ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരാജയം നേരിടുമ്പോഴെല്ലാം ഇ.വി.എമ്മിനെ കുറ്റപ്പെടുത്തി രംഗത്തെത്തുന്ന പ്രവണതയ്ക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ കാർത്തി ചിദംബരം. തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും, ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അനുഭവത്തിൽ, ഇ.വി എം സിസ്റ്റം ശക്തവും കൃത്യവും ആശ്രയയോഗ്യവുമാണ്. കാർത്തി പറഞ്ഞു.

'ഇ.വി എം സിസ്റ്റം ശക്തവും കൃത്യവും ആശ്രയയോഗ്യവുമാണ്. ഇത് എന്റെ കാഴ്ചപ്പാടാണ്. ഞാൻ അതിനൊപ്പം നിൽക്കുന്നു. രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇ.വി.എമ്മിനെക്കുറിച്ച് സംശയമുയരുന്നുണ്ട്. പ്രത്യേകിച്ചും ഫലങ്ങൾ അവർക്ക് അനുകൂലമാകാത്തപ്പോൾ. ഇതുവരെ ആരും അവരുടെ അവകാശവാദങ്ങൾ ശാസ്ത്രീയമായി അവതരിപ്പിച്ചിട്ടില്ലെന്നും കാർത്തി ചിദംബരം ട്വീറ്റിൽ പറഞ്ഞു.

2019 ലെ ബീഹാർ ഉപതെരഞ്ഞെടുപ്പിൽ ഇ.വി.എമ്മിൽ അട്ടിമറി നടക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി പറഞ്ഞതായ ഒരു വാർത്തയുടെ ലിങ്ക്
പങ്കുവെച്ച് കൊണ്ടായിരുന്നു കാർത്തി ചിദംബരം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

ഇ.വി എം ഉപയോഗിച്ച് എന്തും സാധ്യമാകുമെന്ന് ബിജെപി ബീഹാർ ഉപതെരഞ്ഞെടുപ്പിൽ തന്നെ പറഞ്ഞിരിക്കുന്നു എന്നായിരുന്നു ഇതിനൊപ്പം കാർത്തി കുറിച്ചത്. എന്നാൽ ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് തോൽക്കുമ്പോൾ ഇ.വി.എമ്മിനെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെതിരെ കാർത്തി മറ്റൊരു ട്വീറ്റ് കൂടി ഇട്ടത്.