കരിപ്പൂർ: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ സിബിഐയുടെയും ഡി.ആർ.ഐയുടെയും സംയുക്ത പരിശോധനയിൽ തെളിയുന്നത് കസ്റ്റംസിലെ കള്ളക്കളികൾ. ഇന്നലെ പുലർച്ചെ തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് മൂന്നര ലക്ഷം രൂപയും 650 ഗ്രാം സ്വർണവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഒന്നേകാൽ കോടി രൂപയുടെ സ്വർണം വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ചിരുന്നു. കൂടാതെ നിരന്തരം സ്വർണം കടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേന്ദ്ര ഏജൻസികൾ എത്തിയത്.

കരിപ്പൂരിൽ കസ്റ്റംസ് നടത്തിയത് തന്ത്രപരമായ നീക്കമായിരുന്നു. കള്ളക്കടത്ത് സംഘങ്ങൾക്ക് ഒത്താശയചെയ്യുകയും ചെറിയ അളവിൽ കള്ളക്കടത്ത് പിടിച്ച് പേരുണ്ടാക്കുകയുമായിരുന്നു ചെയ്തിരുന്നത്. വിദേശത്ത് ആറുമാസത്തിൽ കൂടുതൽ സ്ഥിരതാമസമാക്കാത്തവർക്കും കസ്റ്റംസ് പിടികൂടുന്ന സ്വർണത്തിനും 36.05 ശതമാനം വരെയാണ് കസ്റ്റംസ് ഡ്യൂട്ടി. ഇതിനുപുറമെ മൂന്നുശതമാനം വിദ്യാഭ്യാസ സെസ്സും അടയ്ക്കണം. ഇത്തരത്തിൽ കൊണ്ടുവരുന്ന സ്വർണത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കള്ളക്കണ്ണ.

12.5 ശതമാനം നികുതിയും പത്തുശതമാനം കൈക്കൂലിയുമാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. എന്നാലും കള്ളക്കടത്ത് സംഘങ്ങൾക്ക് 15 ശതമാനത്തിനുമേൽ നികുതി ലാഭിക്കാം. അങ്ങനെ വലിയ റിസ്‌കില്ലാതെ സ്വർണം കടത്താം. അതിമോഹം ഇല്ലാത്തവർക്ക് ഈ വഴി സ്വീകാര്യവുമായിരുന്നു. ചെറിയ ശതമാനം മാത്രം പിടിച്ചെടുക്കുകയും വലിയതോതിൽ സ്വർണം പുറത്തുകടത്താൻ സഹായിക്കുയും ചെയ്യും. റെയ്ഡിൽ ചിലരെ സിബിഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കസ്റ്റഡിയിലുള്ളവർ നേരത്തേതന്നെ ആരോപണവിധേയരായ ഉദ്യോഗസ്ഥരാണ്. ഉന്നത സ്വാധീനവും ഇവർക്കുണ്ട്. മുൻ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. എൻ.എസ്. രാജി ഇവർക്കെതിരേ നടപടിയാവശ്യപ്പെട്ട് കസ്റ്റംസ് കേന്ദ്ര കാര്യാലയത്തിന് കത്തെഴുതിയിരുന്നു. ഈ ഉദ്യോഗസ്ഥർ എയർ കസ്റ്റംസ് നിയമങ്ങൾക്കു വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ഇവരെ വിമാനത്താവളത്തിൽനിന്ന് അടിയന്തരമായി മാറ്റണമെന്നുമാണ് എൻ.എസ്. രാജി ആവശ്യപ്പെട്ടത്. പക്ഷേ ഒന്നും സംഭവിച്ചില്ല. സത്യം കണ്ടെത്തിയവർക്ക് സ്ഥലം മാറ്റവും കിട്ടി.

ഇക്കാര്യത്തിൽ ഉന്നതതല സമ്മർദത്തെത്തുടർന്ന് ഉദ്യോഗസ്ഥർക്കെതിരേ കസ്റ്റംസ് കേന്ദ്ര കാര്യാലയം നടപടി സ്വീകരിച്ചില്ല. പകരം രാജിയെ കോഴിക്കോട്ടുനിന്ന് സ്ഥലം മാറ്റുകയായിരുന്നു. ഡോ. രാജിയെ ഡൽഹിയിൽ സാമ്പത്തികവിഭാഗത്തിൽ അണ്ടർ സെക്രട്ടറിയായി സ്ഥലംമാറ്റുകയാണ് ചെയ്തത്. നേരത്തേതന്നെ ഇവരുടെ റിപ്പോർട്ടിൽ ഈ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചിരുന്നെങ്കിൽ കോഴിക്കോട് വിമാനത്താവളംവഴിയുള്ള കള്ളക്കടത്തിന് ഒരുപരിധിവരെവരെ തടയിടാൻ കഴിയുമായിരുന്നു.

കള്ളക്കടത്തുസംഘത്തിന്റെ ഉന്നത ബന്ധമാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ കോഴിക്കോട്ടുതന്നെ തുടരാൻ അനുവദിച്ചതിനു പിന്നിലെന്നാണ് സൂചന. ഇതെല്ലാം തിരിച്ചറിഞ്ഞായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. പാസ്പോർട്ട് വാങ്ങി വച്ചശേഷം ഇവരെ സി ബി ഐ വിട്ടയച്ചു. വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്നെത്തിയ സി ബി ഐയുടെ നാലംഗ സംഘമാണ് കോഴിക്കോട് നിന്നുള്ള ഡി ആർ ഐ സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.

കരിപ്പൂരിൽ സ്വർണക്കടത്ത് വർദ്ധിച്ചതിനെ തുടർന്ന് കസ്റ്റംസും കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയിലാണ് റെയ്ഡ് നടത്തിയത്. പുലർച്ചെ എയർ അറേബ്യയുടെ ഷാർജ വിമാനം എത്തുമ്പോഴാണ് സംഘം എത്തിയത്.