ബംഗളൂരു: കേരളത്തിൽ നിന്നെത്തുന്നവരുടെ കാര്യത്തിൽ കർശന നിബന്ധനകളുമായി കർണാടക സർക്കാർ. കേരളത്തിൽ നിന്നും എത്തുന്നവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സംഭവം കൂടി വരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നിബന്ധനകൾ കർശനമാകുന്നത്. കർണാടകയിൽ 38 മലയാളി വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോലാറിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ 28 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോസിറ്റീവ് ആയവരുടെ എണ്ണം 66 ആയി. 265 വിദ്യാർത്ഥികളാണ് കോളേജിലുള്ളത്.

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും കർശന കോവിഡ് പരിശോധന നടത്താനാണ് കർണാടക സർക്കാരിന്റെ തീരുമാനം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.

ആർടിപിസിആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. ടെസ്റ്റ് ഫലം ഒരു ദിവസത്തിൽ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന. ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാൽ മാത്രമേ ക്വാറന്റീൻ അവസാനിപ്പിക്കുകയുള്ളു.

പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. വന്നിറങ്ങുന്ന ആളുകളിൽ നിന്ന് ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുകയും ഫോൺ നമ്പർ ഉൾപ്പെടെയുള്ളവ വാങ്ങി വെക്കുകയും ചെയ്യുന്നുണ്ട്. ഫലം പോസിറ്റീവാകുകയാണെങ്കിൽ തെരഞ്ഞു പിടിച്ച് ക്വാറന്റീൻ ചെയ്യിപ്പിക്കാനാണ് സർക്കാർ തീരുമാനം. ആർടിപിസിആർ ഫലം പോസിറ്റീവായവരെ ക്വാറന്റൈൻ ചെയ്യിക്കാൻ ഹോട്ടലുകൾ, നേരത്തെയുള്ള കോവിഡ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പണം നൽകി നിൽക്കേണ്ടവർക്ക് ഹോട്ടലുകളിൽ നിൽക്കാമെന്നും സർക്കാർ അറിയിച്ചു.

കേരളത്തിൽ നിന്നെത്തുന്ന എല്ലാവരേയും ക്വാറന്റീൻ ചെയ്യിപ്പിക്കും എന്നായിരുന്നു ഇന്നലെ കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ രീതിയിൽ കർണാടക കർശന നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടില്ല.വരും ദിവസങ്ങളിൽ കൂടുതൽ കർശന പരിശോധനകളിലേക്ക് കടക്കുമെന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിങ്, എഞ്ചിനിയറിങ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകിയിട്ടുണ്ട്.