ബെംഗളൂരു: കോവിഡ് രോഗവ്യാപനം കുറവുള്ള ജില്ലകളിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങി കർണാടക. ഓഗസ്റ്റ് 23 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം രണ്ട് ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിലാണ് സ്‌കൂളുകൾ തുറക്കുക. ആദ്യ ഘട്ടമെന്നോണം ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുക. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ആരോഗ്യവിദഗ്ധരുമായി ചർച്ചനടത്തി, മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും.

രണ്ട് ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ളയിടങ്ങളിൽ സ്‌കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളിൽ പ്രവേശിക്കുന്ന മാതാപിതാക്കളും അദ്ധ്യാപകരും ജീവനക്കാരും വാക്സിനെടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പ്രതിമാസമുള്ള 65 ലക്ഷം വാക്സിനേഷൻ ഒരു കോടിയാക്കി ഉയർത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിനം സംസ്ഥാനത്ത് 1600 മുതൽ 1800 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗത്തിൽ ആരോഗ്യവിദ്ധർ മുഖ്യമന്ത്രിയോട് ആശങ്ക പങ്കുവെച്ചിരുന്നു.