കരുനാഗപ്പള്ളി: മഴവിൽ മനോരമയിലെ ഉടൻ പണം എന്ന പരിപാടിയിൽ പങ്കെടുത്ത് 10 ലക്ഷം രൂപ നേടിയ വൈശാഖിനെ കരുനാഗപ്പള്ളി എംഎ‍ൽഎ വീട്ടിലെത്തി കണ്ടു. മറുനാടൻ മലയാളിയിൽ വിശാഖിന്റെ ദുരിതപൂർണ്ണമായ ജീവിത കഥ വാർത്തയാക്കിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എംഎ‍ൽഎ വെളുത്ത മണലിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയത്. വിശാഖിനും അച്ഛമ്മ രത്നമ്മയ്ക്കും ചികിത്സാ സഹായം ലഭ്യമാക്കുമെന്നും സ്വന്തമായി ഒരു വീട് നിർമ്മിച്ചു നൽകാനുള്ള സഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

1996 ലാണ് വിശാഖിനെ രത്‌നമ്മയ്ക്ക് ലഭിക്കുന്നത്. ചില പ്രത്യേക സാഹചര്യത്തിൽ വിശാഖിനെ മാതാപിതാക്കൾ ഉപേക്ഷിക്കുകയും രത്‌നമ്മയും ഭർത്താവ് പുരുഷോത്തമനും ഏറ്റെടുക്കുകയുമായിരുന്നു. 3 മാസം പ്രായം മാത്രമായിരുന്നു അന്ന് വിശാഖിന്. വീട്ടു വേലയ്ക്ക് പോയാണ് രത്നമ്മ വളർത്തിയത്. ആശ്രാമം കാവടിപ്പുറം നഗറിലായിരുന്നു വീട്.

ഹയർസെക്കണ്ടറിക്ക് പഠിക്കുമ്പോഴാണ് വിശാഖിന് അസുഖത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തുടർന്ന് കൊല്ലം ബിഷപ്പ് ബെൻസിഗർ ആശുപത്രിയിലെത്തിച്ച് ചികിത്സ തുടങ്ങി. കണ്ണിനായിരുന്നു അസുഖം ബാധിച്ചത്. ഇടതു കണ്ണ് പുറത്തേക്ക് തള്ളിവരും. അവിടെ നിന്നും പിന്നീട് ഡോ.നായേഴ്‌സ് ഹോസ്പിറ്റലിലേക്കും ചികിത്സ മാറ്റി. ന്യൂറോ സംബന്ധമായ അസുഖമാണെന്നാണ് പറഞ്ഞിരുന്നത്. ഈ രണ്ടു ആശുപത്രികളിലും വിശാഖിന്റെ കഥ അറിയാവുന്നതിനാൽ സൗജന്യമായാണ് ചികിത്സ നൽകിയത്.

ഇതിനിടയിൽ രത്നമ്മയുടെ ഭർത്താവ് പുരുഷോത്തമന് അസുഖം വന്ന് ചികിത്സയ്ക്കായി ഉണ്ടായിരുന്ന കിടപ്പാടംവിൽക്കേണ്ടി വന്നു. ഇപ്പോൾ ഓർമ നശിച്ച അവസ്ഥയിലാണ്. തൊട്ടു പിന്നാലെ രത്നമ്മയ്ക്ക് ക്യാൻസർ ബാധിക്കുകയും ചെയ്തു. ആദ്യം വന്ന ക്യാൻസർ പൂർണ്ണമായും ആർ.സി.സിയിലെ ചികിത്സയിൽ ഭേദമായിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും വന്നിരിക്കുകയാണ്. നടുവിൽ മുഴയുടെ രൂപത്തിലാണ് ഇപ്പോൾ. ഇത്രയും ദുരിതത്തിനിടയിൽ മറ്റുള്ളവരുടെ സഹായത്താൽ വിശാഖിന് നല്ല വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞു. എം.എൽ.ടി പഠിച്ചതിന് ശേഷം ഒ.ടി.ടെക്‌നീഷ്യൻ കോഴ്‌സും ചെയ്തു. ഇതിനിടയിൽ അസുഖം വീണ്ടും മൂർച്ഛിച്ചപ്പോൾ നടത്തിയ വിശദമായ പരിശോധനയിൽ ആറുമാസം മുൻപ് ബ്രയിൻ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു.

വിശാഖിന്റെ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയി 25 വർഷം കഴിഞ്ഞിട്ടും ഇരുവരും തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു തവണ ചികിത്സയുടെ ആവശ്യത്തിനായി ബന്ധു വഴി പിതാവ് കുറച്ചു രൂപ നൽകിയിരുന്നു. വിശാഖിന്റെ അമ്മയ്ക്ക് രണ്ടു പെൺകുട്ടികൾകൂടിയുണ്ട്. അവർക്ക് വിശാഖിനെ അറിയാമെങ്കിലും ബന്ധപ്പെട്ടിട്ടില്ല. കൂടാതെ ക്യാൻസർ രോഗികളാണ് എന്നറിഞ്ഞതോടെ ബന്ധുക്കൾ മാറ്റി നിർത്തുകയായിരുന്നു.

എങ്കിലും രോഗാവസ്ഥയിലും കുട്ടികൾക്ക് ട്യൂഷനെടുത്തും ഹോംനേഴ്‌സായി പോയും വിശാഖ് പ്രായധിക്യത്താൽ തളർന്ന രണ്ടു മനുഷ്യജീവനുകളെ ചേർത്തു പിടിക്കുകയാണ്. വിശാഖിന് ഇപ്പോൾ രോഗം മൂർച്ഛിച്ചിരിക്കുകയാണ്. കണ്ണിൽ നിന്നും മൂക്കിൽ രക്തം വരും. മഴവിൽ മനോരമയിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് വേണം ഇനി ചികിത്സ നടത്താൻ. മറുനാടൻ ഈ കഥകൾ വാർത്തയാക്കിയതിന് പിന്നാലെയാണ് എംഎ‍ൽഎ സഹായം നൽകാമെന്നറിയിച്ച് എത്തിയത്.