ബെംഗളൂരു: കർണാടകയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും ജെഡിഎസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും എച്ച് ഡി കുമാരസ്വാമി. സഖ്യസർക്കാരിന്റെ പതനം പാഠമാകണമെന്നാണ് പ്രവർത്തകരോട് കുമാരസ്വാമിയുടെ നിർദ്ദേശം.

ബിജെപിയും ജെഡിഎസ്സും തമ്മിലാകും മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജെഡിഎസ്സിന്റെ പ്രസ്താവന കാര്യമായി എടുക്കുന്നില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു.

2023 തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമാകുമെന്ന് വ്യക്തമാക്കിയ കുമാരസ്വാമി കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് തുറന്നടിച്ചു. 13 കോൺഗ്രസ് എംഎൽഎമാരാണ് 2019ൽ കുമാരസ്വാമി സർക്കാരിന് പിന്തുണപിൻവലിച്ച് സഖ്യസർക്കാരിനെ വീഴ്‌ത്തിയത്.

ഓപ്പറേഷൻ കമലത്തിന് തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്ന് അറിയിച്ച കുമാരസ്വാമി ബിജെപിയുമായും വിട്ടുവീഴ്ചയക്കില്ലെന്ന് വ്യക്തമാക്കുന്നു.മൈസൂരു അടക്കം ദക്ഷിണകർണാടകയിൽ ശക്തികേന്ദ്രമായ ജെഡിഎസ്സിനെ ഒപ്പംനിർത്താനായിരുന്നു കോൺഗ്രസ് നീക്കം.

എന്നാൽ കുമാരസ്വാമിയുടെ പ്രസ്താവന ഗൗരവത്തിലുള്ളതല്ലെന്നാണ് കോൺഗ്രസ് നിലപാട്.യെദിയൂരപ്പയുടെ മാറ്റത്തോടെ ശക്തമായ ബിജെപിയിലെ ഭിന്നത നേട്ടമാകുമെന്ന കണക്കൂട്ടലിലാണ് കോൺഗ്രസ്.വീണ്ടും സഖ്യസർക്കാരിനുള്ള പദയാത്രയ്ക്ക് കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് ജെഡിഎസ് നിലപാട് കടുപ്പിക്കുന്നത്.