ന്യൂഡൽഹി: ആരായിരിക്കും ബി.എസ്.യെദ്യൂരപ്പയുടെ പിൻഗാമി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ബസവരാജ് ബൊമ്മെ 2008 ൽ ബിജെപിയിൽ ചേർന്നതാണെങ്കിലും ഇന്നാണ് അദ്ദേഹത്തിന്റെ കുടുംബ രാഷ്ട്രീയ ചരിത്രം ഒരു പൂർണവൃത്തത്തിൽ എത്തിയത്. ബസവരാജ ബൊമ്മെയെ കർണാടക മുഖ്യമന്ത്രി ആയി പ്രഖ്യാപിച്ചതോടെ 1980 കളിൽ ചുരുങ്ങിയ കാലത്തേക്ക് അദ്ദേഹത്തിന്റെ പിതാവ് എസ്.ആർ.ബൊമ്മെ ഈ പദവിയിൽ ഇരുന്നതാണ് ചരിത്രത്താളുകളിലെ ഓർമവിശേഷം.

ബിഎസ് യദ്യൂരപ്പയുടെ അടുത്ത അനുയായി ആയാണ് എക്കാലത്തും ബസവരാജ്
ബൊമ്മെ അറിയപ്പെടുന്നത്. നേരത്തെ കർണാടക ജലവിഭവവകുപ്പ് മന്ത്രിയായും ബസവരാജ് പ്രവർത്തിച്ചിട്ടുണ്ട്. കർണാടക രൂപീകരണത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 മുഖ്യമന്ത്രിമാരും ലിംഗായത്ത് സമുദായത്തിൽ നിന്നായിരുന്നു. ഇക്കാര്യത്തിൽ വിയോജിപ്പുള്ള പാർട്ടി എംഎൽഎമാർ മറ്റുസമുദായങ്ങളിൽ നിന്നും മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന് നിർദ്ദേശം കേന്ദ്രനേതൃത്തിന്റെ മുൻപിൽ വച്ചിരുന്നു.

78 കാരനായ യെദ്യൂരപ്പയ്ക്ക് പിൻഗാമിയാകുന്നത് 61 കാരനാണ്. കർണാടകയിലെ വീരശൈവ-ലിംഗായത്ത് സമുദായത്തിലെ തലമുതിർന്ന നേതാവാണ് യെദ്യൂരപ്പ. ലിംഗായത്ത് സമുദായം സംസ്ഥാത്തെ ജനസംഖ്യയുടെ 16 ശതമാനത്തോളം വരും. യെദ്യൂരപ്പയെ പിണക്കി അയയക്കുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം സാഹസവും ആയിരുന്നു.

ബസവേശ്വരന്റെ നാമത്തിൽ ബസവരാജ്

കർണാടകയിലെ ഹാവേരി ജില്ലയിൽ നിന്നുള്ള ലിംഗായത്ത് സമുദായക്കാരനാണ് എന്നതും യെദ്യൂരപ്പയുടെ വിശ്വസ്തനായതും ആണ് ബസവരാജ് ബൊമ്മെയ്ക്ക് തുണയായത്. 12 ാം നൂറ്റാണ്ടിലെ സമുദായ സ്ഥാപകനായ ബസവേശ്വരന്റെ നാമം പേറുന്നു ബസവരാജ. ബിജെപിയിൽ ചേരും മുമ്പ് ജനതാദൾ യുണൈറ്റഡിൽ ആയിരുന്നു. 22 ജെഡിയു വിമതരുമായാണ് ബസവരാജ് ബിജെപിയിലേക്ക് ചേക്കേറിയത്. പിതാവ് എസ്.ആർ.ബൊമ്മെ സോഷ്യലിസ്റ്റ് നേതാവ് എന്നതിലുപരി, സുപ്രീം കോടതിയിൽ കുറുമാറ്റത്തെ ചൊല്ലിയുള്ള നിർണായക നിയമപോരാട്ടത്തിൽ പങ്കാളിയായ നേതാവായിരുന്നു. എസ്.ആർ.ബൊമ്മെ വേഴ്‌സസസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ നിയമപോരാട്ടം. കർണാടകത്തിൽ കൂറുമാറ്റത്തിനെ തുടർന്ന് അധികാരം നഷ്ടമായതോടെയാണ് ചരിത്രപ്രസിദ്ധമായ കേസുണ്ടായത്. അസ്വീകാര്യരായ സംസ്ഥാന സർക്കാരുകൾക്ക് മേൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ 356 ാം വകുപ്പ് ദുരുപയോഗിക്കുന്നതിന് എതിരെ ചില മാർഗ്ഗനിർദ്ദേശങ്ങൾ കോടതി പുറപ്പെടുവിച്ചതും ആ വിധിന്യായത്തിലാണ്.

ബിജപിയിലേക്ക് വന്ന ശേഷം ബസവരാജ് ബൊമ്മെ യെദ്യൂരപ്പയുടെ അതീവ വിശ്വസ്തനായിരുന്നു. 2008ൽ യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിയിച്ച ചരിത്രപരമായ തിരഞ്ഞെടുപ്പിൽ ഷിഗോൺ ബസവരാജിനും വിജയം നൽകി. 2013ലും 2018ലും ബൊമ്മെ തുടർച്ചയായി അവിടെനിന്നു വിജയിച്ചു. കന്നിവിജയത്തിൽതന്നെ വിശ്വസ്തനു യെഡിയൂരപ്പ മന്ത്രിപദവും നൽകി. പിന്നീട് എല്ലാ ബിജെപി മന്ത്രിസഭകളിലും ജൂനിയർ ബൊമ്മെയെ യെഡിയൂരപ്പ കൂടെക്കൂട്ടി.

സഹകരണം, ജലവിഭവം, കായികം തുടങ്ങിയ വകുപ്പുകൾ കൈകാര്യം െചയ്തിട്ടുള്ള ബസവരാജ് നിലവിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ബി.എസ്.യെഡിയൂരപ്പയുടെ വിശ്വസ്തരായ ലിംഗായത്ത് നേതാക്കൾ ബിജെപിയിൽ വേറെയുമുണ്ടായിരുന്നു. അവരിൽതന്നെ ഏറ്റവും വിശ്വസ്തനെയാണ് പുതിയ ചുമതല ഏൽപ്പിച്ചത്. വേണ്ടി വന്നാൽ, യെദ്യൂരപ്പയ്ക്ക് വേണ്ടി മാറി കൊടുക്കാനും സന്മനസ് കാട്ടുന്നയാളാണ് ബസവരാജ്

മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയാണ് ബസവരാജ് ബൊമ്മെ. പൂണെയിൽ ടാറ്റാ മോട്ടോഴ്‌സിന് വേണ്ടി മൂന്നുവർഷം ജോലി നോക്കിയിട്ടുണ്ട്. പിന്നീട് സംരംഭകനായി മാറി. ചിന്നമ്മയാണ് ഭാര്യ. ഒരുമകനും മകളും ഉണ്ട്. വായന, എഴുത്ത്, ഗോൾഫ്, ക്രിക്കറ്റ് കളി എന്നിവയാണ് ഇഷ്ടവിനോദങ്ങൾ.

സത്യപ്രതിജ്ഞ നാളെ

പുതിയ കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇദ്ദേഹം നിലവിൽ കർണാടക ആഭ്യന്തര മന്ത്രിയാണ്. ബംഗളൂരുവിൽ ചേർന്ന ബിജെപി എംഎ‍ൽഎമാരുടെ യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി ബസവരാജിനെ തിരഞ്ഞെടുത്തത്. കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്.

പാർട്ടിയുടെ കർണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷൻ റെഡിയും ബംഗളൂരുവിൽ എത്തിയിരുന്നു.ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ യെദ്യൂരപ്പ പടിയിറങ്ങുന്നതിൽ അതൃപ്തരായ ലിംഗായത്ത് സമുദായത്തെ ഒപ്പം നിർത്തുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിനു പിന്നിൽ ഉണ്ട്. യെദ്യൂരപ്പയുമായി നേതാക്കൾ ആശയവിനിമയം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വിശ്വസ്തനെത്തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

അഴിമതി ആരോപണങ്ങളും കോവിഡ് പ്രതിരോധ പാളിച്ചകളും ഉയർത്തി പാർട്ടിയിലും സർക്കാരിലും വിമതനീക്കം ശക്തമായതാണ് യെഡിയൂരപ്പയുടെ രാജി അനിവാര്യമാക്കിയത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ നേതൃത്വം നൽകിയത്.

ദളിത് വിഭാഗത്തിൽ നിന്നും ഒരാളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ദേശീയ നേതൃത്വം അതിന് അനുമതി നൽകിയില്ല. എസ് അംഗാരയുടെ പേരായിരുന്നു ദേശീയ നേതൃത്വത്തിന് മുന്നിൽ വന്നിരുന്നത്. ആറ് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അംഗാര നിലവിൽ ഫിഷറിസ് മന്ത്രിയാണ്