ബെംഗളൂരു: കർണാടക നിയമസഭയിൽ വീണ്ടും അശ്ലീല വീഡിയോ വിവാദം. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും കോൺഗ്രസ് നേതാവുമായ പ്രകാശ് റാത്തോഡ് സമ്മേളനം നടക്കുമ്പോൾ ഫോണിലേക്കെത്തിയ അശ്ലീല സന്ദേശം തുറന്നുവെന്നാണ് ആരോപണം. ടിവി ചാനൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അശ്ലീല സന്ദേശങ്ങൾ ഇദ്ദേഹം സ്‌ക്രോൾ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന് അരികെയിരുന്ന ടിവി ക്യാമറമാനാണ് 15 സെക്കന്റ് നീളുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

എന്നാൽ ആരോപണങ്ങൾ പ്രകാശ് റാത്തോഡ് നിരസിച്ചു. സഭാസമയത്ത് താൻ വീഡിയോ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയിൽ താൻ ചോദ്യം ചോദിച്ചു. എന്റെ ചോദ്യത്തിനുള്ള ഉത്തരമാണോ അല്ലയോ എന്ന സന്ദേശം പരിശോധിക്കുകയായിരുന്നു. ആ സമയത്താണ് ഫോണിൽ നിരവധി സന്ദേശം വന്നതിനാൽ സ്റ്റോറേജ് നിറഞ്ഞതായി ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ചില മെസേജുകൾ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

കർണാടകയിൽ മുമ്പും അശ്ലീല വീഡിയോ വിവാദമുണ്ടായിരുന്നു. 2012ൽ നിയമസഭയിൽ അശ്ലീല വീഡിയോ കണ്ടത് പുറത്തായതിനെ തുടർന്ന് ജെ കൃഷ്ണ പലേമർ, സി സി പാട്ടീൽ, ലക്ഷ്മൺ സവാദി എന്നിവർ രാജിവെച്ചിരുന്നു. 2016ൽ യുടി ഖാദർ, 2016ൽ എൻ മഹേഷ് എന്നിവും സമാന വിവാദത്തിൽ കുടുങ്ങിയിരുന്നു.