കാസർഗോഡ്: കാസർഗോഡ് ഗവൺമെന്റ് കോളേജ് അദ്ധ്യാപികക്കെതിരെ പരാതിയുമയി വിദ്യാർത്ഥി. മയക്കുമരുന്നു കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കോളേജിലെ പ്രിൻസിപ്പാൾ എം. രമ തന്നെ കൊണ്ട് കാല് പിടിപ്പിച്ചതെന്ന് വിദ്യാർത്ഥി മുഹമ്മദ് സനദ് ആരോപിച്ചു. താൻ കാല് പിടിച്ചതല്ല, നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. ഭയം കൊണ്ടാണ് മാധ്യമങ്ങളുടെ മുന്നിൽ ഇതുവരെ വരാതിരുന്നതെന്നും സനദ് പറയുന്നു.

'കോളേജിൽ ഇനി തുടർന്ന് പഠിക്കണമെന്നുണ്ടെങ്കിൽ നീ എന്റെ കാല് പിടിക്കണമെന്ന് മാം പറഞ്ഞു. നീ മയക്കുമരുന്നു ഉപയോഗിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ട് ഞാൻ ഒരു തവണ കാല് പിടിച്ചു. അപ്പോൾ ഇത് പോര രണ്ട് കൈ കൊണ്ട് കാല് പിടിക്കണമെന്ന് പറഞ്ഞു. അപ്പോഴാണ് നിലത്ത് മടിഞ്ഞ് രണ്ട് കൈ കൊണ്ടും കാല് പിടിച്ചത്. അപ്പോഴും ഇങ്ങനെയല്ല മൂന്ന് പ്രാവശ്യം പിടിക്കണെമെന്ന് പറഞ്ഞു. അപ്പോഴും നിർബന്ധിതനായി മൂന്ന് പ്രാവശ്യം കാല് പിടിച്ചു,' സനദ് ആരോപിച്ചു.

'നിന്നെ ഇവിടുന്ന് പുറത്താക്കും നിനക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. ആരാണ് ഈ പരാതി തരുന്നതെന്ന് ചോദിച്ചപ്പോൾ പരാതി കിട്ടിയിട്ടുണ്ട്. നിനക്കെന്നെ വിശ്വാസമില്ലേയെന്നാണ് ചോദിച്ചത്. ബന്ധുക്കളും സംഘടനാ നേതാക്കളും കോളേജ് അധികൃതരെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. കോൾ ലിസ്റ്റ് പരിശോധിച്ചാൽ ഇത് വ്യക്തമാകും. സി.സി.ടി.വി തകാരാറിലാണെന്ന് പറഞ്ഞത് തെറ്റാണ്. ഇതിലെ ദൃശ്യങ്ങൾ പുറത്തുകൊണ്ട് വരണം,' സനദ് ആവശ്യപ്പെട്ടു.

കോളേജ് അധികൃതർ വർഗീയ ചേരിതിരിവിനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് എം.എസ്.എഫ് അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തിന് പ്രിൻസിപ്പാൾ തടസം സൃഷ്ടിച്ചെന്ന് ആരോപിച്ച എസ്.എഫ്.ഐ ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാസർഗോഡ് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാൾ എം. രമ വിദ്യാർത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഫോട്ടോ സഹിതം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച് സനദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാർത്ഥി തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും അതിൽ പരാതി നൽകാൻ തുനിഞ്ഞപ്പോൾ ഓഫീസിലെത്തി സ്വമേധയാ തന്റെ കാല് പിടിക്കുകയാണെന്നാണ് അദ്ധ്യാപിക വിശദീകരിച്ചത്.

കഴിഞ്ഞ മാസം 18 ന് നടന്ന സംഭവത്തിൽ പി.കെ. നവാസ് വാർത്ത സമ്മേളനം വിളിച്ച് ചേർത്തതിന് ശേഷം കോളേജ് അധികൃതർ വിദ്യാർത്ഥിക്കതെിരെ പരാതി നൽകി. തുടർന്ന് വിദ്യാർത്ഥിക്കെതിരെ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.