മംഗളൂരു: നിശബ്ദ വോട്ടോടെ കർണാടക നിയമസയിൽ ബിജെപി സർക്കാർ പാസാക്കിയ ഗോവധ നിരോധന നിയമം കാസർകോട് അടക്കമുള്ള അതിർത്തി ഗ്രാമങ്ങളിലെ ബീഫ് വിൽപ്പനയെ ഗുരുതരമായി ബാധിക്കും. കാസർകോട് ജില്ലയിൽ അറവിനായി കൊണ്ടുവരുന്ന മാടുകളിൽ തൊണ്ണൂറ് ശതമാനവും മംഗലാപുരം പ്രദേശങ്ങളിൽ നിന്നുമാണ് കൊണ്ടുവരാറുള്ളത്.നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതോടെ മാടുകളെ കേരളത്തിലേക്ക് കടത്തുന്നതും ഏഴ് വർഷം ജയിൽ ശിക്ഷയോ അഞ്ച് ലക്ഷം രൂപ പിഴയോ ഒടുക്കാനുള്ള കുറ്റമാകും.

നിരോധനത്തിൽ പശുവിന് പുറമെ, കാള, പോത്ത് എന്നിവയെ കൂടി ഉൾപ്പെടുത്തിയതാണ് കർണാടയിൽ നിന്നുള്ള മാട് വരവിനെ പൂർണ്ണമായും തടഞ്ഞിരിക്കുന്നത്.ഇതോടെ മാടുകളെ വിൽപ്പന നടത്തുന്ന കർണാടകയിലെയും കേരളത്തിലെയും കച്ചവടക്കാരുടെ ഭാവിയും പ്രതിസന്ധിയിലായിരിക്കയാണ്. ഇതോടെ ബീഫിന്റെ വിലയും കുതിച്ചുയരാൻ ഇടയുണ്ട്.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ കർണാടക നിയമസഭ ഗോവധ നിരോധന ബിൽ പാസാക്കിയത്. കോൺഗ്രസ് അംഗങ്ങൾ സഭയിൽനിന്ന് വാക്കൗട്ട് നടത്തി. കർണാടക പ്രിവൻഷൻ ഓഫ് സ്‌ളോട്ടർ ആൻഡ് പ്രിവൻഷൻ ഓഫ് കാറ്റിൽ ബിൽ-2020 എന്ന പേരിലാണ് ബില്ല് അവതരിപ്പിച്ചത ലഭിക്കുകയും ചെയ്യുന്നതോടെ നിയമമാകും.പശുക്കൾ, കിടാക്കൾ, എരുമകൾ എന്നിവയുടെ കശാപ്പ് നിരോധിക്കുന്നതാണ് ബിൽ. 12 വയസ്സിനു മുകളിൽ പ്രായമുള്ളതോ പ്രജനനത്തിന് ഉപയോഗിക്കാനാവത്തതോ ആയ കാളകൾ, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യാം. നിയമം ലംഘിക്കുന്നവർക്ക് മൂന്നുവർഷം മുതൽ ഏഴുവർഷം വരെ തടവ്, 50,000 രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെ പിഴ എന്നിവയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നത് പൂർണമായും നിരോധിക്കുക, പശുക്കടത്ത്, പശുക്കളെ ഉപദ്രവിക്കൽ, പശു കശാപ്പ് തുടങ്ങിയവയ്ക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതുമാണ് ബിൽ എന്ന് ബിജെപി. വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.പശുക്കളെയും കിടാക്കളെയും കൂടാതെ എരുമകളെയും അവയുടെ 12 വയസ്സിനു താഴെ പ്രായമുള്ള കിടാക്കളെയും സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ്.

നിയമം ലംഘിക്കുന്നവരുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കുക, കാലികളെ സംരക്ഷിക്കാൻ ഗോശാലകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ പൊലീസിന് പരിശോധന നടത്താനുള്ള അധികാരം നൽകിയിട്ടുണ്ട്. കൂടാതെ കാലികളെ സംരക്ഷിക്കുന്നവർക്ക് സംരക്ഷണം നൽകുകയും ചെയ്യുമെന്നും ബില്ലിൽ പറയുന്നുണ്ട്.