പാരീസ്: ആറു വർഷത്തെ ഇടവേളക്കുശേഷം ഫ്രാൻസ് ദേശീയ ടീമിൽ തിരച്ചെത്തി സൂപ്പർ താരം കരീം ബെൻസേമ.യൂറോ കപ്പിനുള്ള ഫ്രാൻസിന്റെ 26 അംഗ ടീമിലാണ് ബെൻസേമയെയും പരിശീലകൻ ദിദിയർ ദെഷാം ഉൾപ്പെടുത്തിയത്. ബെൻസേമയുമായി ദിർഘമായി സംസാരിച്ചുവെന്നും ഇതിനുശേഷമാണ് സുപ്രധാന തീരുമാനമെടുത്തതെന്നും കോച്ച് ദിദിയർ ദെഷാം പറഞ്ഞു. ഇരുവരും തമ്മിലുള്ള ചർച്ചയുടെ വിശദാംശങ്ങൾ ദെഷാം പുറത്തുവിട്ടില്ല.

തന്റെ ടീമിൽ ബെൻസേമ ഉണ്ടാവില്ലെന്നും സർപ്രൈസുകൾ ആരും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു ദെംഷാംസിന്റെ ഇതുവരെയുള്ള നിലപാട്. റയലിൽ ഉഗ്രൻ ഫോമിൽ കളിക്കുന്ന ബെൻസേമയെ ഫ്രഞ്ച് ടീമിൽ ഉൾപ്പെടുത്തണമെന്ന് ആഴ്‌സണൽ മുൻ പരിശീലകനായ ആർസൻ വെംഗർ ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടിട്ടും ദെഷാംസ് വഴങ്ങിയിരുന്നില്ല.

ഫ്രഞ്ച് താരമായ വൽബുവെനയെ അശ്ലീല വീഡിയോ കാട്ടി ബ്ലാക്ക് മെയിൽ ചെയ്തുവെന്ന കേസിനെ തുടർന്നാണ് ബെൻസേമയെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയത്. കേസിൽ ബെൻസേമ വിചാരണ നേരിടണമെന്ന് ഈ വർഷം ജനുവരിയിൽ പ്രോസിക്യൂട്ടർ വ്യക്തമാക്കിയിരുന്നു. 2015നുശേഷം ഇതാദ്യമായാണ് 33കാരനായ ബെൻസേമ ഫ്രാൻസിന്റെ ദേശിയ കുപ്പായത്തിൽ എത്തുന്നത്.

2016ലെ യൂറോ കപ്പിനുള്ളു ടീമിലും 2018ലെ റഷ്യൻ ലോകകപ്പിനുള്ള ടീമിലും ബെൻസേമക്ക് ഇടം ലഭിച്ചിരുന്നില്ല. തുടർന്ന് തന്നെ വംശീയമായി ഒറ്റപ്പെടുത്തുകയാണ് ദെഷാം എന്ന് ബെൻസേ ആരോപിച്ചിരുന്നു. ഇതും ഇരുവരും തമ്മിലുള്ള അകൽച്ചക്ക് കാരണമായി. 2015 ഒക്ടോബറിലാണ് ബെൻസേ അവസാനമായി ഫ്രാൻസിന്റെ ദേശീയ കുപ്പായത്തിൽ കളിച്ചത്.

റയൽ മാഡ്രിഡ് സൂപ്പർതാരമായ ബെൻസേമ ക്ലബിനായി ലാ ലിഗയിൽ 22 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ ആറ് ഗോളുകളും നേടി സീസണിൽ മിന്നുന്ന ഫോമിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ  26 പേരടങ്ങുന്ന ജംബോ ടീമിനെയാണ് ദെഷാം പ്രഖ്യാപിച്ചത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഇത്തവണ ജർമനി, പോർച്ചുഗൽ, ഹംഗറി എന്നിവർക്കൊപ്പമാണ് ഗ്രൂപ്പ് മത്സരങ്ങൾ കളിക്കേണ്ടത്.