കാസർകോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് പ്രത്യേക ആശുപത്രിയുടെ നിർമ്മാണം കാസർകോട് പൂർത്തിയായി. 51200 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആശുപത്രി സജ്ജമായത്. കാസർകോട് ആരോഗ്യ മേഖലയുടെ കരുത്തായി ഈ ആശുപത്രി മാറും. ദീർഘകാലമായി ആരോഗ്യ മേഖല മെച്ചപ്പെടുത്തണമെന്ന കാസർകോട്ടുകാരുടെ ആവശ്യത്തിനും ഇതോടെ പരിഹാരമായിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പാണ് ആശുപത്രി നിർമ്മിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് സംസ്ഥാന സർക്കാരിന് കൈമാറും. നിർമ്മാണം പൂർത്തിയായതായി ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഇനി ആശുപത്രി പരിശോധിക്കാനാണ് ഉള്ളത്. ഇതിനായി എഡിഎമ്മും മരാമത്ത് കെട്ടിട്ട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന സമിതിയെത്തും. ഇവരെ കളക്ടർ നിയോഗിച്ചിട്ടുണ്ട്. അതേസമയം ആശുപത്രി സർക്കാരിന് കൈമാറിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന.

അഞ്ചേക്കർ സ്ഥലത്താണ് 51,200 ചതുരശ്ര അടി വിസ്തീർണത്തിൽ സംസ്ഥാനത്തെ ആദ്യ കോവിഡ് പ്രത്യേക ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്. കൈമാറിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. അതിനു ശേഷം കോവിഡ‍് രോഗികളെ പാർപ്പിക്കാൻ തുടങ്ങും. കോവിഡ് പ്രത്യേക ആശുപത്രി ഒരുക്കങ്ങൾ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ആശുപത്രിയിൽ 541 കിടക്കകളാണുള്ളത്. ക്വാറന്റീനിൽ കഴിയുന്നവർക്ക് 5 കിടക്കകളും രോഗികൾക്ക് 3 കിടക്കകളും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കായി ഒരു കിടക്കയും വീതമുള്ള യൂണിറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

40 അടി നീളവും 10 അടി വീതവുമുള്ളതാണ് ഒരു യൂണിറ്റ്. ‌എസി, ഫാൻ സൗകര്യങ്ങളുണ്ട്. സ്ഥലം നിരപ്പല്ലാത്തതിനാൽ അടുത്തടുത്ത് 3 മേഖലകളാക്കി തിരിച്ചാണ് യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. 3 മേഖലകളെയും ബന്ധിപ്പിച്ച് മെക്കാഡം റോ‍ഡും യൂണിറ്റുകളെ ബന്ധിപ്പിച്ച് പ്രത്യേക ഇടനാഴികളുമുണ്ട്. കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം വർധിച്ചപ്പോഴാണ്, ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ആശുപത്രി സംസ്ഥാന സർക്കാർ ജില്ലയ്ക്ക് അനുവദിച്ചത്. 60 കോടി രൂപയാണ് ആശുപത്രിക്കായി ടാറ്റ ഗ്രൂപ്പ് ചെലവഴിച്ചത്.

കേരളത്തിലെ പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുന്ന സമയത്താണ് കാസർകോട്ട് പ്രത്യേക കോവിഡ് ആശുപത്രി സജ്ജമാകുന്നത്. കേരളത്തിൽ ഇന്നലെ 2154 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 304 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 231 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 223 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 195 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 159 പേർക്കും, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള 151 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 112 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 92 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 45 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 35 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 13 പേർക്കുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.

7 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതൻദാസ് (49), കണ്ണൂർ കോട്ടയം മലബാർ സ്വദേശി ആനന്ദൻ (64), ഓഗസ്റ്റ് 24ന് മരണമടഞ്ഞ കണ്ണൂർ ഇരിട്ടി സ്വദേശി അന്നാമ്മ (90), ഓഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പാലയ്യൻ (64), തൃശൂർ അവിനിശേരി സ്വദേശി അമ്മിണി (63), ഓഗസ്റ്റ് 17ന് മരണമടഞ്ഞ കാസർഗോഡ് ചന്ദ്രഗിരി സ്വദേശി സുബൈർ മുഹമ്മദ് കുഞ്ഞി (40), ഓഗസ്റ്റ് 23ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ചന്ദ്രൻ (66) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 287 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 110 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1962 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 174 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 305 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 292 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 212 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 202 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 184 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 142 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 139 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 107 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 90 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 88 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 7 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

33 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11, കണ്ണൂർ ജില്ലയിലെ 9, കാസർഗോഡ് ജില്ലയിലെ 4, കൊല്ലം, മലപ്പുറം ജില്ലകളിലെ 3 വീതവും, തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,99,468 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,79,982 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,486 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2378 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.