തൃശ്ശൂർ: ഗൾഫിൽ 12 വർഷം പ്രിന്റിങ് പ്രസിൽ അധ്വാനിച്ചുകിട്ടിയ പണംകൊണ്ട് സായ്ലക്ഷ്മി എന്ന വീട്ടമ്മ ആഗ്രഹിച്ചത് സ്വസ്ഥ ജീവിതം. എന്നാൽ ബാങ്കിന്റെ ചതിയിൽ പെട്ട് ഇപ്പോഴുള്ളത് വലിയ കടക്കെണിയും. പൗലോസ് കണ്ടംകുളത്തിയെ പ്രതിസന്ധിയിലാക്കിയതും ഇരിങ്ങാലക്കുടയിലെ കരുവന്നൂർ സഹകരണബാങ്കിന്റെ കള്ളക്കളികൾ തന്നെ.

സായ് ലക്ഷ്മി ഇരിങ്ങാലക്കുടയ്ക്കടുത്ത് 13.45 സെന്റ് സ്ഥലം വാങ്ങിയതാണ് പ്രശ്‌നമായത്. ഗൾഫിൽ നിന്നും നാട്ടിലേക്കു മടങ്ങിയ വേളയിലാണ് വായ്പാവാഗ്ദാനവുമായി കരുവന്നൂർ സഹകരണബാങ്കിന്റെ കമ്മിഷൻ ഏജന്റ് എത്തിയത്. ഇരിങ്ങാലക്കുടയിലെ സ്ഥലം പണയപ്പെടുത്തിയാൽ 20 ലക്ഷം വരെ വായ്പ അനുവദിക്കാമെന്ന് പറഞ്ഞു. സ്വന്തമായൊരു പ്രസ് എന്ന സ്വപ്‌നവും ഇട്ടു കൊടുത്തു.

കരുവന്നൂർ ബാങ്കിൽ 10 ലക്ഷം രൂപയ്ക്കുള്ള അപേക്ഷ നൽകി. വായ്പ അനുവദിച്ചതായുള്ള ബാങ്കുകാരുടെ അറിയിപ്പ് കിട്ടി. ഒരാഴ്ചയായിട്ടും പണം എത്താതായപ്പോൾ ബാങ്കിലെത്തി അന്വേഷിച്ചു. അപ്പോൾ സംശയം തുടങ്ങി. വായ്പ വേണ്ട, പ്രമാണം തിരികെ നൽകാനാവശ്യപ്പെട്ടപ്പോൾ ഭീഷണി തുടങ്ങി. പിന്നീട് രണ്ടുവർഷത്തിനുശേഷം വീട്ടിലേക്ക് ജപ്തിനോട്ടീസ് എത്തിയപ്പോഴാണ് സായ്ലക്ഷ്മി ഞെട്ടിയത്. മൂന്നുകോടി വായ്പയെടുത്തത് തിരിച്ചടയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. സായ്ലക്ഷ്മിയുടെ സ്ഥലത്തിന്റെ ഈടുപയോഗിച്ച് ആറുപേർ 50 ലക്ഷം വീതം വായ്പയെടുത്ത് വഞ്ചിച്ചു.

തട്ടിപ്പിന്റെ ഇരകളിലൊരാളാണ് കിടപ്പാടം നഷ്ടപ്പെട്ട് മകളുടെ വീട്ടിൽ കഴിയുന്ന പൗലോസ് കണ്ടംകുളത്തി. ബിസിനസുകാരനായ പൗലോസിന് 25 ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യം ഏർപ്പെടുത്താമെന്ന വാഗ്ദാനവുമായാണ് ബാങ്കിന്റെ പ്രതിനിധികൾ സമീപിച്ചത്. ഇതിനായി ഇരിങ്ങാലക്കുട നഗരത്തിലെ എൽ.െഎ.സി. ഓഫീസിനു സമീപമുള്ള ഒന്നരക്കോടിയോളം വില വരുന്ന വീട് ഈടുനൽകി.

ഓവർഡ്രാഫ്റ്റ് എടുത്ത തുക കൃത്യമായി മടക്കി അടച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ജപ്തിനോട്ടീസ് എത്തിയത്. ബാങ്കിൽനിന്നെടുത്ത 75 ലക്ഷം പലിശസഹിതം തിരിച്ചടയ്ക്കാനായിരുന്നു ആവശ്യം. ബാങ്കിലെത്തി തിരക്കിയപ്പോഴാണ് ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ 50 ലക്ഷംകൂടി വായ്പ ഓവർഡ്രാഫ്റ്റ് രേഖകൾ ഉപയോഗപ്പെടുത്തി ആരോ എടുത്തതായി അറിഞ്ഞത്. ഇതിൽ ഉൾപ്പെട്ട ഒരു മകൾ ആറുവർഷമായി ഇന്ത്യയിലില്ലാത്ത ആളുമാണ്.

വായ്പയുടെ സ്റ്റേറ്റ്‌മെന്റ് പോലും തരാൻ ബാങ്ക് തയ്യാറല്ലാത്തതിനാൽ ഹൈക്കോടതിയിലെത്തിയാണ് ഇത് കിട്ടാനുള്ള അനുമതി പൗലോസ് നേടിയത്. ഇതറിഞ്ഞതോടെ ബാങ്ക് ജപ്തിനടപടികൾ ഊർജിതമാക്കി. ഇപ്പോൾ മകളെ വിവാഹം കഴിച്ചയച്ച വീട്ടിലാണ് പൗലോസും ഭാര്യയും. ഭാര്യ സലിൻ പൗലോസ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മുൻ എൽ.ഡി.എഫ്. കൗൺസിലറാണ്. ഇതായത് ഇടതു കുടുംബത്തെയാണ് ചതിച്ചതെന്ന് സാരം.