മംഗളുരു : ഓമിക്രോൺ ഭീഷണി കണക്കിലെടുത്ത് കർണാടക വീണ്ടും രാത്രികാല കർഫ്യൂവിലേക്ക്. ഓമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡിസംബർ 28 മുതൽ 10 ദിവസത്തേക്കാണ് കർണാടക സർകാർ രാത്രികാല കർഫ്യൂ ഏർപെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണങ്ങൾ. കോവിഡ് കേസുകൾ വർധിച്ചുവന്നപ്പോൾ നേരത്തെ രാത്രി കാല കർഫ്യൂ ഏർപെടുത്തിയിരുന്നു. പുതുവർഷാഘോഷത്തിൽ സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനായി ഡിസംബർ 30 മുതൽ നാല് ദിവസത്തേക്ക് ഹോട്ടലുകളിലും ബാറുകളിലും പബുകളിലും പ്രവേശനം 50 ശതമാനം പേർക്ക് മാത്രമായി പരിമിതപ്പെടുത്തി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിമാരുമായും കോവിഡ് സാങ്കേതിക ഉപദേശക സമിതി (ടിഎസി) അംഗങ്ങളുമായും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിയന്ത്രണങ്ങൾ ഏർപെടുത്താൻ തീരുമാനിച്ചത്. കർഫ്യൂ സമയത്ത് അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്കും ഒപ്പമുള്ളവർക്കും സഞ്ചരിക്കാം. വ്യവസായ ശാലകൾക്കും , കമ്പനികൾക്കും പ്രവർത്തിക്കാൻ അനുമതി നൽകും. എന്നാൽ ജീവനക്കാർ അവരുടെ ഐഡന്റിറ്റി കാർഡുകൾ കൈവശം വെക്കേണ്ടതാണ്. ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കളുടെ ജീവനക്കാർക്കും വാഹനങ്ങൾക്കും ഇളവുണ്ട്.

എല്ലാ സ്ഥലങ്ങളിലെയും വിവാഹങ്ങൾ, സമ്മേളനങ്ങൾ എന്നിവയുൾപെടെയുള്ള പൊതുപരിപാടികൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പരമാവധി 300 പേർക്ക് മാത്രമായി പരിമിതപ്പെടുത്തി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ കർശനമായ നിരീക്ഷണത്തിന് വിധേയരാക്കും.

ഫാർമസികൾ ഉൾപെടെയുള്ള മെഡികൽ, എമർജെൻസി, അവശ്യ സേവനങ്ങൾ പൂർണമായി പ്രവർത്തിക്കും. ചരക്ക് വാഹനങ്ങളുടെ സഞ്ചാരം, ഹോം ഡെലിവറി, ഇ-കൊമേഴ്സ് എന്നിവയ്ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. യാത്രാ രേഖകൾ ഹാജരാക്കിയാൽ ടാക്‌സി, ബസ്, ട്രെയിൻ, മെട്രോ ട്രെയിൻ, എയർപോർട് എന്നിവയിലേക്കുള്ള യാത്ര അനുവദിക്കും. ശനിയാഴ്ച കർണാടകയിൽ ഏഴ് പുതിയ ഓമിക്രോൺ കേസുകൾ റിപോർട് ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 38 ആയി ഉയർന്നു.