കാസർഗോഡ്: അഞ്ച് മാസം മുമ്പ് മലേഷ്യയിൽ അറസ്റ്റിലായ ഭർത്താവിനെ മോചിപ്പിക്കാൻ മംഗൽപാടി പഞ്ചായത്തിലെ നിരാലംബയായ സ്ത്രീ സർക്കാരിന്റെ സഹായം തേടുന്നു. കാസർഗോഡ് റെസ്റ്റോറന്റ് പാചകക്കാരനായ മധുസൂദന ഷെട്ടി (47)യാണ് ഫെബ്രുവരി 27 ന് പെനാങ് സംസ്ഥാനത്ത് നിന്ന് മലേഷ്യൻ പൊലീസിന്റെ കസ്റ്റഡിയിലായത്. എന്നാൽ ഭാര്യ ഇന്ദിരാവതി അറസ്റ്റ് അറിഞ്ഞത് ജൂൺ 11 ന് മാത്രമാണ്. അടുത്ത ദിവസം തന്നെ മധുസൂദന ഷെട്ടിക്ക് നിയമ സഹായം തേടി ഇന്ദിരാവതി വിദേശകാര്യ മന്ത്രി വി.മുരളീധരന് അപേക്ഷ നൽകി. എന്നാൽ ഇതുവരെ അവിടെ നിന്നും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.

കോലാലംപൂരിലെ ഹൈക്കമ്മീഷനിൽ നിന്നുള്ള മറുപടിക്ക് വിദേശകാര്യ മന്ത്രാലയം കാത്തിരിക്കുകയാണെന്നാണ് വി. മുരളീധരന്റെ ഓഫീസിന്റെ വിശദീകരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ഷെട്ടിയ്‌ക്കെതിരായ കേസ്. എന്നാൽ ഇത് തെറ്റിദ്ധാരണയുടെ ഭാഗമായുണ്ടായ കേസാണെന്ന് മലേഷ്യയിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അദ്ദേഹത്തിന് ശരിയായ നിയമസഹായം ലഭിച്ചില്ലെങ്കിൽ, 20 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. തന്തൂരി വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ വിദഗ്ദ്ധനായ ഷെട്ടി, കഴിഞ്ഞ രണ്ട് വർഷമായി തീരപ്രദേശമായ സെലാങ്കോറിലെ കജാങ്ങിൽ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തുവരുകയായിരുന്നു. മൂസൻ എന്റർപ്രൈസ് നടത്തുന്ന മലയാളിയും മലേഷ്യൻ പൗരനുമായ മൂസനാണ് ഷെട്ടിയെ സ്‌പോൺസർ ചെയ്തിരിക്കുത്.

ഉണ്ടായ സംഭവത്തെ പറ്റി മലേഷ്യയിലെ സുഹൃത്തുക്കൾ പറയുന്നത് ഇങ്ങനെ:

''ഈ വർഷം ഫെബ്രുവരിയിൽ ഒരു സുഹൃത്ത് ഷെലാങ്കോറിന് 380 കിലോമീറ്റർ വടക്കായി മറ്റൊരു തീരദേശ സംസ്ഥാനമായ പെനാങ്ങിൽ ഒരു റെസ്റ്റോറന്റ് തുറന്നിരുന്നു. അവിടെ പാചകക്കാരെ പരിശീലിപ്പിക്കാൻ ഷെട്ടിയെ ക്ഷണിച്ചിരുന്നു. ഫെബ്രുവരി 27 -നാണ് റെസ്റ്റോറന്റ് തുറന്നത്. പിറ്റേന്ന് അദ്ദേഹം സെലാങ്കോറിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനു ശേഷം ഷെട്ടി തന്റെ സുഹൃത്തുക്കളുമായി വൈകുന്നേരം വരെ പങ്കാളിയായി.

രാത്രി 10 മണിയോടെ അദ്ദേഹം ഒറ്റയ്ക്ക് ബീച്ചിലേക്ക് പോയി. കോവിഡ് കാരണം അത് ഒരു ഓഫ്-ബൗണ്ട് ഏരിയ ആയിരുന്നു. ആ സമയത്ത്, കടൽത്തീരത്ത് കളിച്ചുകൊണ്ടിരുന്ന ഒരു എട്ടുവയസ്സുകാരി താഴെ വീണു. രക്ഷിക്കാനായി ഓടിയെത്തിയ ഷെട്ടി പെൺകുട്ടിയെ എടുക്കുകയും അവളുടെ വസ്ത്രങ്ങളിൽ നിന്ന് മണൽ പൊടികൾ തട്ടിക്കളയുകയുമായിരുന്നെന്ന് ഞങ്ങളോട് പറയുകയുണ്ടായി, കുട്ടിയുടെ മാതാപിതാക്കൾ എത്തിയപ്പോൾ അയാൾ അവളെ ഉപദ്രവിക്കുന്നുവെന്ന് കരുതിയതാണ്.''

മലയയിൽ പ്രാവീണ്യമില്ലാത്ത ഷെട്ടിക്കും സ്വയം വിശദീകരിക്കാൻ കഴിയാതെ വന്നതോടെ പൊലീസിനെ വിളിച്ചുവരുത്തി. പിന്നീട്, വീഡിയോ കോൾ വഴി കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനാൽ അദ്ദേഹത്തെ ഒരു തടങ്കൽപ്പാളയത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതായി അദ്ദേഹത്തിന്റെ സ്‌പോൺസർ മൂസനോട് പറഞ്ഞു. ഷെട്ടിക്കും കോവിഡ് ബാധിച്ചു. 'ഇപ്പോൾ അവൻ എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല. അവന് ഒരു നല്ല അഭിഭാഷകനെ ആവശ്യമായി വരും'' കൂട്ടുകാർ പറയുന്നു.

ബീച്ചിൽ നല്ല വെളിച്ചമുണ്ടെന്നും നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നെന്നും അവർ പറയുന്നു. ''കുറ്റം ചുമത്തുന്നതിനുമുമ്പ് പൊലീസിന് ദൃശ്യങ്ങൾ പരിശോധിക്കാമായിരുന്നു. ഇപ്പോൾ ഒരു നല്ല അഭിഭാഷകന് മാത്രമേ അവനെ ഉടൻ പുറത്തിറക്കാനാകൂ'' സുഹൃത്തുക്കൾ അറിയിച്ചു. ഷെട്ടിയെ രക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് ഷെട്ടിയുടെ ഭാര്യ ഇന്ദിരാവതി പറഞ്ഞു. ''രണ്ട് കുട്ടികളും പ്രായമായ രോഗികളായ മാതാപിതാക്കളും അദ്ദേഹത്തെ മാത്രം ആശ്രയിക്കുന്നവരാണ്'' ഇന്ദിരാവതി കൂട്ടിച്ചേർത്തു. മന്ത്രിക്ക് കത്തെഴുതി വിദേശകാര്യ മന്ത്രാലയത്തിന്റെ കാരുണ്യം കാത്തിരിക്കുകയാണ് ഇന്ദിരാവതിയും കുടുംബവും.