മംഗളൂരു: മംഗളൂരുവിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അടിച്ചമർത്താൻ പൊലീസുകാർ നടത്തിയ വെടിവെപ്പിൽ തെറ്റില്ലന്ന് കർണാടക സർക്കാർ. അതേസമയം, പൊലീസുകാർക്കെതിരെ പ്രാഥമിക അന്വഷണം പോലും നടത്തിയില്ലെന്ന് ഹർജിക്കാർ ഹൈക്കോടതിയെ അറിയിച്ചു. 2019 ഡിസംബർ 19 ന് നടന്ന വെടിവെപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സ്വാതന്ത്ര്യ സമര സേനാനി അന്തരിച്ച എച്ച്എസ് ദൊരെസ്വാമി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുവയാണ് സർക്കാർ നിലപാട് വെക്തമാക്കിയത്.

സംസ്ഥാന സർക്കാരിന് വേണ്ടി വാദിച്ച അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ധ്യാന് ചിന്നപ്പ, മംഗളൂരു വെടിവയ്‌പ്പ് സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പൂർത്തിയായെന്നും റിപ്പോർട്ട് അടച്ച കവറിൽ ഹൈക്കോടതിൽ നൽകിയിട്ടുണ്ടെന്നും അറിയിച്ചു. സംഭവത്തിൽ പൊലീസുകാർ ഉൾപ്പെടെ ആർക്കും തെറ്റുപറ്റിയിട്ടില്ലെന്നും സംഘർഷമുണ്ടാക്കിയവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും പരാതികൾ ക്രിമിനൽ അന്വേഷണ വിഭാഗം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കേസുകളുടെ അന്വേഷണത്തെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് നൽകിയിരുന്നു. .

ഹർജിക്കാർ പറയുന്നത് ..

പൊലീസുകാർക്ക് വേണ്ടി പൊലീസുകാർ നടത്തിയ മജിസ്ട്രേറ്റ് അന്വേഷണം പോലെയാണ് തോന്നുന്നതെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രൊഫ.രവിവർമ കുമാർ പറഞ്ഞു. പൊലീസുകാർക്കെതിരെ പത്ത് പരാതികൾ നൽകിയിട്ടും ഒരു കേസിലും പ്രഥമ വിവര റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ പൊലീസുകാർക്കെതിരെ നൽകിയ പരാതികളെക്കുറിച്ച് വിവരങ്ങൾ നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചെങ്കിലും ഇതുവരെ ഈ ഉത്തരവിനോട് സർക്കാർ പ്രതികരിച്ചിട്ടില്ല.