തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ ക്ഷേത്രങ്ങളിൽ വാവുബലിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പുതുമയാർന്ന രീതിയിൽ ചടങ്ങുകൾ നടത്തി കുടുംബാംഗങ്ങൾ.പലരും വീടുകളിൽ തന്നെയാണ് വാവുബലി നടത്തിയത്.ചടങ്ങുകൾ പറഞ്ഞുകൊടുക്കാൻ ആചാര്യന്മാർ എത്തിയതാകട്ടെ ഫേസ്‌ബുക്ക് ലൈവിലും യൂട്യൂബിലും.

ഓരോ കർമവും നിർവഹിക്കേണ്ടതെങ്ങനെയെന്നായിരുന്നു ആചാര്യന്മാർ നൽകിയ നിർദ്ദേശം. ദർഭ കൊണ്ട് പവിത്രം തയ്യാറാക്കേണ്ടത് എങ്ങനെ, ചടങ്ങ് കഴിഞ്ഞ് പവിത്രം കെട്ടഴിച്ച് ഇടുന്നത് തുടങ്ങി ഓരോന്നും സങ്കൽപ്പം സഹിതം വിശദീകരിച്ചാണ് ആചാര്യന്മാർ സാമൂഹികമാധ്യമങ്ങളിലൂടെ കാർമികരായത്. ചൊല്ലുന്ന പ്രാർത്ഥനകളുടെ അർഥം പറഞ്ഞുകൊടുക്കുകയും ചെയ്തു.

എന്നാൽ പിതൃതർപ്പണത്തിനുള്ള സാധനങ്ങൾ ഒരുക്കിയത് അവരവർതന്നെ. വ്രതാനുഷ്ഠാനത്തോടെ തലേദിവസംതന്നെ എള്ള്, ചന്ദനം, ദർഭ, പൂക്കൾ, അരി തുടങ്ങിയവ ഒരുക്കിവെയ്ക്കാൻ ആചാര്യന്മാർ നിർദേശിച്ചിരുന്നു.ചില ആചാര്യന്മാർ തർപ്പണത്തിന് അരിക്കുപകരം ഉണക്കലരിച്ചോറാണ് നിർദേശിച്ചത്. രാവിലെ അരി വേവിച്ച് പിണ്ഡമുരുട്ടി ഇലയിൽ വെച്ച് ചടങ്ങ് തുടങ്ങിയവരുമുണ്ട്. അപൂർവം ചില ക്ഷേത്രങ്ങളിൽ മാത്രമാണ് തിരക്കൊഴിവാക്കി തർപ്പണം നടത്തിയത്.