കൊച്ചി: അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് പോലും കേരളത്തിൽനിന്നു അതിർത്തി കടന്ന് എത്തുന്നതിന് ആർടിപിസിആർ വേണമെന്ന നിബന്ധനയിൽ ഇളവു നൽകിക്കൂടേ എന്നു കർണാടകയോടു ഹൈക്കോടതി.

കർണാടക സർക്കാരിന്റെ നിലപാടിൽ ഇളവു തേടി മഞ്ചേശ്വരം എംഎൽഎ എം.കെ.എം. അഷറഫ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഈ ചോദ്യം ഉയർത്തിയത്. നിത്യയാത്രക്കാർക്ക് ഇളവ് അനുവദിച്ചുകൂടേ എന്നും കോടതി ചോദിച്ചു.

എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് ഓൺലൈനായി ഹാജരായ കർണാടക അഡ്വക്കേറ്റ് ജനറൽ കോടതിയോട് അഭ്യർത്ഥിച്ചു. കർണാടക എജിയുടെ അഭ്യർത്ഥനയിൽ കേസ് ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു.

വാക്‌സീൻ സ്വീകരിച്ചവർ ആയാലും കർണാടകയിലേക്കു വരുമ്പോൾ 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ ഫലം വേണം എന്ന കർണാടകയുടെ നിലപാട് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് എന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇതെന്നും വാദിച്ചു.

ചൊവ്വാഴ്ച ആദ്യത്തെ കേസായാണ് ഹൈക്കോടതി ഹർജി പരിഗണിച്ചത്. പ്രതിദിന യാത്രക്കാരുടെയും അടിയന്തര ചികിത്സ ആവശ്യമുള്ളവരുടെയും കാര്യത്തിൽ കർണാടകയുടെ ഭാഗത്തുനിന്ന് ഇന്നു തന്നെ മറുപടിയുണ്ടാകും എന്നാണ് കരുതുന്നത്.