തൃശൂർ: ഇടതുപക്ഷം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ നിക്ഷേപത്തട്ടിപ്പുകൾ കരുത്തായത് ടൂറിസം മേഖലയ്ക്ക്! പാവങ്ങളുടെ പേരിൽ വായ്പ നിക്ഷേപത്തട്ടിപ്പുകളിലൂടെ സ്വരൂപിച്ച കോടിക്കണക്കിനു രൂപ ഉപയോഗിച്ചു പ്രതികൾ 9 വൻ സംരംഭങ്ങൾ നടത്തിയതായി കണ്ടെത്തി. ചിട്ടിക്കമ്പനിയും നടത്തി. ഏറെ കാലമായി ഈ തട്ടിപ്പു തുടങ്ങിയെന്ന് കമ്പനികളുടെ രേഖകൾ പരിശോധിച്ചാൽ മനസ്സിലാകുകയും ചെയ്യും.

10.49 കോടി രൂപ മുടക്കി തേക്കടി റിസോർട്‌സ് ലിമിറ്റഡ് എന്ന പേരിൽ റിസോർട്ട് ആരംഭിച്ചു. ബാങ്കിന്റെ മുൻ മാനേജർ എം.കെ. ബിജുവും കമ്മിഷൻ ഏജന്റ് ബിജോയിയും അടക്കം 8 പേർ ആയിരുന്നു ഡയറക്ടർമാർ. 50 ലക്ഷം രൂപ ചെലവിൽ ലക്‌സ്വേ ഹോട്ടൽസ് ആൻഡ് റിസോർട്‌സ് ലിമിറ്റഡ് എന്ന പേരിൽ മൂന്നാറിൽ ഹോട്ടലും നടത്തി. ബിജുവിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ പൂർണ്ണ വിവരങ്ങൾ മറുനാടന് കിട്ടി.

തൃശൂരിലെ മാടായിക്കോണം കേന്ദ്രീകരിച്ച് സിസിഎം ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 10 ലക്ഷം രൂപ മൂലധനമായും കമ്പനി നടത്തി. 98 ലക്ഷം രൂപ മൂലധനത്തിൽ പെസോ ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയും നടത്തി. പ്രതികളായ ബിജു, ബിജോയ്, ജിൽസ്, കിരൺ തുടങ്ങിയവരും ഇവരുടെ കുടുംബാംഗങ്ങളും ചേർന്നായിരുന്നു സ്ഥാപനങ്ങളുടെ നടത്തിപ്പ്. ഭരണസമിതിയിലുള്ളതും ഇവർ തന്നെ.

ബാങ്കിന്റെ സിവിൽ സ്റ്റേഷൻ എക്സ്റ്റൻഷൻ കൗണ്ടറിന്റെ മാനേജരും മുൻ സിപിഎം. ലോക്കൽ കമ്മിറ്റിയംഗവുമായ എം വി സുരേഷ് നൽകിയ പരാതിയിലാണു ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് ബാങ്കിന്റെ ഇപ്പോഴത്തെ സെക്രട്ടറി ശ്രീകല ഇരിങ്ങാലക്കുട പൊലീസിനു പരാതി നൽകി.

ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റ് റജി അനിൽ, ഇടനിലക്കാരൻ കിരൺ എന്നിവർക്കെതിരേയാണു പൊലീസ് കേസെടുത്തത്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

വായ്പയെടുക്കുന്നവർ സമർപ്പിക്കുന്ന രേഖകൾ ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. ഇത്തരത്തിലുള്ള 46 വായ്പകളുടെ തുക ഒരേ അക്കൗണ്ടിലേക്കാണു പോയതെന്നു കണ്ടെത്തി. പെരിഞ്ഞനം സ്വദേശിയായ കിരൺ എന്നയാളുടെ അക്കൗണ്ടിലേക്കു മാത്രം മറ്റുള്ളവരുടെ ആധാരം പണയംവച്ച് 23 കോടി രൂപ കൈമാറിയിട്ടുണ്ട്.

സായി ലക്ഷ്മി എന്ന സ്ത്രീയുടെ ആധാരം ഉപയോഗിച്ച് മൂന്നു കോടി രൂപയാണു വായ്പയെടുത്തത്. ഇക്കാര്യം സായി ലക്ഷ്മി അറിഞ്ഞിരുന്നില്ല. വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ തുക അവർ അറിയാതെ കൂട്ടിയെഴുതിയും തട്ടിപ്പു നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നാണു വിവരം.

450 കോടി രൂപയുടെ നിക്ഷേപമാണു ബാങ്കിലുള്ളത്. നിക്ഷേപകരിൽ കൂടുതലും കർഷകരാണ്. തട്ടിപ്പിന്റെ സൂചനകൾ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. 2019-ൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായി. പണം പിൻവലിക്കാനെത്തുന്ന നിക്ഷേപകരുമായി ജീവനക്കാരുടെ വാക്കുതർക്കവും പതിവാണ്.