കാസർകോട്: കേരളത്തിൽ കോവിഡ് വ്യാപനം കുറയുംവരെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ കർണാടക. നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള ദൈനം ദിന കർണാടക യാത്രക്കാർക്ക് 15 ദിവസത്തിൽ ഒരിക്കലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്ന നിർദ്ദേശം തിരുത്തി.

ദിവസയാത്രക്കാർ ഏഴ് ദിവസത്തിൽ ഒരിക്കൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ കന്നഡ ഡെപൂട്ടി കമ്മീഷണർ ഡോ. കെ.വി. രാജേന്ദ്ര വ്യക്തമാക്കി. പരീക്ഷയ്ക്കല്ലാതെ പോകുന്ന വിദ്യാർത്ഥികൾ ഏഴ് ദിവസം മുമ്പെങ്കിലും എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ കേരളത്തിൽ നിന്ന് എത്തുന്നവരെ കോവിഡ് സെന്ററിലേക്ക് മാറ്റുമെന്ന് കർണാടകം അറിയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കും. നെഗറ്റീവ് പരിശോധനാഫലം വരാതെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ല. ബെംഗളൂരു റെയിൽവേസ്റ്റേഷനിലടക്കം കൂടുതൽ പരിശോധനാസംഘത്തെ വിന്യസിച്ചിട്ടുണ്ട്.

അതേ സമയം കർണാടകയുടെ നിലപാടിൽ കേരളാ - കർണാടക അതിർത്തിയായ തലപ്പാടിയിൽ പ്രതിഷേധം ഉയരുകയാണ്. സർട്ടിഫിക്കറ്റില്ലാതെ അതിർത്തിയിൽ എത്തിയവരെ തിരിച്ചയച്ചതോടെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങിയത്.

വിദേശ രാജ്യങ്ങൾ ഉൾപ്പടെ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ഇളവ് നൽകുമ്പോൾ കർണാടക എടുത്ത തീരുമാനം ശരിയല്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മാസ്‌ക് ഇടുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്യാതെയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും പ്രതിഷേധക്കാർ പറഞ്ഞു.

എന്നാൽ കേരളത്തിൽ കോവിഡ് കേസുകൾ കുറയുംവരെ പരിശോധനയിൽ ഇളവുണ്ടാകില്ലെന്ന് കർണാടക എഡിജിപി പ്രതാപ് റെഡ്ഡി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും അടിയന്തരാവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമായിരിക്കും ഇളവ് നൽകുക. അതിർത്തിയിൽ പരിശോധനാ സംവിധാനം സജ്ജീകരിക്കില്ലെന്നും എഡിജിപി വ്യക്തമാക്കി.

ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ഇല്ലാതെ ബെംഗളൂരുവിൽ എത്തുന്നവർക്ക് ക്വാറന്റീനും നിർബന്ധമാക്കിയിട്ടുണ്ട്. ബെംഗലൂരു നഗരത്തിലെ ഹോസ്റ്റലുകളും ഹോട്ടലുകളുമാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.

മെജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ എത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഈ കേന്ദ്രങ്ങളിലേക്ക് മാറ്റി. എല്ലാ റെയിൽവേ സ്റ്റേഷവുകളിലും പരിശോധന തുടരും. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തുന്ന ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകളിലാണ് പ്രധാനമായും പരിശോധന.

അതേസമയം, കേരള- തമിഴ്‌നാട് അതിർത്തിയായ വാളയാറിൽ കേരളവും പരിശോധന കർശനമാക്കി. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കായി പരിശോധന നടത്തുകയാണ്. ആർടിപിസിആർ ടെസ്റ്റിന് 500 രൂപയും ആന്റിജൻ ടെസ്റ്റിന് 300 രൂപയും ആണ് ഈടാക്കുന്നത്. തമിഴ്‌നാടിന്റെ കോവിഡ് പരിശോധന ഇവിടെ സൗജന്യമാണ്.

ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് തമിഴ്‌നാട് പ്രധാനമായും പരിശോധന നടത്തുന്നത്. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ് പരിശോധന. പൊലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തുന്നത്. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു തവണ വാക്‌സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു.

പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിർത്തിയായ ഇഞ്ചിവിളയിലും ഇതേ തരത്തിൽ തമിഴ്‌നാട് പരിശോധന നടത്തുന്നുണ്ട്.