി കല്ലിടൽ കരാർ പുതിയ ആർക്കെങ്കിലും നൽകും.

സിൽവൽ ലൈൻ പദ്ധതിയുടെ പേരിൽ നടന്നുവരുന്ന കല്ലിടൽ തൽക്കാലത്തേക്ക് നിർത്തിവെച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇടതു മുന്നണി യോഗത്തിൽ ഇത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ല. എങ്കിലും പ്രതിഷേധം തുടർന്നാൽ കല്ലിടൽ നിർത്തും. ഇത്തരമൊരു നീക്കത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളാണ്. ഏപ്രിൽ ആറു മുതൽ പത്തുവരെ കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസാണ് ഇതിലൊന്ന്. പാർട്ടി കോൺഗ്രസ് നടക്കുന്ന ദിവസങ്ങളിൽ കെ റെയിലിന്റെ പേരിലുള്ള വിവാദങ്ങൾ നിലനിർത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. വാർത്തകളും ജനശ്രദ്ധയും കല്ലിടൽ പ്രതിഷേധത്തിന് പിന്നാലെയാകുമ്പോൾ പാർട്ടി കോൺഗ്രസ് നനഞ്ഞ പടക്കമായി മാറും. അതുകൊണ്ടുതന്നെ ഈ ദിവസങ്ങൾ സമാധാനപരമാക്കാനാണ് സിപിഎം ആലോചന.

രണ്ടാമതായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷമാണ്. ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തിൽ രൂപം നൽകിയിട്ടുള്ള വാർഷികാഘോഷത്തിന്റെ തുടക്കമെങ്കിലും മറ്റ് വിവാദങ്ങൾക്ക് ഇടംപിടിക്കാൻ അവസരമുണ്ടാകരുതെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. മറ്റൊന്ന് കെ റെയിൽ പദ്ധതിയോടുള്ള സിപിഐയുടെ എതിർപ്പാണ്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു പരസ്യമായും സിപിഐ നേതാവ് കൂടിയായ റവന്യൂമന്ത്രി കെ. രാജൻ പരോക്ഷമായും നടത്തുന്ന വിമർശനങ്ങൾ സർക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കെ റെയിലിന്റെ പേരിൽ ജനത്തെ തെരുവിൽ നേരിടുന്നതിനെതിരെ പൊട്ടിത്തെറിച്ചാണ് കഴിഞ്ഞദിവസം പ്രകാശ് ബാബു രംഗത്തെത്തിയത്. എന്തിനാണിത്ര ധൃതിയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. റവന്യൂമന്ത്രിയാകട്ടെ കല്ലിടാൻ റവന്യൂവകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയിൽ കമ്പനിയുമായി കൊമ്പുകോർത്തു.

കല്ലിനെ ചൊല്ലിയുള്ള വിവാദങ്ങളും ഹൈക്കോടതിയുടെ പരാമർശങ്ങളും എടുത്തുകാട്ടിയാകും സർവേ നടപടികൾ തൽക്കാലം നിർത്തിവെക്കുന്നത്. എന്നാൽ ഇത് പരസ്യമായി പ്രഖ്യാപിച്ചേക്കാൻ ഇടയില്ല. അനൗദ്യോഗികമായി ഇത്തരമൊരു തീരുമാനം കെ റെയിൽ കമ്പനിയെയും റവന്യൂ, പൊലീസ് വകുപ്പുകളെയും അറിയിക്കും. കല്ലിടൽ വിവാദത്തിന് ഇടയിൽ പാർട്ടി കോൺഗ്രസ് വാർത്തകൾക്ക് പ്രാധാന്യം കുറയാതിരിക്കാനാണ് ഇത്.

കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇന്നലെ കൊല്ലം തഴുത്തലയിൽ കെ റെയിൽ സർവേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. ഗ്യാസ് സിലിണ്ടർ വരെ തുറന്നു വച്ച് ജനങ്ങൾ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഉദ്യോഗസ്ഥ നീക്കം പൊളിഞ്ഞത്. . രാവിലെ പ്രതിഷേധമുണ്ടായ തഴുത്തലയ്ക്ക് സമീപപ്രദേശത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ യുഡിഎഫ്, ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. പിന്നീട് പി.സി.വിഷ്ണുനാഥ് എംഎൽഎ ഇവിടെ എത്തുകയും ഉദ്യോഗസ്ഥരോട് സ്ഥലത്ത് നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വീട്ടമ്മമാരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കല്ലിടൽ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. വീടിന്റെ ഉമ്മറത്ത് ഗ്യാസ് സിലണ്ടർ തുറന്നു വച്ച് ചുവരിൽ ആത്മഹത്യ കുറിപ്പ് എഴുതി ഒട്ടിച്ച് തഴുത്തലയിലെ അജയകുമാറും ഭാര്യ സുധയുമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിക്കാൻ കയറും കെട്ടി ഈ കുടുംബം. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാർ ഒന്നടങ്കം തെരുവിലിറങ്ങി. പ്രതിഷേധത്തിനു പിന്തുണയുമായി പി.സി.വിഷ്ണുനാഥ് എം എൽ എ യുടെ നേതൃത്വത്തിൽ കോൺഗ്രസുകാരെത്തി.

ബിജെപി പ്രവർത്തകർ റോഡിൽ അടുപ്പു കൂട്ടി. കല്ലുമായെത്തിയ വാഹനത്തിൽ കയറിയും പ്രതിഷേധമുണ്ടായി. ഇന്നും ഇത്തരം പ്രതിഷേദങ്ങൾ തുടരും.