തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (കെ എ എസ് ജൂനിയർ ടൈം സ്‌കെയിൽ) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്സഡ്) ആയിരിക്കും. അനുവദനീയമായ ഡിഎ, എച്ച്ആർഎ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. പരിശീലന കാലയളവിൽ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ മാത്രമേ ഉണ്ടാകൂവെന്നുമാണ് തീരുമാനം.

മുൻ സർവീസിൽ നിന്നു കെ എ എസിൽ എത്തുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ (ഏതാണോ കൂടുതൽ അത്) നൽകും. പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻ സർവീസിൽ നിന്നു വിടുതൽ ചെയ്തു വരുന്ന ജീവനക്കാർക്ക് ആ തീയതിയിൽ ലഭിച്ച അടിസ്ഥാന ശമ്പളം ഇപ്പോൾ നിശ്ചയിച്ച അടിസ്ഥാന ശമ്പളത്തെക്കാൾ കൂടുതൽ ആണെങ്കിൽ കൂടുതലുള്ള ശമ്പളം അനുവദിക്കും.

പുതിയതായി നിയമനം ലഭിച്ച കെ എ എസ് ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങേണ്ട സാഹചര്യത്തിലാണ് ശമ്പളവും ആനുകൂല്യങ്ങൾ സർക്കാർ നിശ്ചയിച്ചത്. ഇവർക്കു സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ഹയർ തസ്തികയുടെ ശമ്പളം അനുവദിക്കാൻ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ ഐ എ എസ് ഉദ്യോഗസ്ഥരുടെയും മറ്റും എതിർപ്പിനെത്തുടർന്ന് പുതിയ സ്‌കെയിൽ നിശ്ചയിക്കുകയായിരുന്നു. അണ്ടർ സെക്രട്ടറി ഹയറിന്റെ ശമ്പള സ്‌കെയിൽ 95,600-1,53,200 ആണ്. അണ്ടർ സെക്രട്ടറിയുടേത് 63,700 1,23,700. ഡപ്യൂട്ടി കലക്ടർക്കും ഇതേ ശമ്പള സ്‌കെയിലാണ്. കെ എ എസ് ഉദ്യോഗസ്ഥർക്ക് ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള സ്‌കെയിലാണ് ഇപ്പോൾ അനുവദിച്ചത്.

18 മാസമാണ് പരിശീലനം. ഒരു വർഷം പ്രീ സർവീസ് പരിശീലനവും സർവീസിൽ പ്രവേശിച്ചു പ്രബേഷൻ പൂർത്തിയാക്കുന്നതിന് മുൻപ് 6 മാസത്തെ പരിശീലനവും ഉണ്ടാകും. അതിനു ശേഷം ഡിഎ, എച്ച്ആർഎ എന്നിവയ്ക്കും 10% ഗ്രേഡ് പേയ്ക്കും അർഹത ലഭിക്കും.