ബംഗലൂരു: കർണാടകയിലും ​ഗോവധ നിരോധന നിയമം വരുന്നു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഗോവധ നിരോധന ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം വിശ​ദമായ ചർച്ച നടത്തിയെന്ന് കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാൻ വ്യക്തമാക്കി. 'വിഷയം ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്തു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നിയമത്തിലെ വ്യവസ്ഥകൾ ഇതിന് ശേഷം അറിയിക്കുമെന്ന് പ്രഭു ചവാൻ പറഞ്ഞു.

ഗോവധ നിരോധനം സംബന്ധിച്ച് ഈ സർക്കാർ ഉറപ്പുനൽകിയിരുന്നു. ഗോക്കൾ നമ്മുടെ മാതാവാണ്. അവയെ കശാപ്പ് ചെയ്യാൻ സമ്മതിക്കില്ല. ബിൽ നൂറു ശതമാനവും അടുത്ത സമ്മേളനത്തിൽ അവതരിപ്പിച്ചിരിക്കും.' മന്ത്രി ചവാൻ പറഞ്ഞു. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ച തുടരുകയാണ്. നിയമം മുൻപു നടപ്പാക്കിയ ഗുജറാത്ത്, യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സന്ദർശിക്കും. പ്രധാന കാര്യം ഇത് ഗോമാതാവിനെ സംരക്ഷിക്കാനുള്ളതാണ് എന്നതാണ്. വ്യത്യസ്തവും സുന്ദരവുമായ നിയമമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേതിനേക്കാൾ കർശനമായിരിക്കും കർണാടകയിലെതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബീഫ് കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചു കൊണ്ടുള്ളതാണ് ബിൽ. യെദ്യൂരപ്പ സർക്കാർ 2008ൽ നിയമം നടപ്പാക്കാൻ ശ്രമിച്ചിരുന്നു. ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചെങ്കിലും പ്രതിഭാ പാട്ടീൽ തിരിച്ചയക്കുകയായിരുന്നു. പിന്നീട് വന്ന കോൺഗ്രസ് സർക്കാർ നിയമം പിൻവലിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഗോവധ നിരോധന നിയമം.

നിയമം നടപ്പാക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതും നിയന്ത്രിക്കപ്പെടും. ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് പുറമേ രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തെലങ്കാന, ഡൽഹി, അസം, മധ്യപ്രദേശ് സംസ്ഥാനങ്ങളും ഗോവധ നിരോധന നിയമം നടപ്പാക്കിയിട്ടുണ്ട്.

സർക്കാരിന്റെ പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് 'ലൗ ജിഹാദ്', 'ഗോവധം' ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തുന്നതെന്നും തെരഞ്ഞെടുപ്പ് ജയിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ബീഫിന്റെ കയറ്റുമതി ഇരട്ടിയായെന്നും സിദ്ധരാമയ്യ ആരോപിച്ചു.