തിരുവനന്തപുരം: സമ്മാനമൊന്നുമില്ലെന്ന് കരുതി കളയാനൊരുങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം. തിരുവനന്തപുരം വിഴിഞ്ഞം നിവാസിയായ സിറാജുദ്ദീനാണ് കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ നറുക്കെടുപ്പിലെ ഒന്നാംസമ്മാനമായ 80 ലക്ഷം ലഭിച്ചത് .

കഴിഞ്ഞദിവസത്തെ നറുക്കെടുപ്പ് ഫലം വന്നപ്പോഴും അയ്യായിരം രൂപ വരെയുള്ള സമ്മാനം ഇല്ലെന്ന് കണ്ട് ടിക്കറ്റ് ഉപേക്ഷിക്കാൻ ഒരുങ്ങവേയാണ് ഒന്നാം സമ്മാനം കിട്ടിയ വിവരം അറിയുന്നത്. അതേ ടിക്കറ്റ് വിറ്റയാളാണ് സിറാജിനോട് വിവരം പറഞ്ഞത്.

വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജു​ദ്ദീന് ലോട്ടറി ടിക്കറ്റെടുക്കുന്നത് ഹരമാണ്. കഴിഞ്ഞ 20-ലേറെ വർഷമായി ഇത് തുടരുന്നു. ഒന്നാം സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. പരമാവധി അയ്യായിരം രൂപവരെ സമ്മാനം കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലരാമപുരത്തെ ഹോട്ടൽ തൊഴിലാളിയാണ് സിറാജുദ്ദീൻ.