മലപ്പുറം: കരിപ്പൂരിലെ സ്വർണക്കടത്തിന്റെ പുതുരീതി മിക്സിക്കുള്ളിൽ ഒളിപ്പിച്ച്. പിടികൂടുന്ന ഭൂരിഭാഗം സ്വർണവും മിക്സിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നു രാവിലെ ദുബായിൽ നിന്നും വന്നെത്തിയ ഇൻഡിഗോ വിമാനത്തിൽ രണ്ടു വ്യക്തികളിൽ നിന്നായി മൂന്നു കിലോ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടിച്ചെടുത്തു. ഏകദേശം 1.5 കോടി വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മലപ്പുറം സ്വദേശിയായ ഫഹദ് എന്ന വ്യക്തിയിൽ നിന്നും 1168 ഗ്രാം സ്വർണ മിശ്രിതവും കണ്ണൂർ സ്വദേശിയായ റമീസ് എന്ന വ്യക്തിയിൽ നിന്നും മിക്സിയിൽ ഒളിപ്പിച്ച നിലയിൽ 1.86 കിലോ സ്വർണവും ആണ് കണ്ടെടുത്തത്. രണ്ടു പേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. കള്ളക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണവും തുടർ നടപടികളും പുരോഗമിക്കുന്നു.

മിക്സിയുടെ മോട്ടോറിനുള്ളിലായി ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വർണം. ഇത്തരത്തിൽ ഒരാഴ്‌ച്ചക്കകം കസ്റ്റംസ് പ്രേവന്റിവ് വിഭാഗം മിക്സിയിൽ നിന്ന് മാത്രം നാലര കിലോയിലധികം സ്വർണം പിടിച്ചെടുക്കുകയുണ്ടായി. എയർ കസ്റ്റംസ് വിഭാഗവും ഇത്തരത്തിൽ ദിവസേനയെന്നോണം സ്വർണം പിടിക്കുന്നുണ്ട്. അടുത്തിടെ സ്വർണത്തിന്റെ ഇറക്കുമതി നികുതിയിലുണ്ടായ വർധന കള്ളക്കടത്തിന്റെ ലാഭം വർധിച്ച സാഹചര്യത്തിലായിരുന്നു പ്രത്യേക പരിശോധന നടത്തിയത്.

അസിസ്റ്റന്റ് കമ്മീഷണർ ശ്രീ സിനോയ് കെ മാത്യു വിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീ പ്രകാശ് എം, ശ്രീ പ്രവീൺ കുമാർ കെ കെ, ശ്രീ സലിൽ, ശ്രീ ബഷീർ അഹമ്മദ് ഇൻസ്പെക്ടർ മാരായ ശ്രീ കപിൽദേവ് സുരീര, ശ്രീ മുഹമ്മദ് ഫൈസൽ, ശ്രീ പ്രതീഷ് എം, ഹവിൽദാർ ശ്രീ സന്തോഷ് കുമാർ എം എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

അതേ സമയം: കരിപ്പൂർ വിമാനത്തവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് വിദേശത്ത് നിന്നും കടത്തിയ 88 ലക്ഷം രൂപ വില വരുന്ന 1.783 കിലോ സ്വർണവും പൊലീസ് പിടികൂടി. മലപ്പുറം താനാളൂർ സ്വദേശി നിസാമുദ്ദീനിൽ നിന്നാണു ഇന്നലെ രാത്രി എയർപോർട്ട് പരിസരത്ത് വച്ചാണ് സ്വർണം പിടികൂടിയത്.

നിസാമുദ്ദീൻ ദമാമിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റിൽ കരിപ്പൂർ വിമാനത്തവളത്തിൽ വന്നിറങ്ങിയതായിരുന്നു. തുടർന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞ് കള്ളകടത്ത് സ്വർണ്ണവുമായി അനായാസം പുറത്തിറങ്ങിയ നിസാമുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നു നിസാമുദ്ദീനു വേണ്ടി എയർപോർട്ട് പരിസരത്ത് പൊലീസ് നേരത്തേ നിലയുറപ്പിച്ചിരുന്നു. ഇയാളെ സ്വീകരിക്കാൻ അയൽ വാസികളും സുഹൃത്തുക്കളുമായ രണ്ട് പേരും ഒരു ഓട്ടോയിൽ വന്നിരുന്നു.

എന്നാൽ ഇവർക്ക് കള്ളകടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. നിസാമുദ്ദീനെ വിശദമായി ചോദ്യം ചെയ്തതോടെ തന്റെ ലണ്മേജിൽ സ്വർണ്ണമുള്ളതായി സമ്മതിച്ചത്. ശേഷം ലണ്മേജ് തുറന്ന് പരിശോധിച്ചതോടെ ഇതിലുണ്ടായിരുന്ന മിക്സിയുടെ  മോട്ടോറിനുള്ളിലെ ആർമേച്ചർ കോയിലിനകത്തെ മാഗ്നറ്റ് എടുത്ത് മാറ്റി പകരം അതിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.

നിസാമുദ്ദീന്റെ ഫോൺ കോൾ ട്രെയ്സ് ചെയ്ത് കള്ളകടത്ത് സംഘത്തിലെ മുഴുവൻ പേരെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരാനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നര മാസത്തിനിടെ കരിപ്പൂർ എയർപോർട്ടിൽ പൊലീസ് പിടികൂടുന്ന 46-ാമത്തെ സ്വർണ്ണ കള്ളകടത്ത് കേസാണിത്.